അടുത്തിടെ മുംബൈയിലെ ചില കേറ്ററിംഗ്-പാചകക്കാര്‍ മാസം ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഇന്ത്യയിലെ ധനികൻ എന്ന നിർവ്വചനത്തെക്കുറിച്ചും അസംഘടിത തൊഴിൽ മേഖലയിലെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ലിങ്ക്ഡ്ഇന്നിൽ പങ്കുവയ്ക്കപ്പെട്ട ഒരു അനുഭവക്കുറിപ്പ്. മുംബൈയിലെ യുവ സംരംഭകനായ മനുരാജ് ഗാർഗാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ പാചകക്കാരന്റെ പ്രതിമാസ വരുമാനവും അദ്ദേഹത്തിന്റെ ജീവിതശൈലിയും പരാമർശിക്കുന്നതായിരുന്നു ആ കുറിപ്പ്. പ്രതിമാസം 1.05 ലക്ഷം രൂപയോളം സമ്പാദിക്കുന്ന പാചകക്കാരൻ, തനിക്കൊപ്പം ജോലി ചെയ്യുന്ന മറ്റ് സുഹൃത്തുക്കൾക്കൊപ്പം തായ്ലൻഡിലേക്ക് സ്വന്തം ചെലവിൽ ഒരു അന്താരാഷ്ട്ര വിനോദയാത്ര പ്ലാൻ ചെയ്യുന്ന ഘട്ടത്തിലാണ്.
പാചകരംഗത്ത് സ്ഥിരമായ ഒരു കമ്പനിയിലോ സ്ഥാപനത്തിലോ ജോലി ചെയ്യുന്നതിന് പകരം, സമയം ചിട്ടപ്പെടുത്തി കൂടുതൽ വരുമാനം ഉണ്ടാക്കുന്ന രീതിയാണ് ഇയാൾ സ്വീകരിച്ചിരിക്കുന്നത്.
പകൽ സമയങ്ങളിൽ മുംബൈയിലെ റെസിഡൻഷ്യൽ ഫ്‌ലാറ്റുകളിൽ അഞ്ചോ ആറോ വീടുകളിൽ ഇയാൾ ഭക്ഷണം പാകം ചെയ്യുന്നു. രാത്രികാലങ്ങളിൽ സിനിമാ വെബ് സീരീസുകളുടെയും ഷൂട്ടിംഗ് സെറ്റുകളുടെയും കേറ്ററിംഗ് ടീമുകൾക്കൊപ്പം ജോലി ചെയ്ത് അധിക വരുമാനം നേടുന്നു. മാസത്തിൽ ഒരു ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ ഇയാൾ സമ്പാദിക്കുന്നത്.
മനുരാജ് ഗാർഗ് തന്റെ കുറിപ്പിൽ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം, ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരും ഇത്തരം സ്വതന്ത്ര തൊഴിലാളികളും തമ്മിലുള്ള സാമ്പത്തിക അന്തരം തന്നെയാണ്.ഒരു ശമ്പളക്കാരന്റെ ആകെ വരവിൽ നിന്ന് വലിയൊരു തുക ടി.ഡി.എസ് പ്രൊഫഷണൽ ടാക്‌സ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയായി പിടിച്ച് വെക്കുമ്പോൾ, ഇവിടെ ഇയാൾക്ക് ലഭിക്കുന്ന മുഴുവൻ തുകയും കൈയിലെത്തുന്നു. ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഐ.ടി - കോർപ്പറേറ്റ് ജോലികൾ ഭീഷണിയിലാകുമ്പോഴും, ഒരു കുടുംബത്തിന് ഇഷ്ടപ്പെട്ട രുചിയിൽ കൃത്യമായി 'പരിപ്പ് കറി' വെക്കാൻ എ.ഐക്ക് സാധിക്കില്ലെന്ന് മനുരാജ് ചൂണ്ടിക്കാണിക്കുന്നു. ഈ വ്യക്തിഗത വൈദഗ്ധ്യമാണ് ഇദ്ദേഹത്തിന്റെ തൊഴിൽ സുരക്ഷിതത്വം.ലിങ്ക്ഡ്ഇൻ കുറിപ്പിൽ പറയുന്നതുപോലെ, ഇദ്ദേഹത്തിനും സുഹൃത്തുക്കൾക്കും യാത്ര പോകാൻ ഒരു ഫിനാൻഷ്യൽ അഡൈ്വസറുടെ ആവശ്യമില്ല. തങ്ങളുടെ ആഗ്രഹങ്ങൾക്ക് സ്വയം തീരുമാനം എടുക്കാൻ തക്ക സ്വാതന്ത്ര്യം ഇവർക്ക് ലഭിക്കുന്നു.
മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിൽ മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു കോർപ്പറേറ്റ് ജീവനക്കാരന്, വൻതുക വാടക നൽകി, ടാക്‌സ് കഴിച്ച് വരുമ്പോൾ കൈയിൽ വലിയ സമ്പാദ്യം ഉണ്ടാകാറില്ല. എന്നാൽ തങ്ങളുടേതായ വൈദഗ്ധ്യം കൊണ്ട് നികുതിയിതര മേഖലയിൽ സമാനമായ ഉയർന്ന വരുമാനം ഉണ്ടാക്കുന്ന തൊഴിലാളികൾ ഒടുവിൽ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്.
അടുത്തിടെ മുംബൈയിലെ ചില കേറ്ററിംഗ്-പാചകക്കാർ മാസം ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഉയർന്ന വിദ്യാഭ്യാസം അല്ലെങ്കിൽ കോർപ്പറേറ്റ് പദവികൾ മാത്രമല്ല സാമ്പത്തിക ഭദ്രത നൽകുന്നത് എന്നും, അധ്വാനവും വൈദഗ്ധ്യവും ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏത് മേഖലയിലും വലിയ ഉയരങ്ങൾ കീഴടക്കാം എന്നും ഓർമിപ്പിക്കുന്നതാണ് ഈ കുറിപ്പ്.
Content Highlights: A Mumbai chef's income sparks debate on economic security, contrasting the financial realities of corporate employees and independent workers in India's metros.
Published: 11 Nov 2026, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented