ന്യൂഡല്‍ഹി:  50 വര്‍ഷത്തിനിടെ ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകളുടെ എണ്ണത്തില്‍ 80 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പഠനം. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ എന്ന പദ്ധതിയുടെ പിന്തുണയോടെ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. 

To advertise here,

ഒരു കാലത്ത് ഗംഗ, ബ്രഹ്‌മപുത്ര നദികളില്‍ സര്‍വസാധാരണമായിരുന്നു ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകള്‍. എന്നാല്‍ ആവാസവ്യവസ്ഥാ നാശം, അനധികൃത വന്യജീവി കടത്ത്, മലിനീകരണം എന്നിവ ഇവയുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളായി. മീന്‍ വലയില്‍ കുടുങ്ങിയും ഈ ടര്‍ട്ടിലുകളുടെ ഏറിയ പങ്കും ചത്തൊടുങ്ങി. വേട്ടയാടലിന് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതും ഇവയുടെ നിലവിലുള്ള ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്നതും ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകളുടെ മടങ്ങിവരവിന് സഹായകരമാകുമെന്ന ശുഭപ്രതീക്ഷയാണ് ഗവേഷകര്‍ക്കുള്ളത്. 

ചമ്പല്‍ ദേശീയോദ്യാനത്തിലാണ് നിലവില്‍ ഇവയുടെ ഏറിയ പങ്കും ഇപ്പോഴുള്ളത്. ഈ പ്രദേശം മതിയായ തോതില്‍ സംരക്ഷിക്കപ്പെടുന്നത് ഇവയുടെ എണ്ണം കൂടുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകളുടെ സംരക്ഷണത്തിന് നിലവിലെ രീതികള്‍ മതിയാകില്ലെന്ന നിഗമനത്തിലാണ് വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകര്‍. 

രണ്ട് ടര്‍ട്ടില്‍ റെസ്ക്യൂ റിഹാബിലേറ്റഷൻ സെൻ്ററുകളിൽനിന്നായി ശേഖരിച്ച ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകളുടെ ജനിതക സാംപിളുകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. മതിയായ സംരക്ഷണപ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ഇവ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടാമെന്ന മുന്നറിയിപ്പാണ് ദീര്‍ഘനാളത്തെ പഠനത്തിനൊടുവില്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. 

അനധികൃത വന്യജീവി കടത്തിനിടെ പിടികൂടുന്ന ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകള്‍ ഏത് ഭൂപ്രദേശത്തുനിന്നുള്ളതാണെന്ന് തിരിച്ചറിയുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍ ഇവയെ അതാത് പ്രദേശങ്ങളില്‍ പുനരവതരിപ്പിക്കുന്നത് തടസ്സം സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ ഈ ടര്‍ട്ടിലുകളുടെ സംരക്ഷണത്തിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022-ല്‍ ഭേദഗതി ചെയ്ത 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ത്രീ-സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടിലുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.