ബെംഗളൂരു: സ്ത്രീകളുമായുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ബിസിനസുകാരനെതിരേ കൂടുതൽ തെളിവുകൾ. ബെംഗളൂരുവിലെ ബിസിനസുകാരനായ കൃപലാനിയാണ് (51) അൻപതോളം സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്.

To advertise here,

ജി.എസ്.ടി., കസ്റ്റംസ് അടക്കം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളാണ് കെണിയിൽപ്പെട്ടത്. ഇയാളുടെ ഫോണിൽനിന്ന് വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.

കസ്റ്റംസ് ഉദ്യോഗസ്ഥയായ 42-കാരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കൃപലാനിയെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഏറെ സ്ത്രീകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. പരാതിക്കാരിയായ യുവതിയുമായി അടുപ്പത്തിലാകുകയും വിവാഹവാഗ്ദാനംനൽകി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. നികുതി വെട്ടിക്കുന്നതിനും ഇവരുമായുള്ള ബന്ധം ഇയാൾ ഉപയോഗപ്പെടുത്തി.

പിന്നീട് സ്വകാര്യ ദൃശ്യങ്ങൾ കാട്ടി 18 ലക്ഷം രൂപ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പരാതി നൽകിയത്.

വനിതാ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കുകയും പാർട്ടിക്കും മറ്റ് ആഘോഷങ്ങൾക്കും ക്ഷണിക്കുകയും അവിടെവെച്ചു പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു കൃപലാനി ചെയ്തിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.