ഗുവാഹട്ടി (അസം): ഇന്ത്യയില്‍ കാണപ്പെടുന്ന ഏക വാലില്ലാ കുരങ്ങ് ഇനമായ വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകള്‍ കടുത്ത വംശനാശഭീഷണിയില്‍. രാജ്യത്തെ വടക്കുകിഴക്കന്‍ പ്രദേശത്തെ ചില വനപ്രദേശങ്ങളില്‍ ഗിബ്ബണുകള്‍ക്ക് ഇതിനോടകം പ്രാദേശികമായി വംശനാശം സംഭവിച്ചുവെന്ന് വാനരശാസ്ത്രജ്ഞനായ ദിലീപ് ഛേത്രി പറയുന്നു. മഡഗാസ്‌കറില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രിമറ്റോളജിക്കല്‍ സൊസൈറ്റിയുടെ (ഐപിഎസ്) 30-ാമത് കോണ്‍ഗ്രസില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

To advertise here,

ഏഷ്യയില്‍ കാണപ്പെടുന്ന 20 ഗിബ്ബണ്‍ സ്പീഷിസുകളിലൊന്നുകൂടിയാണ് വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകള്‍. ഗിബ്ബണുകളുടെ സംരക്ഷണത്തിനായി ദേശീയതലത്തില്‍ പ്രൊജക്ട് ടൈഗര്‍ അല്ലെങ്കില്‍ പ്രൊജക്ട് എലിഫന്റ് പോലൊന്ന് അനിവാര്യമാണെന്നും ദിലീപ് ഛേത്രി അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനുമായി 'ഗിബ്ബണ്‍ കണ്‍സര്‍വേഷന്‍ ആക്ഷന്‍ പ്ലാന്‍' നടപ്പിലാക്കണമെന്നും കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കൈയ്യേറ്റം മൂലമുള്ള ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്‍, വന്യജീവി കടത്ത് എന്നിവ വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകള്‍ നേരിടുന്ന പ്രധാന ഭീഷണികളില്‍ ചിലതാണ്. വടക്കുകിഴക്കന്‍ ഇന്ത്യ, കിഴക്കന്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീവിടങ്ങളിലാണ് വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകളുള്ളത്.

മഡഗാസ്‌കറില്‍ നടന്ന സമ്മേളനത്തില്‍ ഏഷ്യയില്‍നിന്നുള്ള ആറ് പ്രിമേറ്റുകളെ കടുത്ത വംശനാശഭീഷണി നേരിടുന്നവയായി പ്രഖ്യാപിച്ചു. ബങ്ക സ്ലോ ലോറിസ്, സാന്‍ജീഹേയ് ടാര്‍സീര്‍, പിഗ് ടെയ്ല്‍ഡ് ലങ്കുര്‍, മ്യാന്‍മര്‍ സ്‌നബ്-നോസ്ഡ് മങ്കി, ടാപാനുലി ഒറാങ്ങുട്ടന്‍, വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണ്‍ എന്നിവ വന്‍തോതില്‍ ഭീഷണി നേരിടുന്നവയാണ്.