ട്രെഡ്മിൽ വർക്കൗട്ടിലൂടെ ശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ. കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം സ്റ്റാമിന കൂട്ടുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഷബാന ഖാത്തൂൻ പറയുന്നു. ശരീരഭാരം കുറയ്ക്കുക എന്നത് പെട്ടെന്നൊരു ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ല. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും സ്ഥിരമായി പിന്തുടരേണ്ടതുണ്ട്. രണ്ട് വർഷംകൊണ്ട് 106 കിലോയിൽനിന്ന് 74 കിലോയിലേക്ക് ശരീരഭാരം കുറച്ച യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ, മൂന്ന് മാസം കൊണ്ട് മാത്രം 10 കിലോ കുറച്ചതായും അവർ വെളിപ്പെടുത്തി.

To advertise here,

ശരീരഭാരം കുറയ്ക്കാൻ സഹായിച്ച 30 മിനിറ്റ് വ്യായാമത്തിന്റെ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ട്രെഡ്മില്ലിൽ ചെയ്യുന്ന '12-3-30' വർക്കൗട്ടാണ് ഇതിൽ പ്രധാനം. ട്രെഡ്മില്ലിൽ 12 ശതമാനം ഇൻക്ലൈൻ അഥവാ ചെരിവ് ക്രമീകരിച്ച് മണിക്കൂറിൽ മൂന്ന് മൈൽ വേഗത്തിൽ 30 മിനിറ്റ് നടക്കുന്നതാണ് ഈ വ്യായാമരീതി. കൈകളിൽ ഭാരവും പിടിച്ചുകൊണ്ടാണ് താരം വ്യായാമം ചെയ്യുന്നത്. ഇതിലൂടെ വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കാനും ശ്രമിക്കുന്നു. കൊഴുപ്പ് കുറയ്ക്കുക മാത്രമായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് ഇൻഫ്‌ളുവൻസർ പറയുന്നു. ശരീരത്തിന്റെ സ്റ്റാമിന, സഹനശേഷി, മൊത്തത്തിലുള്ള ഘടന എന്നിവ മെച്ചപ്പെടുത്താനും ശ്രദ്ധിച്ചിരുന്നു. കൃത്യമായ ഭക്ഷണക്രമത്തിനും സ്‌ട്രെങ്ത് ട്രെയിനിങ്ങിനുമൊപ്പം ചെയ്യുമ്പോഴാണ് ഈ വ്യായാമം കൂടുതൽ ഫലപ്രദമാകുന്നതെന്നും അവർ വ്യക്തമാക്കി.

'നിങ്ങളുടെ ശരീരത്തിൽ മാറ്റം അനുഭവപ്പെടും. ഈ വ്യായാമത്തിന്റെ ഗുണം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സ്ഥിരതയോടെ ചെയ്യുമ്പോൾ യഥാർഥത്തിൽ മാറ്റമുണ്ടാകും.' എന്നായിരുന്നു അവരുടെ കുറിപ്പ്.

സ്‌ട്രെങ്ത് ട്രെയിനിങ്ങിനും പ്രാധാന്യം

ട്രെഡ്മിൽ വ്യായാമത്തിന് പുറമെ സ്‌ട്രെങ്ത് ട്രെയിനിങ്ങിനും ഇൻഫ്‌ളുവൻസർ പ്രാധാന്യം നൽകുന്നുണ്ട്. റെസിസ്റ്റൻസ് ബാൻഡും ഡംബെല്ലും ഉപയോഗിച്ചുള്ള വെയ്റ്റഡ് സ്‌ക്വാറ്റാണ് അതിലൊന്ന്. പേശികളുടെ ശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ താഴ്ഭാഗത്തെ പേശികൾക്ക് കൂടുതൽ കരുത്ത് നൽകാനും ഇത്തരം വ്യായാമങ്ങൾ സഹായിക്കും. ബൾഗേറിയൻ സ്പ്ലിറ്റ് സ്‌ക്വാറ്റും താരത്തിന്റെ വ്യായാമക്രമത്തിലുണ്ട്. ഒരു കാൽ പിന്നിൽ ഉയർത്തിവച്ച് മറ്റേ കാലിന്റെ സഹായത്തോടെ താഴേക്ക് ഇരുന്നുയരുന്ന രീതിയാണിത്. ഡംബെല്ലുകൾ ഉപയോഗിച്ചാണ് താരം ഈ വ്യായാമം ചെയ്യുന്നത്. തുടകളിലെ പേശികൾ, ഗ്ലൂട്ട്‌സ്, ഹാംസ്ട്രിങ് എന്നിവയ്ക്ക് കരുത്ത് നൽകുന്നതിനൊപ്പം ശരീരത്തിന്റെ ബാലൻസും സ്ഥിരതയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. മെഷീൻ ഉപയോഗിച്ചുള്ള വ്യായാമവും താരത്തിന്റെ പരിശീലനത്തിന്റെ ഭാഗമാണ്. സ്‌കീയിങ് ചലനങ്ങളെ അനുകരിക്കുന്ന ഈ മെഷീനിൽ മുകളിലുള്ള ഹാൻഡിലുകൾ താഴേക്ക് വലിച്ചുകൊണ്ടാണ് വ്യായാമം ചെയ്യുന്നത്. കൈകൾ, പുറം, തോളുകൾ, വയറിലെ പേശികൾ, കാലുകൾ എന്നിവ ഒരേസമയം പ്രവർത്തിക്കുന്ന തരത്തിലുള്ള കാർഡിയോ പരിശീലനമാണിത്.

 

എന്താണ് 12-3-30 വർക്കൗട്ട്?

12-3-30 എന്ന പേര് വ്യായാമത്തിന്റെ മൂന്ന് ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്.ട്രെഡ്മില്ലിലെ 12 ശതമാനം ഇൻക്ലൈൻ. മണിക്കൂറിൽ 3 മൈൽ വേഗത (ഏകദേശം 4.8 കിലോമീറ്റർ). തുടർച്ചയായി 30 മിനിറ്റ് നടത്തം.

നടത്തത്തിലൂടെ കാർഡിയോ പരിശീലനം നേടാൻ സഹായിക്കുന്ന ഈ രീതി എല്ലാവർക്കും ഒരേരീതിയിൽ അനുയോജ്യമാകണമെന്നില്ല. തുടക്കക്കാർ കുറഞ്ഞ ഇൻക്ലൈനിലും വേഗതയിലും ആരംഭിച്ച് ക്രമേണ തീവ്രത വർധിപ്പിക്കുന്നതാണ് ഉചിതം. കൈകളിൽ ഭാരം പിടിച്ച് നടക്കുന്നത് ബാലൻസ് നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കാം. അതിനാൽ സ്വന്തം ശാരീരികക്ഷമതയ്ക്ക് അനുസരിച്ചും വിദഗ്ധരുടെ നിർദേശപ്രകാരവും വ്യായാമം തിരഞ്ഞെടുക്കണം.