
ന്യൂഡല്‍ഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റേത് സ്വാഭാവിക മരണമായിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. ഭാര്യ പ്രിയ സച്ച്‌ദേവിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞമാസം ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂര്‍ മരണപ്പെട്ടത്.
സഞ്ജയ് കപൂറിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാല്‍ സംഭവിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് സറേ കൊറോണറുടെ ഓഫീസ് കത്തില്‍ അറിയിച്ചു. ഇടത് വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫിയും ഇസ്‌കെമിക് ഹൃദ്രോഗവുമാണ് മരണകാരണങ്ങളെന്നും കത്തില്‍ പറയുന്നു.
ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളിന്റെ പേശി ഭിത്തി കട്ടിയാകുകയും രക്തം ഫലപ്രദമായി പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് എല്‍വിഎച്ച്് അഥവാ വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫി. പലപ്പോഴും, ഹൃദയം സാധാരണയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോഴോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമോ ആണ് ഈ അവസ്ഥ ഉണ്ടാവുന്നത്.
ഹൃദയ പേശികള്‍ക്ക് ആവശ്യത്തിന് രക്തവും ഓക്‌സിജനും ലഭിക്കാത്ത അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി രോഗമെന്നും വിളിക്കപ്പെടുന്ന ഇസ്‌കെമിക് ഹൃദ്രോഗത്തിന്. ധമനികളുടെ സങ്കോചം മൂലമാണിത് സംഭവിക്കുക. ആതെറോസ്‌ക്ലീറോസിസ് ആണ് ഏറ്റവും സാധാരണമായ കാരണം. കൊഴുപ്പും കൊളസ്‌ട്രോളും മറ്റ് വസ്തുക്കളും ധമനിയുടെ ഭിത്തിയിലും പുറത്തും അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.
2009 ലെ കോറോണേഴ്‌സ് ആന്റ് ജസ്റ്റിസ് ആക്ട്, സെക്ഷന്‍ 4 അനുസരിച്ചുള്ള അന്വേഷണം ഇതോടെ അവസാനിച്ചുവെന്നും കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും കോറോണറുടെ ഓഫീസ് അറിയിച്ചു.
സഞ്ജയ് യുടെ മരണത്തില്‍ അസ്വാഭാവിക ഇടപെടലുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഈ റിപ്പോര്‍ട്ടെന്ന് പ്രിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം സഞ്ജയ് കപൂറിന്റെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് റാണി കപൂര്‍ രംഗത്തുവന്നിരുന്നു. കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. സഞ്ജയുടെ സ്വത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് അമ്മ റാണി കപൂറും ഭാര്യ പ്രിയ സച്ച്‌ദേവും തമ്മിലുള്ള തര്‍ക്കങ്ങളും വാര്‍ത്തയായിരുന്നു.
Content Highlights: British authorities confirm Sanjay Kapoor`s death was due to natural causes
Published: 05 Aug 2025, 10:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented