ബോളിവുഡ് താരവും ടെലിവിഷൻ വ്യക്തിത്വവുമായ രാഖി സാവന്തിന് 2010-ലെ ആത്മഹത്യാ പ്രേരണക്കേസിൽ ആശ്വാസം. കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇവർക്കെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തർപ്രദേശിലെ ഝാൻസിയിലെ കോടതി റദ്ദാക്കി. 'രാഖി കാ ഇൻസാഫ്' എന്ന ടെലിവിഷൻ ഷോയിൽ നടത്തിയ പരാമർശങ്ങളുമായി ബന്ധമുള്ളതാണ് ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ കേസ്. കേസിന്റെ അടുത്ത വാദം ഡിസംബർ ഒന്നിന് നിശ്ചയിച്ചിട്ടുണ്ട്.

To advertise here,

24-കാരന്റെ

ആത്മഹത്യാ പ്രേരണക്കേസിൽ രാഖിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടാണ് വ്യാഴാഴ്ച റദ്ദാക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഝാൻസിയിലെ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വാറണ്ട് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 16-നാണ് രാഖിക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് അയച്ചിരുന്നത്. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) അഞ്ജലി വാറണ്ട് പുറപ്പെടുവിച്ചതെന്ന് ജില്ലാ ഗവൺമെന്റ് കൗൺസൽ (ക്രൈം) മൃദുൽ കാന്ത് ശ്രീവാസ്തവ പറഞ്ഞു. ഇതിനെതിരെ അവരുടെ അഭിഭാഷകനായ അഷു സിംഗ് അപേക്ഷ സമർപ്പിക്കുകയും കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കുകയുമായിരുന്നു. 2011 ഡിസംബർ 7-നായിരുന്നു ഹൈക്കോടതി ഈ കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.

2010 നവംബർ 10-ന് ഝാൻസിയിലെ ഹൻസാരി സ്വദേശിയായ ലക്ഷ്മൺ അഹിർവാർ (24) എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഖി സാവന്തിനെതിരെ കേസെടുത്തത്. 'രാഖി കാ ഇൻസാഫ്' എന്ന ടിവി ഷോയിൽ വെച്ച് രാഖി നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പ്രേം നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, രാജ്ഗഡ് സ്വദേശിയായ അനിത എന്ന യുവതിയുമായുള്ള ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ലക്ഷ്മൺ രാഖി അവതാരകയായ റിയാലിറ്റി ഷോയിലേക്ക് ക്ഷണിക്കപ്പെട്ടത്. ദമ്പതികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് അനിത സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഹൈക്കോടതി നിലവിലുണ്ടാക്കിയ സ്റ്റേ ഉത്തരവ് മുൻനിർത്തി പ്രതിഭാഗം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഝാൻസി ഫാസ്റ്റ് ട്രാക്ക് കോടതി അറസ്റ്റ് വാറന്റ് റദ്ദാക്കിയത്. നടൻ ഗോവിന്ദയുമായുള്ള തർക്കത്തിൽ ഭാര്യ സുനിത അഹൂജയുടെ പക്ഷം പിടിച്ചതിന്റെ പേരിൽ രാഖി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.