നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹി പോലീസിലെ വനിതാ കോൺസ്റ്റബിളായ സോണിക്ക യാദവ്. ഏഴ് മാസം ഗർഭിണിയായിരിക്കെ ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ പങ്കെടുത്ത് 145 കിലോഗ്രാം ഭാരം ഉയർത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സോണിക്ക. വെയിറ്റ് ലിഫ്റ്റിങ് ചെയ്യുന്ന സോണിക്കയുടെ വീഡിയോ ഡൽഹി പോലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

മത്സരത്തിൽ സോണിക്ക വെങ്കല മെഡൽ കരസ്ഥമാക്കി. സ്ക്വാട്ടിൽ 125 കിലോഗ്രാമും ബെഞ്ച് പ്രസ്സിൽ 80 കിലോഗ്രാമും ഡെഡ്‌ലിഫ്റ്റിൽ 145 കിലോഗ്രാമുമാണ് ഉയർത്തിയത്. 

താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴും പരിശീലനം നിർത്തേണ്ടെന്ന് സോണിക്ക തീരുമാനിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗർഭകാലത്തും താൻ വെയ്റ്റ്‌ലിഫ്റ്റിങ് തുടർന്നുവെന്നും ആ ധൈര്യമാണ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ സഹായിച്ചതെന്നും അവർ വെളിപ്പെടുത്തി. എല്ലാ ഘട്ടത്തിലും ഡോക്ടറുമായി ആലോചിച്ച ശേഷമാണ് പരിശീലനം തുടർന്നതെന്നും അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കിയെന്നും സോണിക്ക പറയുന്നുണ്ട്. 

ഗർഭകാലത്ത് സമാനമായ നേട്ടം കൈവരിച്ച ലൂസി മാർട്ടിൻസ് എന്ന സ്ത്രീയെക്കുറിച്ച് അറിഞ്ഞ സോണിക്ക, ഇൻസ്റ്റാഗ്രാമിലൂടെ ലൂസിയെ ബന്ധപ്പെടുകയും പരിശീലന നുറുങ്ങുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ, സോണിക്ക ഗർഭിണിയാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ സത്യം പുറത്തുവന്നപ്പോൾ മുഴുവൻ സ്റ്റേഡിയവും പ്രോത്സാഹനവുമായി എത്തി.

2014 ബാച്ചിലെ കോൺസ്റ്റബിളാണ് സോണിക്ക യാദവ്. നിലവിൽ കമ്മ്യൂണിറ്റി പോലീസിങ് സെല്ലിലാണ് പ്രവർത്തിക്കുന്നത്.

ഗർഭകാലത്ത് വെയ്റ്റ്‌ലിഫ്റ്റിങ് പോലുള്ള കഠിനമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമായിരിക്കണം ഇത്തരം കായികപ്രവർത്തികളിൽ ഏർപ്പെടേണ്ടത്.