വായുമലിനീകരണം നമ്മുടെ ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമാണ് ബാധിക്കുന്നതെന്ന ധാരണ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മഞ്ഞുകാലത്ത് നഗരങ്ങളിൽ പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമാകുമ്പോൾ, ഏറ്റവും കൂടുതൽ പ്രശ്‌നം അനുഭവിക്കുന്നത് ശരീരത്തിന്റെ പ്രകൃതിദത്ത സംരക്ഷണ കവചമായ ചർമമാണ്. നഗരങ്ങളിലെ വായുവിൽ അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ കണങ്ങൾ, നൈട്രജൻ ഡയോക്‌സൈഡ്, ഓസോൺ തുടങ്ങിയ രാസവസ്തുക്കൾ ചർമത്തിലെ എണ്ണമയവുമായി ചേർന്ന് കോശങ്ങളെ നശിപ്പിക്കുന്നു.

To advertise here,

മലിനീകരണം ചർമത്തിലെ ഫ്രീ റാഡിക്കലുകൾ വർധിപ്പിക്കുന്നു. ചർമത്തിലെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകൾക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകുന്നു. ഇത് കോശഘടനകളെ തകർക്കുകയും ചർമത്തിന്റെ അയവില്ലാതാക്കുകയും ചെയ്യുന്നു. ചർമത്തിന്റെ ആർദ്രതയും ഈർപ്പവും നിലനിർത്തുന്ന കവചം മലിനീകരണം മൂലം തകരുന്നു. ഇതോടെ നിർജ്ജലീകരണവും അലർജിയും ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.

തണുപ്പുകാലത്തെ മലിനീകരണം ചർമത്തിൽ നിരന്തരമായ ചൊറിച്ചിലിനും തടിപ്പിനും കാരണമാകും. മുഖക്കുരു, റോസേഷ്യ (Rosacea), അറ്റോപ്പിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഇത് കൂടുതൽ ദോഷകരമാണ്. ഇതിനുപുറമെ, മാനസിക സമ്മർദ്ദം വരുമ്പോൾ ശരീരത്തിലുണ്ടാകുന്ന കോർട്ടിസോൾ ഹോർമോൺ ചർമത്തിന്റെ ഈർപ്പത്തെയും എണ്ണമയത്തെയും തകിടം മറിക്കുന്നു. മലിനീകരണവും മാനസിക സമ്മർദ്ദവും ഒന്നിച്ച് ചേരുമ്പോൾ ചർമത്തിന് ഇരട്ടി ആഘാതമാണ് ഉണ്ടാകുന്നത്.

ചർമത്തെ സംരക്ഷിക്കാൻ 5 ലളിതമായ വഴികൾ

  • വീടുകളിൽ തിരിച്ചെത്തിയ ഉടൻ ചർമത്തിലെ ഈർപ്പം നഷ്ടപ്പെടുത്താത്ത വീര്യം കുറഞ്ഞ ക്ലെൻസറുകൾ ഉപയോഗിച്ച് മലിനീകരണ കണങ്ങൾ കഴുകിക്കളയുക.
  • വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ സീറങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കും.
  • മലിനീകരണവും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും ചേർന്നുണ്ടാക്കുന്ന നാശം തടയാൻ ബ്രോഡ്-സ്‌പെക്ട്രം സൺസ്‌ക്രീൻ ദിവസവും ഉപയോഗിക്കുക.
  • സെറാമൈഡുകളും ഹൈലൂറോണിക് ആസിഡും അടങ്ങിയ മോയ്‌സ്ചറൈസറുകൾ ചർമത്തിന്റെ കവചം പുനഃസ്ഥാപിക്കാൻ സഹായിക്കും.
  • ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കം ഉറപ്പാക്കുക, മലിനീകരണം രൂക്ഷമായ സമയങ്ങളിൽ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
  •