നുഷ്യരുടെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം ആര്‍ട്ടിക് സീലുകളും പക്ഷികളും നേരിടുന്ന വംശനാശ ഭീഷണി വര്‍ധിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍). വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്.

To advertise here,

മരംമുറിക്കലും കാര്‍ഷിക വ്യാപനവും മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് പക്ഷികള്‍ക്ക് ഭീഷണിയാണെന്ന് ഐയുസിഎന്‍ പറഞ്ഞു, അതേസമയം ആഗോളതാപനവും സമുദ്ര ഗതാഗതം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സീലുകള്‍ അപകടത്തിലാണ്. അതില്‍ ഹൂഡഡ് സീലുകളെ വള്‍നറബിള്‍ (Vulnarable) പട്ടികയില്‍ നിന്ന് അപകട ഭീഷണി നേരിടുന്ന എന്‍ഡേഞ്ചേര്‍ഡ് (Endangered) പട്ടികയിലേക്ക് മാറ്റി. ബിയേര്‍ഡഡ് സീല്‍, ഹാര്‍പ്പ് സീല്‍ എന്നിവയെ നിയര്‍ ത്രെട്ടെന്‍ഡ് (near threatened) വിഭാഗത്തിലേക്കും മാറ്റി. ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ ഇപ്പോള്‍ '172,620 ജീവി വര്‍ഗങ്ങളാണ് ഉള്‍പ്പെടുന്നത്. അതില്‍ 48,646 എണ്ണം വംശനാശ ഭീഷണി നേരിടുന്നുണ്ട്.
 

 'മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലും കാലാവസ്ഥയിലും ചെലുത്തുന്ന വര്‍ധിച്ചുവരുന്ന ആഘാതത്തെയും അത് ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെയും ഈ ആഗോള അപ്ഡേറ്റ് എടുത്തുകാണിക്കുന്നു,' അബുദാബിയില്‍ നടന്ന ലോക സംരക്ഷണ കോണ്‍ഗ്രസില്‍ ഐയുസിഎന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രെതല്‍ അഗ്യുലാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആയിരക്കണക്കിന് വിദഗദ്ധരുടെ സഹായത്തോടെ ഒമ്പത് വര്‍ഷമെടുത്താണ് പക്ഷികളുടെ റെഡ്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന് സംഘടന പറഞ്ഞു. ഇതനുസരിച്ച് 61 ശതമാനം പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2016 ല്‍ 44 ശതമാനമായിരുന്നു ഇത്.

ആഗോളതാപനം ലോകത്തിലെ തണുത്ത പ്രദേശങ്ങളില്‍ വസിക്കുന്ന സീലുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കും. സമുദ്ര ഗതാഗതം, ഖനനം, എണ്ണ ഖനനം, വ്യാവസായിക മത്സ്യബന്ധനം, വേട്ടയാടല്‍ എന്നിവ ഈ ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണിയാകുന്ന മറ്റ് ഘടകങ്ങളാണ്.

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ആര്‍ട്ടിക് പ്രദേശത്ത് ആഗോളതാപനം നാലിരട്ടി വേഗത്തില്‍ സംഭവിക്കുന്നുവെന്നും ഇത് കടല്‍ മഞ്ഞുപാളികളുടെ വ്യാപ്തിയും ദൈര്‍ഘ്യവും ഗണ്യമായി കുറയ്ക്കുന്നുവെന്നും ഐയുസിഎന്‍ പറഞ്ഞു.

അതേസമയം ഗ്രീന്‍ ടര്‍ട്ടില്‍ എന്ന ആമ വര്‍ഗം ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ദശാബ്ദങ്ങള്‍ നീണ്ട സംരക്ഷണ പ്രവർത്തനങ്ങൾ അതിന് സഹായകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.