ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന്‍ 60-ാം പിറന്നാളാഘോഷിക്കുകയാണ് ഞായറാഴ്ച. 1965 നവംബര്‍ രണ്ടിന് ജനിച്ച ഷാരൂഖ് ഖാന്‍ പക്ഷേ ആരാധകര്‍ക്ക് ഇന്നും യുവാവാണ്. ഷാരൂഖ് പാലിക്കുന്ന കര്‍ശനമായ ചിട്ടകളാണ് ചെറുപ്പം നിലനിര്‍ത്താനും ഫിറ്റനസ് കാത്തുസൂക്ഷിക്കാനും അദ്ദേഹത്തെ സഹായിക്കുന്നത്. 'പ്രായമെന്നാല്‍ വെറുമൊരു സംഖ്യ മാത്രം' എന്ന പ്രയോഗം ബാധകമായ അപൂര്‍വം ചിലരില്‍ ഒരാളായ ഷാരൂഖ് ഖാന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

To advertise here,

ലളിതമാണ് തന്റെ ഭക്ഷണക്രമമെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ദിവസം രണ്ടുനേരം മാത്രമാണ് ഭക്ഷണം കഴിക്കുക - ഉച്ചയ്ക്കും രാത്രിയും മാത്രം. മറ്റൊന്നും താന്‍ കഴിക്കാറില്ല. ഫാന്‍സി ഭക്ഷണങ്ങളോട് ഒട്ടും താത്പര്യമില്ലെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് വന്നൊരു അഭിമുഖത്തിലാണ് കിങ് ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഗ്രില്‍ ചെയ്ത ചിക്കന്‍, മുളപ്പിച്ച ധാന്യങ്ങള്‍, ബ്രൊക്കോളി, അല്‍പ്പം ദാല്‍ (പരിപ്പ്) എന്നിവയാണ് സാധാരണയായി ഷാരൂഖ് കഴിക്കാറുള്ള ഭക്ഷണം. വര്‍ഷങ്ങളായുള്ള തന്റെ സ്ഥിരം ഭക്ഷണമാണ് ഇതെന്നും ഷാരൂഖ് വ്യക്തമാക്കി. ഏതെങ്കിലും ഡയറ്റ് താന്‍ പിന്തുടരുന്നില്ല. ലളിതവും ആരോഗ്യകരവുമായ ഭക്ഷണം വേണമെന്നത് തന്റെ തീരുമാനമാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ അവിടെ കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളുണ്ടാകുമെങ്കിലും അതിലൊന്നും വീണുപോകുന്ന പതിവും ഷാരൂഖ് ഖാനില്ല.

വളരെ വൈകി ഉറങ്ങുന്ന പ്രകൃതക്കാരനാണ് ഷാരൂഖ്. പലരും എഴുന്നേല്‍ക്കുന്ന സമയത്ത് ഷാരൂഖ് ഖാന്‍ കിടക്കയിലേക്ക് പോകുന്നതേയുണ്ടാകൂ. രാവിലെ അഞ്ച് മണിക്കാണ് താന്‍ ഉറങ്ങാന്‍ പോകാറെന്ന് ഖാന്‍ പറയുന്നു. അമേരിക്കന്‍ നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് ഉണരുന്ന സമയത്താണ് താന്‍ ഉറങ്ങാന്‍ പോകാറെന്നാണ് ഷാരൂഖ് ഖാന്‍ തമാശയായി പറഞ്ഞിട്ടുള്ളത്. എല്ലാ ദിവസവും പുലര്‍ച്ചെ രണ്ടരയ്ക്ക് എഴുന്നേല്‍ക്കുന്ന ശീലം കര്‍ശനമായി പാലിക്കുന്നയാളാണ് മാര്‍ക്ക് വാല്‍ബെര്‍ഗ്.

നേരം വൈകിയുള്ള ഷൂട്ടിങ് കഴിഞ്ഞെത്തിയാലും വ്യായാമകാര്യത്തില്‍ ഒരു മുടക്കവും വരുത്താന്‍ ഷാരൂഖ് ഖാന്‍ തയ്യാറല്ല. ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിക്ക് വരും. കുളിച്ചശേഷം വ്യായാമം ചെയ്യും. അതുകഴിഞ്ഞ് മാത്രമേ ഉറങ്ങാറുള്ളൂ എന്ന് ഷാരൂഖ് ഖാന്‍ പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദിന്റെ കിങ് ആണ് അടുത്തതായി പുറത്തുവരാനുള്ള ഷാരൂഖ് ചിത്രം. ദീപികാ പദുക്കോണാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.