ജിദ്ദ: സിജി ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ (ബി.ഐ.ജി.) ആഭിമുഖ്യത്തിൽ 'നിങ്ങളെ ആശ്രയിക്കാതെ വളരുന്ന ഒരു ബിസിനസ് കെട്ടിപ്പടുക്കാം' എന്ന വിഷയത്തിൽ 'ബിസിനസ് ബ്രേക്ക്ത്രൂ ഉച്ചകോടി' ഒക്ടോബർ 10-ന് ജിദ്ദ റമദാ ഹോട്ടലിൽ നടക്കും. ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്കായാണ് പരിപാടി.
ടിഎക്‌സ് ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനും പ്രമുഖ ബിസിനസ് വളർച്ചാ ഉപദേശകനുമായ ഫസൽ റഹ്‌മാൻ ഉച്ചകോടിക്ക് നേതൃത്വം നൽകും. വെറുമൊരു പ്രചോദനാത്മക പ്രഭാഷണത്തിൽ ഒതുങ്ങാതെ, ബിസിനസിനെ ആസൂത്രിതമായ രീതിയിൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്ന വേദിയായിരിക്കും ഉച്ചകോടി.
ഉടമയുടെ ദൈനംദിന ഇടപെടലുകൾ കുറച്ചുകൊണ്ട്, ശക്തമായ പ്രവർത്തന സംവിധാനങ്ങളും കഴിവുറ്റ സംഘവും കൃത്യമായ നിർവഹണവും ഉപയോഗപ്പെടുത്തി ബിസിനസിനെ കൂടുതൽ ഉപഭോക്താക്കളിലേക്കും പുതിയ വിപണികളിലേക്കും എങ്ങനെ വ്യാപിപ്പിക്കാം എന്നതിലാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ് പരിവർത്തനത്തിലും വിപുലീകരണ മേഖലയിലും 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഫസൽ റഹ്‌മാനുമായി തങ്ങളുടെ സംശയങ്ങളും ബിസിനസ് വെല്ലുവിളികളും നേരിട്ട് പങ്കുവെച്ച് പരിഹാരങ്ങൾ തേടാനുള്ള പ്രത്യേക അവസരം പരിപാടിയിൽ ഉണ്ടായിരിക്കും.
സൗദി അറേബ്യയിൽ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സംഘാടകർ പറഞ്ഞു. വ്യക്തമായ തന്ത്രങ്ങളും കൃത്യമായ പ്രവർത്തന സംവിധാനങ്ങളും രൂപപ്പെടുത്തി ബിസിനസ് വളർത്തേണ്ടതിന്റെ പ്രാധാന്യം സംരംഭകർക്ക് മനസിലാക്കിക്കൊടുക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
സിജി ജിദ്ദ ചാപ്റ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബി.ഐ.ജി), സംരംഭകർക്ക് പഠിക്കാനും വളരാനും പരസ്പരം സഹകരിക്കാനും പിന്തുണ നൽകുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്ന ജിദ്ദ ആസ്ഥാനമായുള്ള സംരംഭക കൂട്ടായ്മയാണ്.
ബി.ഐ.ജി. ഡയറക്ടർ കെ.എം. റിയാസ്, ഡെപ്യൂട്ടി ഡയറക്ടർ അഷ്ഫാഖ് മേലെകണ്ടി, പ്രോഗ്രാം കൺവീനർ ഡോ. മുഹമ്മദ് ഫൈസൽ, ഡെപ്യൂട്ടി കൺവീനർ ഉനൈസ് ചെരുമല, സിജി ജിദ്ദ വൈസ് ചെയർമാൻ റഷീദ് അമീർ, ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ, എച്ച്.ആർ. ഡയറക്ടർ എൻ.എം. ഇർഷാദ് എന്നിവരാണ് ഭാരവാഹികൾ.
ബിസിനസ് ബ്രേക്ക്ത്രൂ ഉച്ചകോടിയുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, ബി.ഐ.ജി. ഡയറക്ടർ കെ.എം. റിയാസ്, പ്രോഗ്രാം കൺവീനറും സിജി ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് പ്രോഗ്രാം കൺവീനർ ഉനൈസ് ചെരുമല എന്നിവർ പങ്കെടുത്തു.
Content Highlights: Business Breakthrough Summit Jeddah
Published: 08 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented