ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് പ്രിയങ്ക അണിഞ്ഞ ഡിസൈനർ വസ്ത്രം ഫാഷൻ പ്രേമികളെ ചില്ലറയൊന്നുമല്ല ആവേശത്തിലാക്കിയത്. ഭാരതീയ വസ്ത്രത്തിന് നൽകിയ അത്യാധുനിക മേക്കോവറായാണ് പലരും വസ്ത്രത്തെ വിലയിരുത്തിയത്. ഭാരതീയ പാരമ്പര്യ തയ്യൽ കലകളുടെയും വാസ്തുവിദ്യയുടെയും ആധുനിക ഫാഷൻ സങ്കല്പങ്ങളുടെയും മനോഹരമായ ഒരു ബ്ലെൻഡായിരുന്നു ആ വസ്ത്രം. ഡിസൈനർ കരൺ തൊറാനി രൂപകല്പന ചെയ്ത ഗൗൺ, 2200-ലധികം മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് തയ്യൽ വിദഗ്ധർ നെയ്‌തെടുത്തത്. 

To advertise here,

ഒരു വസ്ത്രത്തെ കേവലം തയ്യൽ പണികൾക്കപ്പുറം ഒരു വാസ്തുവിദ്യാ കാവ്യമാക്കി മാറ്റാൻ സാധിക്കുമെന്ന് കരൺ തൊറാനി തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കൊട്ടാരങ്ങളിലെയും കോട്ടകളിലെയും വാസ്തുവിദ്യാ ശൈലികളിൽ നിന്നാണ് ഈ ഗൗണിന്റെ രൂപകല്പന ജന്മമെടുത്തത്. രാജസ്ഥാനിലെയും ഉത്തരേന്ത്യയിലെയും രാജകീയ കൊട്ടാരങ്ങളിൽ കാണപ്പെടുന്ന 'ജറോഖകൾ' അഥവാ അലങ്കരിച്ച ജനലുകളും, വിശാലമായ തിരുമുറ്റങ്ങളിലേക്ക് തുറക്കുന്ന കോട്ടകളുടെ ആർച്ചുകളുമാണ് ഈ വസ്ത്രത്തിന്റെ പ്രധാന സങ്കൽപ്പം.

ചുവപ്പ് നിറത്തിലുള്ള സിൽക്ക് തുണിയിലാണ് ഈ ഓഫ്-ഷോൾഡർ ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. ഭാരതീയ പാരമ്പര്യത്തിൽ മംഗളകരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കുങ്കുമത്തിന്റെയും സിന്ദൂരത്തിന്റെയും പ്രതീകമാണ് ഈ വർണ്ണം.ഗൗണിന്റെ വിസ്തൃതമായ ഭാഗങ്ങളിൽ പരമ്പരാഗത രീതിയിൽ പക്ഷികൾ, പൂക്കൾ, ശാഖകൾ എന്നിവ ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിയിലേക്ക് നോക്കുന്ന അനുഭൂതിയാണ് ഇത് സമ്മാനിക്കുന്നത്.

കൈകൊണ്ടുള്ള പരമ്പരാഗത തയ്യൽ രീതികൾക്ക് പകരം വെക്കാൻ മറ്റൊന്നില്ലെന്ന് ഈ ഗൗൺ തെളിയിക്കുന്നു. 2200-ലധികം മണിക്കൂറുകൾ നീണ്ട നിരന്തരമായ പരിശ്രമത്തിലൂടെയാണ് കരകൗശല വിദഗ്ധർ ഈ വസ്ത്രം പൂർത്തിയാക്കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർദോസി, മരോഡി, മിറർ വർക്ക്, സിന്ധി പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ കവടികളും മുത്തുകളും തുടങ്ങിയ തയ്യൽ ശൈലികൾ ഇതിൽ ഒന്നിപ്പിച്ചിരിക്കുന്നു.

കാശ്മീരിലെ താഴ്വരകളിൽ നിന്ന് ഉടലെടുത്ത സവിശേഷമായ തയ്യൽ രീതിയാണ് കശ്മീരി ആരി വർക്ക്. ആരി എന്ന് വിളിക്കുന്ന പ്രത്യേകതരം കൊളുത്തുപോലെയുള്ള സൂചി ഉപയോഗിച്ച് തുടർച്ചയായ

ചെയിൻ സ്റ്റിച്ച് ഉണ്ടാക്കുന്ന ശൈലിയാണിത്. ഗൗണിലെ പൂക്കളുടെയും വള്ളികളുടെയും പത്രങ്ങളുടെയും മൃദുവായ വശങ്ങൾ ചിത്രീകരിക്കാൻ ഈ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. മുഗൾ കാലഘട്ടം മുതൽ ഭാരതത്തിൽ പ്രചാരത്തിലുള്ള രാജകീയ തയ്യൽ രീതിയാണ് സർദോസി. സ്വർണ്ണ-വെള്ളി നിറത്തിലുള്ള ലോഹ നൂലുകൾ ഉപയോഗിച്ച് തുണിക്ക് മുകളിൽ കൊത്തിയെടുക്കുന്ന രീതിയിലുള്ള കനത്ത തയ്യൽ പണിയാണിത്.

