ബിഹാറിലെ മൊകാമയിൽനിന്നുള്ള എം.എൽ.എ അനന്ത് സിങ് തന്റെ ഇളയ മകളുടെ വിവാഹം രാജ്യത്തെ ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. വരന് സമ്മാനമായി 3 കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ, നൂറ്റമ്പതിലധികം വിഭവങ്ങൾ അടങ്ങിയ സദ്യ, കുതിരപ്പന്തയം, പന്തയത്തിൽ ജയിക്കുന്ന ആൾക്ക് എസ്‌യുവി കാർ... അങ്ങനെ സംഭവബഹുലമായ ഒരു കല്യാണത്തിനാണ് വേദിയൊരുങ്ങുന്നത്.

To advertise here,

Read More: ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതി ഗുരുവായൂരിൽ വിവാഹിതയായി 

നവംബർ 25-നാണ് അനന്ത് സിങ്ങിന്റെ ഇളയ മകൾ ശിവാംഗി സിങ്ങും ബിഹ്തയിലെ പട്‌ന കൃഷ്ണനഗർ സ്വദേശിയായ കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേഷ് കുമാറും തമ്മിലുള്ള വിവാഹം. എം.ബി.എ. ബിരുദധാരിയായ ഋഷികേഷ് 11 വർഷത്തോളം അമേരിക്കയിലായിരുന്നു. വിവാഹത്തിന് മുന്നോടിയായി അനന്ത് സിങ്ങിന്റെ ഗ്രാമത്തിലേക്ക് ആഡംബര വാഹനങ്ങൾ എത്തിത്തുടങ്ങി.

2.5 കോടി മുതൽ 3 കോടി രൂപ വരെ വിലയുള്ള ലാൻഡ് റോവർ ഡിഫെൻഡർ കാറാണ് വരൻ ഋഷികേഷിനായി ഒരുക്കിയിരിക്കുന്നത്. ഡൽഹി സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശിവാംഗി തന്റെ ജന്മദിനത്തിൽ ആവശ്യപ്പെട്ട വണ്ടിയാണിത്. വിവാഹത്തോടൊപ്പം നടക്കുന്ന ഇളയ മകൻ അഭിനവിന്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു. കാറാണ് അദ്ദേഹം സമ്മാനമായി നൽകുന്നത്. രണ്ടര ഏക്കറിലധികം വരുന്ന ഭൂമിയിലാണ് പ്രധാന വിവാഹ മണ്ഡപവും പന്തലും.

ജയമാല ചടങ്ങിനായി ജയ്പൂരിലെ പത്രകാർ ചൗരഹ മാതൃകയിൽ 30 അടി ഉയരമുള്ള കൂറ്റൻ വേദി ഉയരുന്നുണ്ട്. ദുബായിൽനിന്നുള്ള 6 മോഡലുകളും ബോളിവുഡ്-ഭോജ്പുരി കലാകാരന്മാരും ചടങ്ങുകൾക്കായി എത്തുന്നുണ്ട്. പന്തൽ അലങ്കാരങ്ങൾക്കായി ചൈനയിൽനിന്നും ബെംഗളൂരുവിൽനിന്നും പ്രത്യേക പുഷ്പങ്ങൾ എത്തിക്കുന്നുണ്ട്. ഉത്തർപ്രദേശിൽനിന്നുള്ള തൊഴിലാളികളാണ് ടെന്റ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

Read Also:പ്രണയത്തിന് പ്രായമുണ്ടോ? പരസ്പരം തുണയാകാൻ തീരുമാനിച്ച ഒമർ അബ്ദുല്ലയെയും നിധിയെയും പരിഹസിക്കുന്നത് എന്തിന്? 

നവംബർ 25-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് കുതിരപ്പന്തയം. ഏഴരയേക്കറോളം വരുന്ന പ്രത്യേക മൈതാനത്താണ് മത്സരം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ കുതിരസവാരിക്കാർ പങ്കെടുക്കും. ഒന്നാം സ്ഥാനത്തെത്തുന്നയാൾക്ക് എസ്.യു.വി. കാറും രണ്ടാം സ്ഥാനക്കാർക്ക് മോട്ടോർ സൈക്കിളും മൂന്നാം സ്ഥാനക്കാർക്ക് സ്‌കൂട്ടറുമാണ് സമ്മാനം.

വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി നൂറ്റമ്പതിലധികം വിഭവങ്ങൾ അടങ്ങിയ രാജകീയ വിരുന്നാണ് തയ്യാറാക്കുന്നത്. ബിഹാറി നാടൻ ഭക്ഷണങ്ങൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പ്രശസ്തമായ വിഭവങ്ങളും ഉണ്ടാകും. മധുരപലഹാരങ്ങളിൽ കാജു കട്ലിക്കൊപ്പം നളന്ദയുടെ സവിശേഷതയായ 52 പാളികളുള്ള പ്രശസ്തമായ സിലാവോ ഖാജയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹത്തിൽ നാല്‌ ലക്ഷത്തിലധികം അതിഥികൾ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവരെയെല്ലാം നേരിട്ട് ക്ഷണിക്കുമെന്ന് അനന്ത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ദുലാർചന്ദ് വധക്കേസിൽ ഡിസംബർ നാലിന്‌ സുപ്രീം കോടതിക്ക് മുന്നിൽ കീഴടങ്ങാൻ അനന്ത് സിങ്ങിന് നിർദേശമുണ്ട്. മുമ്പ്‌ ആർ.ജെ.ഡിയിൽനിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനതാദളി(യു)ൽനിന്നും എം.എൽ.എ. ആയിട്ടുള്ള അനന്ത് സിങ്ങിനെ രണ്ടാഴ്ച്ച മുമ്പാണ് ജെ.ഡി.യു. പുറത്താക്കിയത്.