ലഖ്‌നൗ: കാൻപുരിൽ നടന്ന ലംബോർഗിനി അപകടവുമായി ബന്ധപ്പെട്ട് പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയ്ക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി കുടുംബം രംഗത്തെത്തി. അപകടസമയത്ത് തന്റെ മകനല്ല, ഡ്രൈവർ മോഹനാണ് വണ്ടി ഓടിച്ചിരുന്നതെന്ന് കെ.കെ. മിശ്ര പ്രതികരിച്ചു. കാറിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

അപകടം നടക്കുമ്പോൾ മോഹൻ എന്ന ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നതെന്നും ശിവം കാറിനുള്ളിൽ ഇരിക്കുകയായിരുന്നെന്നുമാണ് കെ.കെ. മിശ്രയുടെ അവകാശവാദം. യാത്രയ്ക്കിടെ ശിവത്തിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡിഗാർഡുകൾ വാതിൽ തകർത്ത് അവനെ പുറത്തെടുക്കുകയായിരുന്നുവെന്നും മിശ്ര പറഞ്ഞു. ബോധരഹിതനായ ശിവത്തെ നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കെ.കെ. മിശ്ര കൂട്ടിച്ചേർത്തു.

അതേസമയം, അപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, കാറിന്റെ ചില്ലുകളിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ആരാണ് വണ്ടി ഓടിച്ചിരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. ആദ്യം അജ്ഞാതനായ ഡ്രൈവർക്കെതിരെയാണ് കേസ് എടുത്തതെങ്കിലും പിന്നീട് ശിവമാണ് വണ്ടി ഓടിച്ചിരുന്നതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. എന്നാൽ, പോലീസിന്റെ നടപടികളിൽ വൈരുദ്ധ്യമുണ്ടെന്ന് മിശ്രയുടെ അഭിഭാഷകൻ ആരോപിച്ചു. പരിക്കേറ്റ വ്യക്തിയുടെ മൊഴി കൃത്യമായ അന്വേഷണം നടത്താതെയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസമാണ് അമിതവേഗത്തിലെത്തിയ ലംബോർഗിനി നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. ഒരു കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയുംചെയ്തിരുന്നു. കെ.കെ. മിശ്രയുടെ മകനായ ശിവം മിശ്രയാണ് ലംബോർഗിനി അമിതവേഗത്തിലോടിച്ച് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് റിപ്പോർട്ട്.