ആരോഗ്യത്തോടെയുള്ള ജീവിതത്തിനായി പലരും ആദ്യം ചെയ്യുന്ന കാര്യങ്ങളാണ് ശരീരഭാരം കുറയ്ക്കലും വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം. എന്നാല്‍ സമര്‍പ്പണം, ക്ഷമ, സ്ഥിരോത്സാഹം എന്നിവ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞൊരു യാത്രയാണത്. ആ വെല്ലുവിളികള്‍ നേരിടാനുള്ള മനസും തന്ത്രങ്ങളുമുണ്ടെങ്കില്‍ ഭാരം കുറയ്ക്കുകയെന്ന കടമ്പ കടക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവും മാതൃകയുമാണ് ആറ് മാസത്തിനുള്ളില്‍ 25 കിലോ ഭാരം കുറച്ച സാക്ഷി യാദവ്. അധിക ഉപകരണങ്ങളൊന്നുമില്ലാതെ നിങ്ങളുടെ വീട്ടില്‍ സുഖമായി ചെയ്യാവുന്ന ചില ലളിതമായ ശരീരഭാരം കുറയ്ക്കല്‍ വ്യായാമങ്ങളും നിര്‍ദേശങ്ങളും സാക്ഷി യാദവ് ഇന്‍സ്്റ്റഗ്രാമില്‍ പങ്കുവച്ചു.

To advertise here,

ജമ്പിംഗ് ജാക്സ് (Jumping Jacks)

കാല്‍ തമ്മില്‍ ചേര്‍ത്തു നില്‍ക്കുന്ന നിലയില്‍ നിന്ന് കൈകളും കാലുകളും ഒരേസമയം പുറത്ത് വിരിച്ച് ചാടുകയും തിരിച്ച് പ്രാരംഭ നിലയിലേക്ക് വരികയും ചെയ്യുന്ന കാര്‍ഡിയോ വ്യായാമം. കാലുകളുടെയും കൈകളുടെയും പേശികള്‍ക്ക് വ്യായാമം ചെയ്യുന്നതിനൊപ്പം ശരീരത്തിലുടനീളം അതിന്റെ നേട്ടം ലഭിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച വ്യായാമങ്ങളിലൊന്നാണിത്.

ഹൈ നീസ് (High Knees) 

ഒരു സ്ഥലത്ത് തന്നെ കാലുകള്‍ ഉയര്‍ത്തി വേഗത്തില്‍ ഓടുന്നതുപോലെയുള്ള വ്യായാമം. ഇതും കാര്‍ഡിയോ വ്യായാമമാണ്. ഹൃദയാരോഗ്യവും ഒപ്പം കാലിലെ പേശികളുടെ ശക്തിയും വര്‍ധിപ്പിക്കും.

ജമ്പിംഗ് സ്‌ക്വാട്‌സ് (Jumping Squats)

സാധാരണ സ്‌ക്വാട്ട് ചെയ്ത ശേഷം മേലോട്ടേക്ക് ശക്തമായി ചാടുന്ന വ്യായാമം. കാലിന്റെ പേശികളും മുട്ടിനും കഴുത്തിനും ശക്തി നല്‍കുന്നു.

ബര്‍പി ജംപ് അപ്പ് (Burpee Jumping Up)

നില്‍ക്കുന്ന നിലയില്‍ നിന്ന് നിലത്ത് കുനിഞ്ഞ് പ്ലാങ്ക് പൊസിഷനില്‍ എത്തുകയും ശേഷം പൂര്‍വസ്ഥിതിയിലേക്ക് ഉയര്‍ന്ന് മേലോട്ട് ചാടുകയും ചെയ്യുന്ന മുഴുവന്‍ ശരീരം പ്രവര്‍ത്തിപ്പിക്കുന്ന വ്യായാമമാണിത്.

സ്വിച്ച് ജംപ് (Switch Jump)

ഓരോ കാലും മുന്നോട്ടും പിന്നോട്ടും മാറ്റി മാറ്റി ചാടുന്ന വ്യായാമമാണിത്. കാലുകളുടെ ബാലന്‍സ്, ശക്തി, ക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ജിമ്മില്‍ പോവാതെ തന്നെ ഭക്ഷണ ക്രമീകരണത്തിനൊപ്പം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന വീട്ടില്‍ നിന്ന് ചെയ്യാവുന്ന വ്യായാമ മുറകളാണിവ. മാസങ്ങളോളം ഈ ദിന ചര്യ തുടരുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനാവും.