വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രനേട്ടമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയുടേത്. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് മന്ദാന മറികടന്നത്. ടീമിൻ്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്മൃതി മന്ദാനയുടെ കാമുകൻ പലാശ് മുഛല്‍.

To advertise here,

ലോകകപ്പ് വിജയത്തിന് ശേഷം സ്റ്റേഡിയത്തിനുള്ളിൽ വെച്ചുള്ള ഇരുവരുടെയും ചിത്രവും സംഗീത സംവിധായകനായ പലാശ് പങ്കുവെച്ചു. 'ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ?' എന്ന അടിക്കുറിപ്പും പോസ്റ്റിലുണ്ട്.

ഈ അടുത്ത് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളും പുറത്തു വന്നിരുന്നു. സ്മൃതി ഉടന്‍തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്നായിരുന്നു പലാഷ് മുഛല്‍ സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

'അവള്‍ ഉടന്‍ തന്നെ ഇന്ദോറിന്റെ മരുമകളാകും... അത്രയേ എനിക്ക് പറയാനുള്ളൂ' എന്നാണ് പുഞ്ചിരിച്ചുകൊണ്ട് പലാഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ദോര്‍ സ്വദേശിയാണ് പലാഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യമായി അന്നാണ് സ്ഥിരീകരിക്കുന്നത്.

ഇരുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. പലാഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്മൃതി നേരത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചിരുന്നു.

ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയപ്പോള്‍ സ്മൃതിയെ അഭിനന്ദിക്കാന്‍ പലാഷും സ്റ്റേഡിയത്തിലെത്തിയിരുന്നു, സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

‘സ്മൃതിപലാഷ്’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.

പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.