സിങ്കപ്പുരിലും മറ്റു പല രാജ്യങ്ങളും ജനസംഖ്യാ ശോഷണം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക്. മരിയോ നൗഫല്‍ എന്ന വ്യക്തി എക്സില്‍ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്‌കിന്റെ റീട്വീറ്റ്. സിങ്കപ്പൂരിന്റെ ശിശു ജനന നിരക്കിലെ കുറവിനെക്കുറിച്ചും അതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധിയേക്കുറിച്ചും അതിനെ മറികടക്കുന്നതില്‍ റോബോട്ടിക്സിന്റെ പങ്കിനെക്കുറിച്ചുമായിരുന്നു മരിയോ നൗഫലിന്റെ പോസ്റ്റ്.  

To advertise here,

ഇതിന് മറുപടി നല്‍കവേയാണ് സിങ്കപ്പുര്‍ മാത്രമല്ല സമാന പ്രതിസന്ധിയുള്ള മറ്റ് രാജ്യങ്ങളുമുണ്ടെന്ന് മസ്‌ക് റീ ട്വീറ്റ് ചെയ്തത്. വികസിത രാജ്യങ്ങള്‍ നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ആഗോള സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മസ്‌കിന്റെ പ്രസ്താവന.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിങ്കപ്പുരിന് അതിന്റെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്കില്‍ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 

2023-ലെ കണക്കുപ്രകാരം 0.97 ആണ് ടി.എഫ്.ആര്‍. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ആദ്യമായാണ് ഒന്നിന് താഴെപ്പോകുന്നതും. അതായത് രാജ്യത്ത് ഒരുകുട്ടിപോലുമില്ലാത്ത സ്ത്രീകളുടെ എണ്ണം ധാരാളമുണ്ട് എന്നാണ്. ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിലയില്‍നിന്ന് വളരെ താഴെയാണിത്.

സാമൂഹിക മാറ്റങ്ങളും ആളുകളുടെ ചിന്താഗതിയിലുള്ള മാറ്റങ്ങളുമാണ് ഇതിനു പിന്നില്‍. എന്നാല്‍ റോബോട്ട് സാന്ദ്രതയില്‍ സിങ്കപ്പുര്‍ ആഗോളതലത്തില്‍ രണ്ടാമതാണ്. 10,000 തൊഴിലാളികള്‍ക്ക് 770 വ്യാവസായിക റോബോട്ടുകള്‍ എന്നതാണ് അവിടത്തെ കണക്ക്. ഉയര്‍ന്ന തൊഴില്‍ച്ചെലവും താരതമ്യേന ചെറിയ ഉത്പാദന അടിത്തറയുമായിട്ടും ഈ സാങ്കേതികവിദ്യ നിലനിര്‍ത്താനാണ് സിങ്കപ്പുര്‍ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതുകൊണ്ടാണ് റോബോട്ടുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്. 

എന്നാല്‍ സിങ്കപ്പുരിലെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കഴിവുള്ള തൊഴിലാളികളെ വിദേശത്തുനിന്ന് എത്തിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാകില്ലെന്നാണ് ഇവരുടെ വാദം. അതേസമയം കുട്ടികളെ വളര്‍ത്താനുള്ള ഭീമമായ ചെലവും ഉയര്‍ന്നുനില്‍ക്കുന്ന ജീവിത ചെലവുകളും മൂലം കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നവരാണ് അധികവും. ഇതാണ് കാതലായ പ്രശ്‌നമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.