ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ നിലപാടുകൾ കൊണ്ടും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടും ശ്രദ്ധേയയായ നടിയാണ് ഷർമിള ടാഗോർ. അറുപതുകളിൽ ബിക്കിനി അണിഞ്ഞ് മാസികകളുടെ കവർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് മുതൽ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വരെ അവർ സ്വന്തം തീരുമാനങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകിയിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും പട്ടൗഡിയിലെ നവാബുമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുമായുള്ള (ടൈഗർ പട്ടൗഡി) ഷർമിളയുടെ പ്രണയവും 1968-ലെ മിശ്രവിവാഹവും അക്കാലത്തെ വലിയ വാർത്തകളിലൊന്നായിരുന്നു. വിവാഹത്തിന് മുന്നോടിയായി ഷർമിള ടാഗോർ ഇസ്ലാം മതം സ്വീകരിക്കുകയും 'ആയിഷ' എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

To advertise here,

വിവാഹം കഴിഞ്ഞ് ദശാബ്ദങ്ങൾക്ക് ശേഷം, ഷർമിള ടാഗോർ മതം മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് മകളും ഫാഷൻ ഡിസൈനറുമായ സബ അലി ഖാൻ പട്ടൗഡി. 'അന്നത്തെ കാലത്ത് അത്തരം ഒരു മതംമാറ്റം നിയമപരമായും കുടുംബപരമായും അത്യാവശ്യമായിരുന്നു. കുട്ടികളുടെ ജനനത്തിനും വിവാഹത്തിനും നിയമപരമായ സാധുത ലഭിക്കുന്നതിനാണ് അമ്മ മതം മാറിയത്. അത് ചെയ്യണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നായിരുന്നില്ല, മറിച്ച് ഒരു അത്യാവശ്യമായിരുന്നു.' സബ പറയുന്നു.

പട്ടൗഡി കുടുംബത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇതിൽ വലിയ പങ്കുവഹിച്ചതായി സബ വെളിപ്പെടുത്തി.'എന്റെ മുത്തശ്ശി (മൻസൂർ അലി ഖാന്റെ അമ്മ) ഒരു തരത്തിലും ഇതിന് സമ്മതിക്കുമായിരുന്നില്ല. ആ കുടുംബത്തിന്റെ പരമ്പരാഗത ചട്ടക്കൂടിൽ മാറ്റം അത്യാവശ്യമായിരുന്നു.' മതം മാറിയെങ്കിലും തന്റെ അമ്മയുടെ സിനിമാ ജീവിതത്തിനോ വ്യക്തിത്വത്തിനോ അത് യാതൊരുവിധ കോട്ടവും തട്ടിയില്ലെന്ന് സബ ചൂണ്ടിക്കാണിക്കുന്നു. പാസ്പോർട്ടിലോ മറ്റ് ഔദ്യോഗിക രേഖകളിലോ പേര് മാറ്റണമെന്ന് പിതാവോ അദ്ദേഹത്തിന്റെ കുടുംബമോ ഒരിക്കലും ഷർമിളയോട് ആവശ്യപ്പെട്ടിരുന്നില്ല. 'ഷർമിള ടാഗോർ' എന്ന പേരിൽത്തന്നെയാണ് അവർ സിനിമാ രംഗത്തും പൊതുസമൂഹത്തിലും തുടർന്നും അറിയപ്പെട്ടത്.

മിശ്രവിവാഹമായതിനാൽ അക്കാലത്ത് വലിയ രീതിയിലുള്ള എതിർപ്പുകളും വധഭീഷണികളും ഇരുവരും നേരിടേണ്ടി വന്നിരുന്ന വാർത്താ മാധ്യമങ്ങൾക്ക് നൽകിയ പഴയ അഭിമുഖങ്ങളിൽ, വിവാഹസമയത്ത് തങ്ങൾക്ക് ഭീഷണി ടെലഗ്രാമുകൾ ലഭിച്ചിരുന്നതായി ഷർമിള തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വെടിയുണ്ടകൾ സംസാരിക്കും എന്ന തരത്തിലുള്ള ഭീഷണികൾ വരെ ഉയർന്നുവന്നിട്ടും, എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ് ഇരുവരും ഒന്നായത്. 2011-ൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് മൻസൂർ അലി ഖാൻ പട്ടൗഡി അന്തരിക്കുന്നത്. 70 വയസ്സായിരുന്നു പ്രായം. സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിവരാണ് മക്കൾ.