പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ബാഡ്മിന്റൺ താരം പി.വി. സിന്ധു. 30 വയസ്സ് പിന്നിട്ടതോടെ പരിശീലനത്തിന്റെ രീതിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പരിക്കുകൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും താരം തുറന്നുപറയുന്നു.

To advertise here,

കായികതാരങ്ങളുടെ വിജയത്തിന് പിന്നിൽ മാസങ്ങളോളം നീളുന്ന കഠിനമായ പരിശീലനവും ഭക്ഷണനിയന്ത്രണവും പരിക്കുകളോടുള്ള പോരാട്ടവുമുണ്ട്. മത്സരവേദിയിൽ പ്രകടനം മാത്രമാണ് ആരാധകർ കാണുന്നതെങ്കിലും അതിന് പിന്നിലെ അധ്വാനം വളരെ വലുതാണ്. പ്രായം കൂടുന്നതിനനുസരിച്ച് പരിശീലനരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരിക്കുകയാണ് പി.വി. സിന്ധു.

30 വയസ്സ് പിന്നിട്ടതോടെ തന്റെ ഫിറ്റ്‌നസ് പരിശീലനത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു 31-കാരിയായ സിന്ധു. തുടർച്ചയായുണ്ടായ പരിക്കുകളും അവയെ മറികടക്കാൻ സ്വീകരിച്ച പുതിയ പരിശീലനരീതികളുമാണ് താരം പങ്കുവച്ചത്.

പരിക്കുകൾ തുടർക്കഥയായി

കുറച്ചുവർഷങ്ങൾക്ക് മുമ്പ് തുടർച്ചയായി പരിക്കുകൾ നേരിട്ടിരുന്നതായും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ മാനസികമായി ബുദ്ധിമുട്ടിയിരുന്നുവെന്നും സിന്ധു പറഞ്ഞു. 'ഇത് എന്റെ മാനസികാവസ്ഥയെയും ബാധിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പരിക്കുകൾ സംഭവിക്കാമെന്ന് അറിയാം. പക്ഷേ, എന്തുകൊണ്ടാണ് ഇത് തുടർച്ചയായി സംഭവിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു.' താരം പറഞ്ഞു.

തുടർന്ന് തന്റെ പരിശീലനരീതി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പുതിയൊരു സ്‌പോർട്‌സ് സയൻസ് ടീമിനെ ഉൾപ്പെടുത്തി. ഫിസിയോതെറാപ്പിസ്റ്റ്, ട്രെയിനർ, കോച്ച് എന്നിവരടങ്ങിയ സംഘത്തിന്റെ സഹായത്തോടെ ശരീരത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും പഴയ ഡാറ്റയുമായി താരതമ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് പ്രായത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയതെന്ന് സിന്ധു വ്യക്തമാക്കി.

'എനിക്ക് ഇപ്പോൾ 20 വയസ്സല്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. 30 വയസ്സ് പിന്നിടുമ്പോൾ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അത് ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞതാണ്.' താരം പറഞ്ഞു.

മണിക്കൂറുകളോളം പരിശീലനം വേണ്ട

20 വയസ്സുള്ളപ്പോൾ ദിവസവും അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ പരിശീലനം നടത്തിയിരുന്ന സിന്ധു ഇപ്പോൾ അതേരീതി പിന്തുടരുന്നില്ല. സ്‌പോർട്‌സ് സയൻസ് ടീമുമായി ആലോചിച്ച് ശരീരത്തിന്റെ അവസ്ഥയ്ക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പുതിയ പരിശീലനക്രമമാണ് താരം തയ്യാറാക്കിയത്. പരിശീലനത്തിന്റെ ദൈർഘ്യത്തേക്കാൾ അതിന്റെ ഗുണമേന്മയ്ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിന്ധു പറയുന്നു.

'എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതല്ല, ചെയ്യുന്ന ജോലിയുടെ ഗുണമേന്മയാണ് പ്രധാനം. ഒരു ദിവസം ശരീരത്തിന് സുഖമില്ലെങ്കിൽ വിശ്രമിക്കണമെന്നാണ് ഞങ്ങൾ തീരുമാനിച്ചത്.' താരം വ്യക്തമാക്കി. പരിശീലനത്തിൽ വരുത്തിയ ഈ മാറ്റങ്ങൾ 2026-ലെ ബിഡബ്ല്യുഎഫ് ജപ്പാൻ ഓപ്പൺ വിജയത്തിലും നിർണായക പങ്കുവഹിച്ചുവെന്നും സിന്ധു പറഞ്ഞു.

