കഥാപാത്രത്തിനായി ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തന്റെ പുതിയ ഹിന്ദിസിനിമയായ ബബിത സിംഗ് റിപ്പോർട്ടിങ്ങിലെ കഥാപാത്രത്തിനായി ഭാരം കൂട്ടിയ നടിയാണ് നിമിഷ സജയൻ. എന്നാൽ അമിതവണ്ണത്തിൽ നിന്നും 14 കുറച്ച് വലിയ മേക്കോവറും നടത്തിയിരിക്കുകയാണ് നടി.

To advertise here,

എന്നാൽ, ശരീരഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്ത മേക്കോവർ അത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് നിമിഷ. ഇൻസ്റ്റഗ്രാമിലാണ് തന്റെ ഗംഭീര മേക്കോവർ ചിത്രങ്ങൾ നിമിഷ പങ്കുവെച്ചത്.

അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമ ചിത്രം 'ബബിത സിങ് റിപ്പോർട്ടിങ്' എന്ന പുതിയ ഹിന്ദി സിനിമയ്ക്ക് വേണ്ടിയാണ് നിമിഷ ഈ വലിയ വെല്ലുവിളി ഏറ്റെടുത്തത്. സാധാരണയായി 58 കിലോഗ്രാം ഭാരം നിലനിർത്തിയിരുന്ന നിമിഷ, കഥാപാത്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 14 കിലോഗ്രാമോളം ഭാരം കൂട്ടി 72 കിലോയിലെത്തി.

സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇത്രയും ശരീരഭാരം കുറച്ചെടുക്കുക എന്നത് ഒരു നിമിഷയെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. താൻ കടന്നുപോയ രൂപമാറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിമിഷ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

'ഇനിയെന്നെക്കൊണ്ട് കഴിയില്ല'

ഭാരം കുറയ്ക്കാൻ തുടങ്ങിയപ്പോൾ നിമിഷ അനുഭവിച്ചത് വല്ലാത്തൊരു മാനസിക-ശാരീരിക സമ്മർദമായിരുന്നുവെന്ന് അവർ പറയുന്നു. ഭാരം കുറയ്ക്കാൻ തുടങ്ങിയ ആദ്യത്തെ പത്ത് ദിവസങ്ങൾ ജീവിതത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നുവെന്ന് താരം ഓർത്തു.

ഒട്ടും തന്നെ ഉറക്കമില്ലായ്മ, അനിയന്ത്രിതമായ മാനസിക വ്യതിയാനങ്ങൾ, കഠിനമായ ക്ഷീണം... അങ്ങനെ എല്ലാം ഉപേക്ഷിക്കാൻ തോന്നിയ സമയമായിരുന്നു അത്. സ്വന്തം ട്രയിനറിന്റെ മുന്നിലിരുന്ന് 'എനിക്കിത് ഇനി മുന്നോട്ട് കൊണ്ടുപോകാൻ വയ്യ' എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങൾ വരെ ഉണ്ടായിരുന്നുവെന്ന് നിമിഷ വെളിപ്പെടുത്തി.

തന്റെ ഈ കഠിനമായ തിരിച്ചുവരവിന് പിന്നിൽ പേഴ്സണൽ ട്രെയിനർ അലി ഷിഫാസ് നൽകിയ പിന്തുണ ചെറുതല്ലെന്ന് നിമിഷ സ്മരിച്ചു. അലി ഷിഫാസ് കൂടെയില്ലായിരുന്നെങ്കിൽ താൻ ഈ ശ്രമം പകുതിവഴിയിൽ ഉപേക്ഷിച്ചുപോയേനേ എന്ന് താരം തുറന്നുപറഞ്ഞു.

സ്വയം വിശ്വസിക്കാൻ കഴിയാതിരുന്ന നിമിഷങ്ങളിൽ പോലും തന്നിൽ പ്രതീക്ഷയർപ്പിച്ചതും, തോറ്റുകൊടുക്കാൻ തയ്യാറായ ഓരോ ദിവസവും വീണ്ടും ഊർജ്ജം നൽകിയതും 'ഷിഫുക്കയാണെന്ന്' നടി കുറിച്ചു.

മോശം ദിവസങ്ങളിൽ ഒരിക്കൽപോലും തന്നെ കുറ്റപ്പെടുത്താതെ കൂടെ നിന്ന മികച്ചൊരു ചിയർ ലീഡറായിരുന്നു അദ്ദേഹമെന്നും നിമിഷ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നതിൽ ഉപരിയായി വലിയൊരു സത്യമാണ് ഈ മേക്കോവർ യാത്ര തന്നെ പഠിപ്പിച്ചതെന്ന് നിമിഷ തുറന്നു പറയുന്നു.

ക്ഷമ, സ്വന്തം ശരീരത്തോടുള്ള ആത്മാർത്ഥമായ വിശ്വാസം, അതിലുപരി പ്രതിസന്ധികളിൽ തളരുമ്പോൾ ഒപ്പം നിൽക്കാൻ ശരിയായ ആളുകൾ കൂടെയുണ്ടാകുന്നതിന്റെ മൂല്യം ഇവയെല്ലാം ഈ യാത്ര തനിക്ക് സമ്മാനിച്ച വലിയ പാഠങ്ങളാണെന്നും അവർ പറഞ്ഞു. ആരാധകരും നിമിഷയുടെ മേക്കോവറിനെ പ്രശംസിച്ച് കമന്റുകളിട്ടിട്ടുണ്ട്. നിമിഷയുടെ 'ബബിത സിങ് റിപ്പോർട്ടിങ്' നിലവിൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.