വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ മൂലം ചെറുപ്പക്കാർക്കിടയിൽ ടൈപ്പ് 2 ഡയബറ്റിസ് സ്ഥിരീകരിക്കുന്നതിന്റെ തോത് കൂടുകയാണ്. ബ്ലഡ് ഷുഗർ നില നിയന്ത്രണവിധേയമാക്കി മറ്റ് സങ്കീർണതകൾ ഒഴിവാക്കാനുള്ള മരുന്നാണ് പ്രമേഹരോഗികൾക്കു നൽകാറുള്ളത്. ഇപ്പോഴിതാ ഭക്ഷണക്രമീകരണവും വ്യായാമവും സംയോജിപ്പിച്ച് ടൈപ്പ് 2 ഡയബറ്റിസ് ഫലപ്രദമായി കുറയ്ക്കാനാവുമെന്ന് പറയുകയാണ് ഗവേഷകർ.

To advertise here,

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ പല രോഗങ്ങളിലേക്ക് വഴിതുറക്കുന്ന അപകടകരമായ സാഹചര്യം, ശ്രദ്ധിക്കേണ്ടത്

പുതിയ ക്ലിനിക്കൽ പരീക്ഷണത്തിലാണ് ചിട്ടയായ വ്യായാമവും ഭക്ഷണരീതിയും പിന്തുടർന്ന പകുതിയിലേറെപേർക്കും വെറും ആറുമാസത്തിനുള്ളിൽ പ്രമേഹം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് കണ്ടെത്തിയത്. യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച പഠനം അവതരിപ്പിച്ചത്. ‘ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് അമേരിക്കാസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കലോറി കുറഞ്ഞ ഭക്ഷണക്രമവും വിട്ടുവീഴ്ചയില്ലാത്ത വ്യായാമവും ചെറുപ്പത്തിൽ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹം കുറയ്ക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

കാനഡയിലെ മോൺട്രിയലിലുള്ള മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ജനറൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ പ്രൊഫസർ കബേരി ദാസ്ഗുപ്തയും യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലെസ്റ്ററിലെ പ്രൊഫസർ തോമസ് യേറ്റ്സും അവരുടെ സഹപ്രവർത്തകരും ചേർന്നാണ് ഗവേഷണം നടത്തിയത്. മരുന്നുകളുടെ സഹായമില്ലാതെ തന്നെ, കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണക്രമത്തിലൂടെ ചിലർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹം ഭേദമാക്കാനും കഴിയുമെന്ന് മുൻപത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം വ്യായാമം കൂടി ചേരുന്നത് എന്തുമാറ്റമുണ്ടാക്കുമെന്ന ആലോചനയിൽ നിന്നാണ് ഭക്ഷണക്രമവും വ്യായാമവും സംയോജിപ്പിച്ചുള്ള മാർഗം സ്വീകരിച്ചത്. ചിട്ടയായ വ്യായാമം ബ്ലഡ് ഷുഗർ നില നിയന്ത്രിക്കും. പ്രമേഹചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ ആറുമാസക്കാലത്തിൽ ഭക്ഷണത്തിലും വ്യായാമത്തിലും വിട്ടുവീഴ്ച ചെയ്യാതിരുന്നവരിൽ എന്തുമാറ്റമാണ് ഉണ്ടാകുന്നതെന്ന് താരതമ്യം ചെയ്യുകയും ചെയ്തു.

അമിതമായ അന്നജം, നാരുകളുടെയും പ്രോട്ടീനുകളുടെയും കുറവ്; കേരളം പ്രമേഹത്തിന്റെ ആഗോള തലസ്ഥാനമാകുമോ

ഇംഗ്ലണ്ടിലെയും കാനഡയിലെയും മൂന്ന് ഗവേഷണ കേന്ദ്രങ്ങളിലാണ് ക്ലിനിക്കൽ പരീക്ഷണം നടന്നത്. ചെറുപ്പത്തിൽ തന്നെ ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവുമുള്ളതും എന്നാൽ ഇൻസുലിൻ ഉപയോഗിക്കാത്തതുമായ 18 നും 45 നും ഇടയിൽ പ്രായമുള്ള മുതിർന്നവരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തിന്റെ ഭാഗമായ ഒരു വിഭാഗത്തിന് സാധാരണ ചികിത്സ നൽകുകയും മറുവിഭാഗത്തിന് പ്രതിദിനം 800 മുതൽ 900വരെ കലോറി അടങ്ങിയ ഭക്ഷണക്രമത്തോടൊപ്പം എയറോബിക്, റെസിസ്റ്റൻസ് വ്യായാമങ്ങളും ഉൾക്കൊള്ളിച്ചു. 24 ആഴ്ചകൾക്കുശേഷം എത്ര പേർക്ക് പ്രമേഹം കുറഞ്ഞുവെന്ന് ഗവേഷകർ കണക്കാക്കി. തുടർന്നാണ് ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച 54% പേർക്കും ടൈപ്പ് 2 പ്രമേഹം ഭേദമായി കണ്ടെത്തിയത്. സാധാരണ പരിചരണം ലഭിച്ചവരെ അപേക്ഷിച്ച് തീവ്രമായ ജീവിതശൈലി പിന്തുടർന്നവർക്ക് പ്രമേഹം ഭേദമാകാനുള്ള സാധ്യത 21 മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

പ്രമേഹം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പരിധിക്കുതാഴെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്തുകയും മരുന്നുകളുടെ സഹായമില്ലാതെ ആ നില തുടരുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് പകുതിപേരും എത്തിയത്. എന്നാൽ രോഗം പൂർണ്ണമായും ഭേദമായി എന്നല്ല ഇതിനർഥമെന്നും ഗവേഷകർ പറയുന്നുണ്ട്.

ലോകമെമ്പാടുമുള്ള ചെറുപ്പക്കാരിൽ ടൈപ്പ് 2 പ്രമേഹം സാധാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തലുകൾ വളരെ പ്രധാനപ്പെട്ടതാകുമെന്നാണ് ഗവേഷകർ കരുതുന്നത്. കലോറി കുറഞ്ഞ ഭക്ഷണരീതിയും വ്യായാമവും സംയോജിപ്പിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കുന്നതിനൊപ്പം പേശികളെ സംരക്ഷിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശാരീരിക പ്രകടനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം കാക്കാനും കഴിയുമെന്നും ഗവേഷകർ പറയുന്നു.

ടൈപ്പ് 2 ഡയബറ്റിസ് ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.