വണ്ണം കുറയ്ക്കാനായി ജിഎൽപി-1 മരുന്നുകളിൽ ഉൾപ്പെടുന്ന ഒസെംപിക്, വെഗോവി, മൗൻജാരോ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നു വ്യക്തമാക്കുന്നൊരു പഠനം നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇവ ചിലപ്പോൾ കാഴ്ചശക്തിയെയും ബാധിക്കാമെന്ന മുന്നറിയിപ്പു നൽകുകയാണ് യു.എസ്. എഫ്.ഡി.എ( Food and Drug Administration).

To advertise here,

ജിഎൽപി-1 മരുന്നുകളുടെ പാർശ്വഫലത്തിൽ നോൺ-ആർട്ടെറിറ്റിക് ആന്റീരിയർ ഇസ്കീമിക് ഒപ്റ്റിക് ന്യൂറോപ്പതി (non-arteritic anterior ischemic optic neuropathy) എന്നറിയപ്പെടുന്ന നേത്രരോഗത്തിനുള്ള സാധ്യത കൂടി മുന്നറിയിപ്പായി നൽകണമെന്ന് അധികൃതർ അറിയിച്ചു.

അമിതവണ്ണം, പ്രമേഹം എന്നിവയുൾപ്പെടെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ജി.എൽ.പി-1 (GLP-1) മരുന്നുകളുടെ ലേബലിൽ ഈ അപകടസാധ്യത ചേർക്കുമെന്ന് എഫ്.ഡി.എ വ്യക്തമാക്കി. നോൺ-ആർട്ടെറിറ്റിക് ആന്റീരിയർ ഇസ്കീമിക് ഒപ്റ്റിക് ന്യൂറോപ്പതി എന്ന അവസ്ഥ കാഴ്ച നഷ്ടപ്പെടാൻ കാരണമാകും.

125-ലധികം ക്ലിനിക്കൽ പരീക്ഷണങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് കുറഞ്ഞത് ഒരു വർഷമെങ്കിലും ജി.എൽ.പി-1 മരുന്ന് കഴിച്ച 100,000 രോഗികളിൽ 6 പേർക്കെങ്കിലും ഈ പ്രശ്നം ഉണ്ടായതായി എഫ്.ഡി.എ കണ്ടെത്തിയത്. ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഇതിന് കാരണമെന്നും എഫ്.ഡി.എ. വ്യക്തമാക്കി. കാഴ്ച മങ്ങുക, കറുത്ത പാടുകൾ, നിറവ്യത്യാസങ്ങൾ എന്നിവയും മറ്റ് കാഴ്ചവൈകല്യങ്ങളും ഈ പ്രശ്നത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എഫ്.ഡി.എ അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്ന രോഗികൾ ഉടൻതന്നെ ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു.

GLP-1 മരുന്നുകൾ പ്രവർത്തിക്കുന്നതെങ്ങനെ?

വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറു നിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്.

GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ

ആമാശയത്തിൽനിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

എല്ലാവർക്കും ഉപയോഗിക്കാമോ?

സൗന്ദര്യപരമായ കാരണങ്ങളാൽ വണ്ണംകുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതല്ല GLP-1 മരുന്നുകൾ. വിദഗ്ധ നിർദേശത്തോടെ ശരീരത്തിന് ആവശ്യമാണോ എന്നതു പരിശോധിച്ചുമാത്രമേ നൽകുകയുള്ളൂ. അമിതവണ്ണം മൂലം ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ നിർദേശിക്കുക. അതേസമയം, സ്വാഭാവികമായി വണ്ണംകുറയ്ക്കാൻ കഴിയുന്നവർ വ്യായാമത്തിലൂടെയും ആഹാരം നിയന്ത്രിച്ചും ഉറക്കം കൃത്യമാക്കിയും സമ്മർദം കുറച്ചും വണ്ണംകുറയ്ക്കുന്നതാണ് നല്ലത്.