ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണം, വിലകൂടിയ ഉപകരണങ്ങൾ വാങ്ങണം എന്നൊക്കെയാണ് പലരുടെയും ധാരണ. എന്നാൽ അതിനൊന്നും കഴിയാത്തവർക്ക് വീട്ടിൽത്തന്നെ വ്യായാമം ചെയ്ത് ഫിറ്റ്‌നസ് നിലനിർത്താനാകുമോ? തീർച്ചയായും സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറായ അംബിക സാഗർ. അംബികയുടെ രണ്ട് ബെഡ്‌റൂമുകളുള്ള ഫ്‌ളാറ്റിനുള്ളിൽ ദിവസവും 20,000 ചുവടുകൾ നടന്നാണ് അംബിക ശരീരഭാരം കുറച്ചത്. 90 കിലോയായിരുന്ന ഭാരം 76 കിലോയിലെത്തിച്ചു. അതായത് 14 കിലോയുടെ കുറവ്. ട്രെഡ്മില്ലോ വിലകൂടിയ വ്യായാമ ഉപകരണങ്ങളോ സ്ഥിരമായ ജിം പരിശീലനമോ ഒന്നും ഇതിനായി ആശ്രയിച്ചില്ല എന്നതാണ് അംബികയുടെ അനുഭവത്തെ ശ്രദ്ധേയമാക്കുന്നത്.ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഫിറ്റ്‌നസ് യാത്ര പങ്കുവെച്ച അംബിക, സ്ഥിരതയും നിശ്ചയദാർഢ്യവുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പറയുന്നു. എന്നാൽ ശരീരഭാരം കുറച്ചത് നടത്തം കൊണ്ടുമാത്രമല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
തന്റെ മാറ്റത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അംബിക കുറിച്ചത് ഇങ്ങനെ-
'ഒരേ ടി-ഷർട്ട്, പക്ഷേ വ്യത്യസ്തയായ ഒരു സ്ത്രീ. 90 കിലോയിൽ നിന്ന് 76 കിലോയിലേക്ക്. 14 കിലോ കുറഞ്ഞു. എന്നാൽ ഏറ്റവും വലിയ മാറ്റം ഇന്ന് എന്നെ ഞാൻ കാണുന്ന രീതിയിലാണ്. സ്ഥിരതയും ക്ഷമയും സ്വന്തം കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഇത് തെളിയിക്കുന്നു. എനിക്ക് സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കും.'
നടത്തം ജീവിതത്തിലെ പ്രധാന ശീലമായി
ഒരു അഭിമുഖത്തിൽ നടത്തം തന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായിരുന്നുവെന്ന് അംബിക പറഞ്ഞു.'ദിവസവും 20,000 ചുവടുകൾ നടക്കുന്നത് എന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വലിയ മാറ്റമുണ്ടാക്കി. ഫിറ്റ്‌നസിന് എല്ലായ്‌പ്പോഴും വിലകൂടിയ ഉപകരണങ്ങളോ സങ്കീർണമായ വ്യായാമരീതികളോ ആവശ്യമില്ലെന്ന് ഇത് എന്നെ പഠിപ്പിച്ചു. ചിലപ്പോൾ ലളിതമായ ശീലങ്ങൾ സ്ഥിരമായി പിന്തുടരുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും'- അംബിക പറഞ്ഞു. പട്ടിണി കിടന്നോ എളുപ്പവഴികൾ തേടിയോ അല്ല ശരീരഭാരം കുറയ്‌ക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
'ശരീരഭാരം കുറയ്ക്കുന്നത് പട്ടിണി കിടക്കുന്നതിനെക്കുറിച്ചോ കുറുക്കുവഴികൾ തേടുന്നതിനെക്കുറിച്ചോ അല്ലെന്ന് എന്റെ യാത്ര എന്നെ പഠിപ്പിച്ചു. സ്ഥിരത, അച്ചടക്കം, ഓരോ ദിവസവും ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ എന്നിവയാണ് പ്രധാനം. ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതും കലോറി നിയന്ത്രിച്ചതും നടത്തത്തിനൊപ്പം സഹായിച്ചു. ശാരീരികമായ മാറ്റം മാത്രമല്ല എനിക്കുണ്ടായത്. ആത്മവിശ്വാസവും എന്നോടുള്ള സ്‌നേഹവും വർധിച്ചു'- അംബിക വ്യക്തമാക്കി.
നടത്തം മാത്രം പോരാ; ഭക്ഷണക്രമവും പ്രധാനം
ശരീരഭാരം കുറയ്ക്കാൻ ഒരു വ്യായാമരീതിയും മാത്രം മതിയാകില്ലെന്ന പ്രധാന കാര്യവും അംബികയുടെ അനുഭവം ഓർമിപ്പിക്കുന്നു. നടത്തത്തിനൊപ്പം ഭക്ഷണക്രമത്തിലും അവർ ശ്രദ്ധിച്ചിരുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കുകയും ശരീരത്തിന് ആവശ്യമായതിലും കൂടുതൽ കലോറി ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.ചിലപ്പോൾ നമുക്ക് വേണ്ടത് ഒഴികഴിവുകൾ കണ്ടെത്തുന്നത് നിർത്തി സ്വന്തം കഴിവിൽ വിശ്വസിച്ച് തുടങ്ങുക മാത്രമാണെന്നും അംബിക പറയുന്നു.'ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒഴികഴിവുകൾ പറയുന്നത് നിർത്തി നിങ്ങളിൽത്തന്നെ വിശ്വസിക്കാൻ തുടങ്ങുക എന്നതാണ്. ഞാൻ 16 കിലോ മാത്രമല്ല കുറച്ചത്. എന്റെ ആത്മവിശ്വാസവും കരുത്തും പുതിയൊരു വ്യക്തിത്വവും കൂടിയാണ് കണ്ടെത്തിയത്', അവർ പറഞ്ഞു.
ചെറിയ ശീലങ്ങളിൽനിന്ന് വലിയ മാറ്റങ്ങളിലേക്ക്
ഫിറ്റ്‌നസ് നിലനിർത്താൻ സങ്കീർണമായ വ്യായാമമുറകളോ വിലകൂടിയ ഉപകരണങ്ങളോ ആവശ്യമില്ലെന്ന ഓർമപ്പെടുത്തലാണ് അംബികയുടെ അനുഭവം. നാം താമസിക്കുന്ന ഇടത്തിനുള്ളിൽത്തന്നെ നടക്കുന്നതുപോലുള്ള ലളിതമായ ശീലങ്ങളിലൂടെ വ്യായാമം ആരംഭിക്കാം.എന്നാൽ എത്രയും വേഗം ഒരു നിശ്ചിത ശരീരഭാരത്തിലെത്തുക എന്നതല്ല ലക്ഷ്യമാക്കേണ്ടത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയാണ് പ്രധാനം.
Content Highlights: Ambika Sagar lost 14kg (from 90kg to 76kg) by walking 20,000 steps daily inside a 2BHK flat., No gym equipment, treadmill, or expensive gear was used., Combined walking with calorie control and healthy dietary habits., Emphasizes consistency, discipline, and sustainable lifestyle changes over shortcuts.
Published: 26 Nov 2026, 08:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented