''ജീവിതത്തിൽ ഒരിക്കൽ മാത്രം, ജീവിതകാലം മുഴുവൻ കൂടെ'' 11.11 എന്ന പ്രണയസന്ദേശവുമായി വിവാഹചിത്രങ്ങൾ പങ്കുവച്ച് അനിരുദ്ധ്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും വിവാഹിതരായി. ഏറെക്കാലമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും ഗ്രീസിൽ നടന്ന ആഡംബരപൂർണവും താരനിബിഡവുമായ ചടങ്ങിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ അനിരുദ്ധ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.21-ന് ചെന്നൈയിൽ വമ്പൻ വിവാഹസൽക്കാരം നടക്കും.

To advertise here,

''My once in a lifetime, for a lifetime , 11.11'' എന്ന കുറിപ്പോടെയാണ് അനിരുദ്ധ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടുന്ന, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരാൾ എന്ന അർഥം നൽകുന്ന ഈ വാക്കുകൾ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

വിവാഹദിനത്തിൽ പരമ്പരാഗത വേഷത്തിലാണ് അനിരുദ്ധ് എത്തിയത്. ഐവറി നിറത്തിലുള്ള കുർത്തയും അതിനൊത്ത മുണ്ടും ധരിച്ച അദ്ദേഹം, മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള നീളൻ ജാക്കറ്റും അണിഞ്ഞിരുന്നു.

ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് കാവ്യ തിരഞ്ഞെടുത്തത്. സൂക്ഷ്മമായ എംബ്രോയ്ഡറി വർക്കുകളും തിളക്കമുള്ള സീക്വിൻ അലങ്കാരങ്ങളും ലെഹങ്കയ്ക്ക് ഭംഗി നൽകി. ഇതിന് ചേരുന്ന ബ്ലൗസും കഴുത്തിൽ മനോഹരമായ ചോക്കറും കമ്മലുകളും അണിഞ്ഞാണ് കാവ്യ എത്തിയത്. പാസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഗ്രീസിൽ വിവാഹാഘോഷം; അതിഥികളായി പ്രമുഖർ

നവംബർ 10, 11 തീയതികളിലായാണ് ഗ്രീസിൽ വിവാഹാഘോഷങ്ങൾ നടന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സൂപ്പർതാരം രജനീകാന്ത് കുടുംബത്തോടൊപ്പം ഗ്രീസിലേക്ക് പോകുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബവും വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഗ്രീസിലെ വിവാഹത്തിന് പിന്നാലെ നവംബർ 21ന് ചെന്നൈയിൽ വൻ വിവാഹസൽക്കാരം സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽക്കണ്ട് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹസൽക്കാരത്തിന്റെ തീയതി സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര തുടങ്ങിയ പ്രമുഖർക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും അതിഥിപ്പട്ടികയിലുണ്ടെന്നാണ് വിവരം.

സിനിമാലോകത്തുനിന്ന് രജനീകാന്ത്, എ.ആർ. റഹ്‌മാൻ, കമൽഹാസൻ, ധനുഷ്, അജിത് കുമാർ, ഭാര്യ ശാലിനി, അല്ലു അർജുൻ, ഭാര്യ സ്‌നേഹ റെഡ്ഡി, ശിവകാർത്തികേയൻ, ഭാര്യ ആർതി, സംവിധായകൻ നെൽസൺ ദിലീപ്കുമാർ, ആൻഡ്രിയ ജെറമിയ, പ്രസന്ന, സൂരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദുമായി കാവ്യയ്ക്കുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ക്രിക്കറ്റ് താരങ്ങളും ചടങ്ങിനെത്തിയേക്കും. അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങളുടെ പേരുകളും അതിഥിപ്പട്ടികയിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ആരാണ് അനിരുദ്ധ് രവിചന്ദർ?

ധനുഷ് നായകനായ '3' എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ ശ്രദ്ധേയനായത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നിരവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കി. ഷാരൂഖ് ഖാൻ, പവൻ കല്യാൺ, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിലും സംഗീതമൊരുക്കിയിട്ടുണ്ട്. രജനീകാന്തിന്റെ 'ജയിലർ 2' ആണ് അനിരുദ്ധിന്റെ പുതിയ പ്രോജക്ടുകളിൽ ഒന്ന്.

ആരാണ് കാവ്യ മാരൻ?

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. സൺ ടിവി നെറ്റ്വർക്കിന്റെ ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സി.ഇ.ഒയുമാണ്. യുകെയിലെ വാർവിക് ബിസിനസ് സ്‌കൂളിൽനിന്ന് എം.ബി.എ പൂർത്തിയാക്കിയ കാവ്യ 2019-ലാണ് സൺ ടിവി നെറ്റ്വർക്കിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. 2017-ൽ പിതാവ് സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നേതൃത്വത്തിലും പിന്നീട് സജീവമായി.

വിവാഹവാർത്തകൾക്ക് തുടക്കം 2025-ൽ

അനിരുദ്ധും കാവ്യയും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ 2025 മുതലാണ് ശക്തമായത്. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് റെഡ്ഡിറ്റിൽ വന്ന കുറിപ്പാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.എന്നാൽ 2025 ജൂണിൽ വിവാഹവാർത്തകൾ നിഷേധിച്ച് അനിരുദ്ധ് രംഗത്തെത്തി. ''വിവാഹമോ? ചിൽ ചെയ്യൂ, സുഹൃത്തുക്കളേ. ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ'' എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

2026 ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് സൂചന നൽകിയതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. ''അവൻ വളരെ സൗമ്യനായ വ്യക്തിയാണ്. ആരെങ്കിലും അല്ല, എന്തെങ്കിലും കാരണമാണ് അവനെ തടയുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ അവനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. വളരെ വലിയൊരു വിവാഹത്തിലേക്ക് അവൻ കടക്കുകയാണ്. എന്നോട് പറഞ്ഞ വിവരങ്ങൾ അനുസരിച്ച് ഇത് ഉറപ്പാണ്. അവർ വിവാഹിതരാകുകയാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.അങ്ങനെ ഏറെനാളായി ചർച്ചയായിരുന്ന പ്രണയവാർത്തകൾക്ക് ഒടുവിൽ വിവാഹത്തോടെ പരിസമാപ്തിയായിരിക്കുകയാണ്. അനിരുദ്ധിന്റെ 11.11 എന്ന പ്രണയസന്ദേശവും നവദമ്പതികളുടെ ആദ്യ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കുകയാണ്.