കരിയറിന്റെ തുടക്കകാലത്തെ കടുത്ത പ്രതിസന്ധികളെക്കുറിച്ചും ചർച്ചയ്ക്കിടെ ആമിർ ഖാൻ തുറന്നുപറഞ്ഞു.

തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി കണ്ണീരണിഞ്ഞ് ബോളിവുഡ് താരം ആമിർ ഖാൻ. സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് സംഭവം. സിനിമയിലെ കഠിനാധ്വാനവും വിജയവും പിന്തുടരുന്നതിനിടയിൽ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട സമയം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. സംസാരിക്കുന്നതിനിടയിൽ വികാരഭരിതനായ അദ്ദേഹം പ്രേക്ഷകരോട് ക്ഷമാപണം നടത്തിയപ്പോൾ സദസ്സിൽ നിന്ന് വലിയ കൈയടിയാണ് ലഭിച്ചത്.
മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ പ്രൊഫഷണൽ സമ്മർദങ്ങൾ തന്റെ വ്യക്തിബന്ധങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം പങ്കുവെച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്താണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള വലിയൊരു തിരിച്ചറിവ് ഉണ്ടായതെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. കഴിഞ്ഞ 30 വർഷമായി ജോലിയിൽമാത്രം മുഴുകിയിരിക്കുകയായിരുന്നുവെന്നും, അതിനിടയിൽ കുട്ടികൾ വളർന്ന് മുതിർന്നവരായതും വ്യക്തിബന്ധങ്ങൾ അകന്നതും താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കഠിനാധ്വാനം ഏതാനും വർഷങ്ങൾ നല്ലതാണെങ്കിലും 30 വർഷത്തോളം തുടരുന്നത് വലിയൊരു നഷ്ടബോധം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ആ തിരിച്ചറിവ് തന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തി. കഴിഞ്ഞ നാലുവർഷമായി തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുംവേണ്ടി ബോധപൂർവ്വം സമയം കണ്ടെത്താൻ തുടങ്ങിയതായി ആമിർ പറഞ്ഞു. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ജോലിക്കായി മാത്രം വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. തിരിഞ്ഞുനോക്കുമ്പോൾ, കാര്യങ്ങൾ മാറ്റിയെടുക്കാൻ ഇനിയും സമയം അനുവദിക്കുന്ന തരത്തിലാണ് ആ തിരിച്ചറിവ് തനിക്ക് ലഭിച്ചതെന്നോർത്ത് അദ്ദേഹം നന്ദി പറഞ്ഞു. "86 വയസ്സുള്ളപ്പോഴല്ല, മറിച്ച് 56 വയസ്സുള്ളപ്പോഴാണ് ഈ ചിന്ത ഉണ്ടായത് എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അല്ലാത്തപക്ഷം അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ വളരെ വൈകിപ്പോയേനെ," അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പൂർണതയിലെത്തുന്നതു വരെ അദ്ദേഹം വിവാഹം കഴിച്ചുകൊണ്ടിരിക്കും’- അന്ന് ആമിറിനെ കുറിച്ച് സൽമാൻ പറഞ്ഞു
കരിയറിന്റെ തുടക്കകാലത്തെ കടുത്ത പ്രതിസന്ധികളെക്കുറിച്ചും ചർച്ചയ്ക്കിടെ ആമിർ ഖാൻ തുറന്നുപറഞ്ഞു. 1988-ൽ പുറത്തിറങ്ങിയ ഖയാമത് സേ ഖയാമത് തക് എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിനുശേഷം ആറു മാസത്തിനുള്ളിൽ ഒൻപത് സിനിമകളിൽ ഒപ്പുവെച്ചു. എന്നാൽ തുടർന്നുവന്ന സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ താൻ ഒരൊറ്റ സിനിമ കൊണ്ടുമാത്രം ശ്രദ്ധിക്കപ്പെട്ട ആളായി ഒതുങ്ങിപ്പോകുമോ എന്ന് ഭയന്നു. പരാജയങ്ങളുടെ ആഘാതത്തിൽ അന്ന് ഭാര്യയായിരുന്ന റീനയുടെ അടുത്ത് വന്ന് താൻ കരഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാനസികമായും വൈകാരികമായും കയത്തിൽ താഴേക്ക് പോകുന്നതുപോലെയാണ് അന്ന് അനുഭവപ്പെട്ടതെന്നും അദ്ദേഹം ഓർത്തെടുത്തു.
ചടങ്ങിൽ വെച്ച് ഹോങ്കോങ് ചലച്ചിത്ര നിർമ്മാതാവായ പീറ്റർ ചാൻ ഹോ-സൺ ആമിർ ഖാന് 'സ്ക്രീൻ ഐക്കൺ അവാർഡ്' സമ്മാനിച്ചു. സിംഗപ്പൂർ കോമേഡിയൻ ഋഷി ബുധ്റാനി മോഡറേറ്റ് ചെയ്ത സംവാദത്തിൽ ആമിർ ഖാൻ തന്റെ ജീവിതത്തെയും സിനിമാ വഴികളെയും കുറിച്ച് സംസാരിച്ചു. ഒൻപത് വർഷങ്ങൾക്കുശേഷം സിംഗപ്പൂർ ചലച്ചിത്രമേളയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, മുൻപ് 'സീക്രട്ട് സൂപ്പർസ്റ്റാർ' എന്ന ചിത്രം അവിടെ അവതരിപ്പിച്ചിരുന്നു. ആമിറിന്റെ നിർമ്മാണ അരങ്ങേറ്റ ചിത്രമായ 'ലഗാൻ' റിലീസ് ചെയ്ത് 25 വർഷം തികയുന്ന വേളയിലെ പ്രത്യേക പ്രദർശനവും ഈ മേളയുടെ ആകർഷണമായിരുന്നു.
Content Highlights: Aamir Khan became emotional while discussing the impact of his career on his personal life, revealing that professional pressures affected his relationships and led to a significant realization during the COVID-19 pandemic about the importance of family time.
Published: 23 Oct 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented