മക്കൾക്ക് വിലകൂടിയ സമ്മാനങ്ങൾ കൊടുക്കുന്നതാണോ സ്‌നേഹം? ആ സമ്മാനങ്ങൾ അവരുടെ ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷമായി മാറുമെന്ന് ഉറപ്പുണ്ടോ? പഠനങ്ങൾ പറയുന്നത് കുട്ടികളിൽ സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. സ്വന്തം കാലിൽ നിൽക്കാനും ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും പ്രാപ്തരാക്കുന്ന നല്ലൊരു അന്തരീക്ഷം നമുക്ക് അവർക്കായി ഒരുക്കാം.

To advertise here,

അതിനായി അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ:

കൊച്ചുകൊച്ചു ഉത്തരവാദിത്തങ്ങൾ നൽകുക: വീട്ടുജോലികളിലും സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിലും പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ കുഞ്ഞുങ്ങളെ ഏൽപ്പിക്കുക.

ശ്രമങ്ങളെ അഭിനന്ദിക്കുക: അന്തിമ വിജയത്തെക്കാൾ പ്രധാനം അതിനായി അവർ നടത്തുന്ന ശ്രമങ്ങളാണ്. എന്തു കാര്യം ചെയ്യുമ്പോഴും അവരുടെ പരിശ്രമത്തെ മനസ്സ് തുറന്ന് പ്രശംസിക്കുക.

മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക: ഓരോ കുട്ടിയും വേറിട്ട വ്യക്തിത്വമുള്ളവരാണ്. സഹോദരങ്ങളോടോ മറ്റ് കുട്ടികളോടോ താരതമ്യം ചെയ്ത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത്.

തോൽവികളെ സ്വാഭാവികമായി കാണാൻ പഠിപ്പിക്കുക: പരാജയങ്ങൾ വീഴ്ചകളല്ല, മറിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണെന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക. തെറ്റുകൾ പറ്റുമ്പോൾ കോപിക്കാതെ പരിഹാരം കണ്ടെത്താൻ വഴികാട്ടുക.

തീരുമാനങ്ങളെടുക്കാൻ അവസരം നൽകുക: ഇടയ്ക്കിടെ വസ്ത്രം തിരഞ്ഞെടുക്കുന്നതിലോ കളികളിലോ പോലുള്ള കൊച്ചുകൊച്ചു കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാൻ അവരെ അനുവദിക്കുക. ഇത് അവരുടെ ചിന്താശേഷി വർദ്ധിപ്പിക്കും.

അഭിപ്രായങ്ങൾക്ക് വിലനൽകുക: കുടുംബത്തിലെ പൊതുവായ സംസാരങ്ങളിൽ മക്കളുടെ അഭിപ്രായങ്ങളും ശ്രദ്ധയോടെ കേൾക്കുക. തങ്ങളുടെ വാക്കുകൾക്കും മൂല്യമുണ്ടെന്ന തോന്നൽ അവരിൽ വലിയ ആത്മവിശ്വാസമുണ്ടാക്കും.

അമിതസംരക്ഷണം ഒഴിവാക്കുക: ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾത്തന്നെ മാതാപിതാക്കൾ ഇടപെടാതെ, അത് സ്വയം പരിഹരിക്കാൻ കുട്ടികളെ അനുവദിക്കുക. ഇത് അവരുടെ പ്രശ്‌നപരിഹാര ശേഷി വളർത്തും.

ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കുക: ഫോണിനും ടിവിക്കും മുന്നിലിരിക്കുന്ന സമയം പരിമിതപ്പെടുത്തി കളികളിലും സർഗ്ഗാത്മക ഹോബികളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.

വിശ്വാസം പ്രകടിപ്പിക്കുക: 'നിനക്കിത് ചെയ്യാൻ സാധിക്കും' എന്ന അച്ഛനമ്മമാരുടെ വാക്ക് കുഞ്ഞുങ്ങൾക്ക് നൽകുന്ന ധൈര്യവും ആത്മവിശ്വാസവും വളരെ വലുതാണ്.