കമലഹാസൻ, വിജയ്, സൂര്യ, ആമിർ ഖാൻ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ഹിറ്റുകൾ സൃഷ്ടിച്ച നടിയാണ് അസിൻ തോട്ടുങ്കൽ. എന്നാൽ, പ്രശസ്തിയുടെയും വിജയത്തിന്റെയും കൊടുമുടിയിൽ നിൽക്കുമ്പോഴാണ് 2016-ൽ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുൽ ശർമയുമായുള്ള വിവാഹശേഷം അസിൻ അഭിനയരംഗത്തോട് പൂർണമായി വിടപറഞ്ഞത്. ക്യാമറക്കണ്ണുകളിൽ നിന്നും മാധ്യമശ്രദ്ധയിൽ നിന്നും മാറി തികച്ചും വ്യക്തിപരമായൊരു ജീവിതമാണ് അസിൻ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് 41 വയസ്സുതികയുകയാണ് അസിന്.

To advertise here,

തങ്ങളുടെ കുടുംബജീവിതത്തെക്കുറിച്ചും ഏഴുവയസ്സുകാരിയായ മകൾ അരിൻ റെയ്ൻ ശർമയെ വളർത്തുന്നതിൽ അസിൻ പുലർത്തുന്ന മാതൃകാപരമായ ശൈലിയെക്കുറിച്ചും ഒരിക്കൽ ഭർത്താവ് രാഹുൽ ശർമ പറഞ്ഞത് വീണ്ടും ചർച്ചയാവുകയാണ്.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കൊച്ചുകുട്ടികൾ പോലും മൊബൈൽ സ്‌ക്രീനുകൾക്കും ടെലിവിഷനും മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ, മകൾ അരിന് പൂർണ്ണമായും സ്‌ക്രീൻ ഫ്രീ ആയൊരു അന്തരീക്ഷമാണ് അസിൻ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അരിന് ഇതുവരെ യാതൊരുവിധ സ്‌ക്രീൻ ടൈമും നൽകിയിട്ടില്ലെന്ന് രാഹുൽ ശർമ്മ വ്യക്തമാക്കുന്നു. 'ഞങ്ങളുടെ വീട്ടിൽ ടെലിവിഷനോ മൊബൈൽ ഫോണോ അരിന് നൽകിയിട്ടില്ല. പകരം പുസ്തകങ്ങൾ മാത്രമാണ് അവളുടെ ലോകം. ഒരുപക്ഷേ, അരിൻ പഠിക്കുന്ന സ്‌കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ട്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസ്സിലെയും ഒമ്പതാം ക്ലാസ്സിലെയും പുസ്തകങ്ങൾ വരെ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. തമാശയായി അന്ന് ഞാൻ പറയാറുണ്ട്, 'എന്നാൽപ്പിന്നെ ഇവളെ പത്താം ക്ലാസ്സിലെ ബോർഡ് പരീക്ഷയ്ക്കിരുത്തിയാലോ?' എന്ന്. ഇതെല്ലാം അസിന്റെ അർപ്പണബോധത്തിന്റെ ഫലമാണ്,'

സ്‌ക്രീനുകളുടെ ലോകത്ത് നിന്ന് മാറി പുസ്തകങ്ങൾക്കും അറിവുകൾക്കും പ്രാധാന്യം നൽകിയുള്ള ഈ വളർത്തൽ രീതി അരിനിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. വെറും ഏഴു വയസ്സ് മാത്രം പ്രായമുള്ള അരിന് കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പെടെ 12 ഓളം ഭാഷകൾ ഗ്രഹിക്കാനും സംസാരിക്കാനും സാധിക്കുമെന്ന് രാഹുൽ വെളിപ്പെടുത്തി.'എനിക്ക് രണ്ട് ഭാഷകൾ പോലും ശരിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ഞങ്ങൾ ഒതുങ്ങിനിൽക്കുമ്പോഴാണ് അരിൻ ഇത്രയധികം ഭാഷകൾ ഗ്രഹിക്കുന്നത്,' രാഹുൽ കൂട്ടിച്ചേർത്തു.

തന്റെ ബിസിനസ്സ് ജീവിതത്തിലും വ്യക്തിജീവിതത്തിലും അസിൻ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് രാഹുൽ ശർമ്മ പറയുന്നു. തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളിയാണ് അസിൻ.'അസിനെ വിവാഹം കഴിച്ചതാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. എന്റെ എല്ലാ വലിയ തീരുമാനങ്ങൾക്കും പിന്നിലെ കരുത്ത് അവളാണ്. ബിസിനസ്സിലും ജീവിതത്തിലും എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ 'പേടിക്കാനൊന്നുമില്ല, മുന്നോട്ട് പോകൂ' എന്ന് പറഞ്ഞ് എനിക്ക് ധൈര്യം തരുന്നത് അസിനാണ്. നമ്മളെ പുറകോട്ടു വലിക്കുന്നവരാകരുത് പങ്കാളി, മറിച്ച് ഉയരങ്ങളിലേക്ക് നയിക്കുന്നവരാകണം. എന്റെ ജീവിതത്തിൽ അസിൻ വഹിക്കുന്ന പങ്ക് വാക്കുകൾക്ക് അതീതമാണ്,' രാഹുൽ രാഹുൽ ശർമ്മ വ്യക്തമാക്കി.

2015-ൽ പുറത്തിറങ്ങിയ 'ഓൾ ഈസ് വെൽ' എന്ന ചിത്രത്തിലാണ് അസിൻ അവസാനമായി അഭിനയിച്ചത്.