
സഹോദരന് സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയത്തിനായി അടുത്തിടെ പ്രിയങ്ക ചോപ്ര കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ പ്രിയങ്ക ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകളിലാണ്. നിലവില്‍ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, ദി ബ്ലഫ് എന്നിവയുടെ ഷൂട്ടിങ്ങിലാണ് പ്രിയങ്ക.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞ് മലകളില്‍ നിന്നുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഭാഗമായി ഫ്രാന്‍സിലാണ് പ്രിയങ്കയുള്ളത്. ഭര്‍ത്താവ് നിക്ക് ജൊനാസും അമ്മ മധു ചോപ്രയും മകള്‍ മാല്‍തിയും പ്രിയങ്കയ്‌ക്കൊപ്പം ഫ്രാന്‍സിലുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അതിരാവിലെ ഷൂട്ടിങ്ങിനായി പോകുമ്പോഴെടുത്ത ഒരു വീഡിയോയും പ്രിയങ്ക ആരാധകര്‍ക്കായി പങ്കുവെച്ചു. ഇന്ന് അര്‍ധരാത്രി വരെ ഷൂട്ടിങ് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും മകളെ അമ്മയെ ഏല്‍പ്പിച്ചാണ് ഷൂട്ടിങ്ങ് സൈറ്റിലേക്ക് പോകുന്നതെന്നും വീഡിയോയില്‍ പ്രിയങ്ക പറയുന്നു.
'അമ്മയോടൊപ്പം മാല്‍തി വീട്ടിലാണുള്ളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍തന്നെ മുത്തശ്ശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു. ഇപ്പോള്‍ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്.' പ്രിയങ്ക വീഡിയോയില്‍ പറയുന്നു. അമ്മയോടൊപ്പം മാല്‍തി കടല്‍തീരത്ത് പോയെന്നും ആ യാത്ര അവള്‍ ഒരുപാട് ആസ്വദിച്ചുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ ആര്‍മിയില്‍ ഡോക്ടറായിരുന്ന മധു ചോപ്ര ഏഴാം ക്ലാസില്‍തന്നെ പ്രിയങ്കയെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. 12-ാം വയസ് മുതല്‍ അമേരിക്കയിലാണ് പ്രിയങ്ക വളര്‍ന്നത്. കുട്ടിയായിരുന്നപ്പോള്‍ പ്രിയങ്കയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാതിരുന്നതില്‍ ഖേദമുണ്ടെന്ന് പിന്നീട് അഭിമുഖങ്ങളില്‍ മധു ചോപ്ര പറഞ്ഞിരുന്നു.
തനിക്ക് പരിചിതമല്ലാത്ത സംസ്‌കാരമുള്ള വീട്ടിലേക്ക് വിവാഹിതയായ ശേഷം എത്തിയപ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക മനസ് തുറന്നിരുന്നു. താനും നിക്കും വലിയ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും രണ്ട് വ്യത്യസ്തമായ സംസ്‌കാരമാണ് പഠിച്ചതും ശീലിച്ചതുമെന്ന് പ്രിയങ്ക പറയുന്നു. പരസ്പര ധാരണയില്‍ മുന്നോട്ടു പോകാന്‍ പലതും പുതുതായി പഠിക്കേണ്ടി വന്നു. അതെല്ലാം മനസിലാക്കിയതിനാലാണ് ജീവിതം താളപ്പിഴകളില്ലാതെ മുന്നോട്ടുപോകുന്നതെന്നും പ്രിയങ്ക പറയുന്നു.
'ഞാന്‍ കൗമരാകാലം അമേരിക്കയിലാണ് ചെലവഴിച്ചത്. അവിടുത്തെ സംസ്‌കാരം ഞാന്‍ കുറേയൊക്കെ മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ജീവിതം അടിമുടി മാറിയതായി തോന്നി. ജൊനാസ് കുടുംബത്തിലേക്ക് കയറിച്ചെന്നപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവരുടെ സംസ്‌കാരവും മറ്റ് കാര്യങ്ങളും പഠിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. അവനും ഇതേ അവസ്ഥ വന്നു. പക്ഷേ അതൊന്നും ഞങ്ങളെ ബാധിച്ചില്ല.' - അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നു.
2018-ലാണ് നിക്ക് ജൊനാസും പ്രിയങ്കയും വിവാഹിതരാകുന്നത്. ഇന്ത്യന്‍ പാരമ്പര്യത്തിന് അനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് ശേഷം അമേരിക്കയിലും വിവാഹം നടന്നു. 2022-ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. വാടകഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്.
Content Highlights: priyanka chopra says mother is returning the favour by looking after malti
Published: 01 May 2024, 06:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented