പാലക്കാട്: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാടിന്റെ മരുമകളും. അപകടത്തിൽപ്പെട്ട വിമാനത്തിലെ സീനിയർ കാബിൻ സൂപ്പർവൈസർ ശ്രദ്ധ ധവാൻ (44) ഒലവക്കോട് സായ് ജങ്ഷൻ നിളനഗർ ശ്രേയസ് വീട്ടിൽ സി.കെ. രാജേഷിന്റെ ഭാര്യയാണ്. മഹാരാഷ്ട്ര സ്വദേശിയായ ശ്രദ്ധ, രാജേഷിനൊപ്പം മുംബൈ മുളുണ്ടിലായിരുന്നു താമസം. ഇരുവരും എയർ ഇന്ത്യയിലെ ജീവനക്കാരാണ്.

To advertise here,

Related News: 'ബോയിങ് വിമാനങ്ങൾ അപകടമുണ്ടാക്കും'; ദുരൂഹമായി കൊല്ലപ്പെടും മുമ്പ് മുൻ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ കെ. നാരായണന്റെ മക്കളിൽ മൂന്നാമനാണ് സി.കെ. രാജേഷ്. 2005 മുതൽ മുംബൈയിൽ എയർ ഇന്ത്യയിൽ ജീവനക്കാരാണ് ശ്രദ്ധയും രാജേഷും. 2008-ൽ പാലക്കാട്ടുവെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

അപകടത്തിന്റെ തലേന്ന് എയർ ഇന്ത്യയുടെ കോഴ്സിൽ പങ്കെടുക്കാനായി രാജേഷ് ഡൽഹിയിലേക്ക് പോയിരുന്നു. പിന്നീട് എയർ ഇന്ത്യയുടെ ഓഫീസിൽനിന്ന് ശ്രദ്ധയുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോൺവിളിയുമെത്തി. ഇവരുടെ 13 വയസ്സുള്ള മകൾ ശ്രദ്ധയുടെ വീട്ടുകാർക്കൊപ്പം മുംബൈയിലെ വീട്ടിലുണ്ടായിരുന്നു.

Also Read: തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി

ശ്രദ്ധയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കുശേഷമേ വിട്ടുകിട്ടൂവെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് രാജേഷിന്റെ പിതാവ് നാരായണൻ പറഞ്ഞു. ശ്രദ്ധയുടെ സഹോദരൻ വിവേക് ധവാനും ബന്ധുക്കളും ആശുപത്രിയിൽ ബന്ധപ്പെട്ടിട്ടുണ്ട്. മരണവിവരം അറിഞ്ഞതിനുപിന്നാലെ രാജേഷും മുംബൈയിലേക്ക് മടങ്ങിയെത്തി.