ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ അവീവ ബെയ്ഗുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഏഴ് വർഷക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.

To advertise here,

ഡൽഹി സ്വദേശികളാണ് അവീവയുടെ കുടുംബം. വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്ക ഗാന്ധിയും നന്ദിതയും പഴയ സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവീവയും ഒരേ സ്‌കൂളിലാണ് പഠിച്ചത്.

രണ്ട് ദിവസം മുമ്പ് റെയ്ഹാനുമൊന്നിച്ചുള്ള ഒരു ചിത്രം അവീവ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ അവീവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഹൈലൈറ്റ്‌സിൽ കാണാം.

ലിങ്ക്ഡ്ഇൻ അക്കൗണ്ടിലെ വിവരം അനുസരിച്ച് അവീവ ഒരു ഫോട്ടോഗ്രാഫറാണ്. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസം ആന്റ് കമ്മ്യൂണിക്കേഷൻസ്‌ പഠിച്ചു. ഡൽഹി മോഡൽ സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർഥിയായിരുന്നു അവീവ.

ഫോട്ടോഗ്രഫിക് സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയുമായ അറ്റീലയർ 11 (Atelier) സ്റ്റുഡിയോയുടെ സഹസ്ഥാപകയാണ് അവീവ.

2023 ൽ മെത്തേഡ് ഗാലറിക്കൊപ്പം 'യു കെനോട്ട് മിസ്സ് ദിസ്', ഇന്ത്യ ആർട്ട് ഫെയറിന്റെ യങ് കളക്ടർ പ്രോഗ്രാമിന്റെ ഭാഗമായുള്ള യു കെനോട്ട് മിസ് ദിസ്, 2019 ക്വോറം ക്ലബിലെ ദി ഇലൂഷണറി വേൾഡ്, 2018 ലെ കെ2 ഇന്ത്യയിലെ ഇന്ത്യ ഡിസൈൻ ഐഡി എന്നിവിടങ്ങളിൽ ഫോട്ടോഗ്രഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

മീഡിയ, കമ്മ്യൂണിക്കേഷൻ രംഗത്തെ വിവിധ മേഖലകളിൽ അവീവ പ്രവൃത്തിപരിചയം നേടിയിട്ടുണ്ട്. നിലവിൽ PlusRymn-ൽ ഫ്രീലാൻസ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന അവീവ, മുമ്പ് PROPAGANDA-യിൽ ജൂനിയർ പ്രൊജക്റ്റ് മാനേജറായും Art Chain India-യിൽ മാർക്കറ്റിംഗ് ഇന്റേണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെയ്ഹാൻ വദ്ര

രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലാണ് റെയ്ഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്‌സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റെയ്ഹാൻ. വൈൽഡ്‌ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിൽ റെയ്ഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്.