ഇതിനോടൊപ്പം ലോഹ നൂലുകൾ വളച്ചുവെച്ച് അരികുകൾ അലങ്കരിക്കുന്ന 'മരോഡി' (Marodi) ശൈലിയും ചേർത്തതോടെ ഗൗണിന് ഒരു രാജകൊട്ടാരത്തിന്റെ ആർച്ചുകളുടെ ദൃഢതയും ഭംഗിയും കൈവന്നു.കട്ടിയുള്ള പട്ടുനൂലുകളും പരുത്തി നൂലുകളും ഉപയോഗിച്ച് വരകൾ അലങ്കരിക്കുന്ന രീതിയാണ് ഡോറി. ഇതിനൊപ്പം ചേർത്തിരിക്കുന്ന ചെറു കണ്ണാടികൾ ദീപാവലി രാത്രിയിൽ കത്തിച്ചുവെക്കുന്ന ദീപങ്ങളുടെ വെളിച്ചത്തെ പ്രതിഫലിപ്പിച്ച് വസ്ത്രത്തിന് മാന്ത്രികമായ ഒരു ശോഭ നൽകുന്നു. ഗൗണിന്റെ വശങ്ങളിൽ പിടിപ്പിച്ചിരിക്കുന്ന സ്വാഭാവിക മുത്തുകളും കവടികളും വസ്ത്രത്തിന് പ്രത്യേകമായ ഒരു ഘടന സമ്മാനിക്കുന്നു. ഡിസൈനറായ കരൺ തൊറാനിയുടെ സ്വന്തം വേരുകളായ സിന്ധി പാരമ്പര്യത്തോടുള്ള ആദരവാണ് കവടികളുടെ സാന്നിധ്യം. ഭാരതത്തിന്റെ തീരദേശ സംസ്‌കാരത്തിലും പുരാതന നാണയ സമ്പ്രദായങ്ങളിലും കവടികൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു.

ഒരു വസ്ത്രത്തിനപ്പുറം, ദീപാവലിയുടെ ആത്മീയ സങ്കൽപ്പങ്ങളെക്കൂടി ഈ ഗൗൺ ഉൾക്കൊള്ളുന്നുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മീദേവിയെ വീടുകളിലേക്ക് വരവേൽക്കുന്ന ഉത്സവമാണ് ദീപാവലി. ഈ സങ്കൽപ്പത്തെ വസ്ത്രത്തിന്റെ ഘടനയിലേക്ക് കൊണ്ടുവരാൻ ഡിസൈനർ ശ്രദ്ധിച്ചിട്ടുണ്ട്.പ്രാചീന ഭാരതീയ സ്ത്രീകൾ അണിഞ്ഞിരുന്ന പരമ്പരാഗത കുപ്പായ മാതൃകയായ 'അംഗിയ'യിൽ നിന്നാണ് ഗൗണിന്റെ മുകൾഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ആധുനികമായ ഓഫ്-ഷോൾഡർ ശൈലിയിലേക്ക് സമർത്ഥമായി മാറ്റിയെഴുതി. പരമ്പരാഗത ദാവണിയെയോ ദുപ്പട്ടയെയോ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഗൗണിന്റെ പിൻഭാഗത്തെ അലങ്കാരങ്ങൾ ഒഴുകിക്കിടക്കുന്നത്. ഗൗണിന്റെ അരികുകളിൽ കൈകൊണ്ടുണ്ടാക്കിയ പട്ടുനൂൽ ടസലുകളും ചെറു കൊലുസ്സ് മണികളും പിടിപ്പിച്ചിരിക്കുന്നു. വസ്ത്രമണിഞ്ഞു നടക്കുമ്പോൾ ഈ മണികൾ ഉണ്ടാക്കുന്ന സൂക്ഷ്മമായ ശബ്ദം, ലക്ഷ്മീദേവിയുടെ പാദസര സ്വനത്തെ ഓർമ്മിപ്പിക്കുന്നതും ദേവിയുടെ ആഗമനത്തെ പ്രകീർത്തിക്കുന്നതുമാണെന്ന് കരൺ തൊറാനി വ്യക്തമാക്കുന്നു. താൻ അണിഞ്ഞ ഗൗണിന്റെ സങ്കീർണ്ണമായ തയ്യൽ പണികളും കൊലുസ്സ് മണികളും വ്യക്തമായി കാണിക്കുന്ന രീതിയിലുള്ള ഒരു ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഭാരതീയ വസ്ത്രധാരണ രീതികളെയും കരകൗശല വിദഗ്ദ്ധരെയും പരിചയപ്പെടുത്തുന്നതിൽ പ്രിയങ്ക ചോപ്ര എന്നും മുന്നിലാണ്. പാശ്ചാത്യ ബ്രാൻഡുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം, ഇന്ത്യൻ ഡിസൈനർമാരുടെയും തദ്ദേശീയ തയ്യൽക്കാരുടെയും കഴിവുകളെ ആഗോള വേദിയിലെത്തിക്കാൻ താരം ശ്രമിക്കുന്നു.'എവിടെപ്പോയാലും ഭാരതത്തിന്റെ ആത്മാവിനെ കൂടെക്കരുതുന്ന പ്രതിഭയാണ് പ്രിയങ്ക. ഞങ്ങളുടെ പാരമ്പര്യ കലകളെ ഒരു ആധുനിക വസ്ത്രരൂപത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാൻ ഇതിലൂടെ സാധിച്ചു,'കരൺ തൊറാനി പറയുന്നു. ഈ വസ്ത്രത്തിലൂടെ കശ്മീരിലെ ആരി തയ്യൽക്കാരന്റെയും, ഗുജറാത്തിലെയും രാജസ്ഥാനിലെയും കണ്ണാടിപ്പണിക്കാരന്റെയും, സിന്ധി പാരമ്പര്യത്തിലെ കവടി കലാകാരന്മാരുടെയും നൈപുണ്യം ഒന്നാകെ ലോകത്തിനു മുന്നിൽ പവിത്രമായി അവതരിപ്പിക്കപ്പെട്ടു.