ഇപ്പോഴത്തെ ഫിറ്റ്‌നസ് ദിനചര്യ

നിലവിൽ രാവിലെയും വൈകിട്ടുമായി രണ്ട് ഘട്ടങ്ങളിലാണ് സിന്ധുവിന്റെ പരിശീലനം. രാവിലെ 8.30-ഓടെ കോർട്ടിലെ പരിശീലനം ആരംഭിക്കും. 11 മുതൽ 11.30 വരെയാണ് സാധാരണയായി പരിശീലനം അവസാനിക്കുന്നത്. വീട്ടിലെത്തിയ ശേഷം സ്‌ട്രെച്ചിങ് ചെയ്യും. ഉച്ചയ്ക്ക് ഒന്നോ ഒന്നരയോടെയോ ഭക്ഷണം കഴിക്കും. വൈകിട്ട് നാലോടെ വീണ്ടും പരിശീലനം ആരംഭിക്കും.  ആറു മുതൽ ആറര വരെയാണ് ഈ സെഷൻ നീളുന്നത്.

വൈകിട്ടത്തെ പരിശീലനത്തിൽ പ്രധാനമായും സ്‌ട്രെങ്ത് അല്ലെങ്കിൽ എൻഡ്യൂറൻസ് വർക്കൗട്ടുകൾക്കാണ് പ്രാധാന്യം. ബാഡ്മിന്റണിൽ മികച്ച പ്രകടനം നടത്താൻ കോർട്ടിലെ പരിശീലനം മാത്രം പോരെന്നും ശരീരത്തിന്റെ മൊത്തത്തിലുള്ള കരുത്തും സഹനശേഷിയും വർധിപ്പിക്കണമെന്നും താരം ചൂണ്ടിക്കാട്ടി.

ഓട്ടത്തേക്കാൾ ഇഷ്ടം വെയ്റ്റ് ട്രെയിനിങ്

കോർട്ടിന് പുറത്തുള്ള പരിശീലനത്തിൽ വെയ്റ്റുകൾ ഉപയോഗിച്ചുള്ള സ്‌ട്രെങ്ത് ട്രെയിനിങ്ങിനോടാണ് സിന്ധുവിന് കൂടുതൽ താൽപര്യം. ശരീരത്തിന്റെ മുകൾഭാഗത്തെയും താഴ്ഭാഗത്തെയും പേശികൾക്ക് കരുത്ത് നൽകുന്ന വ്യായാമങ്ങൾ ചെയ്യാറുണ്ട്. ഓട്ടത്തിന്റെ വിവിധ രീതികളും പരീക്ഷിക്കുന്നുണ്ട്. ഔട്ട്‌ഡോർ റണ്ണിങ്, ട്രെഡ്മിൽ പരിശീലനം, ഇടവിട്ടുള്ള വേഗത്തിലുള്ള ഓട്ടം (ഇന്റർവൽ ട്രെയിനിങ്) എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ബാഡ്മിന്റണിൽ ആവശ്യമായ സഹനശേഷി വളർത്താൻ കോർട്ടിന് പുറത്തുള്ള പരിശീലനവും അത്യാവശ്യമാണെന്ന് താരം പറയുന്നു. കൃത്യമായ പരിശീലനക്രമമില്ലെങ്കിൽ ശരീരം അമിതമായി തളരാനും പരിക്കുകൾ സംഭവിക്കാനും സാധ്യതയുണ്ട്.

വ്യായാമത്തിനൊപ്പം ഭക്ഷണവും പ്രധാനം

ഫിറ്റ്‌നസിന്റെ കാര്യത്തിൽ വ്യായാമവും പോഷകാഹാരവും ഒരുപോലെ പ്രധാനമാണെന്നും സിന്ധു ഓർമിപ്പിക്കുന്നു. ശരീരത്തിന്റെ സഹനശേഷി നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വ്യായാമത്തിലും ഭക്ഷണത്തിലും മാറ്റങ്ങൾ വരുത്തണം.

കൂടുതൽ സമയം പരിശീലിക്കുക എന്നതിലുപരി ശരീരത്തിന് ആവശ്യമായ പരിശീലനം നൽകുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ദീർഘകാല ഫിറ്റ്‌നസിന്റെ രഹസ്യമെന്ന സന്ദേശമാണ് സിന്ധുവിന്റെ അനുഭവം നൽകുന്നത്.