തെന്നിന്ത്യൻ ചലച്ചിത്രതാരം ഖുശ്ബു സുന്ദറിന്റെ മേക്കോവറും ഭാരം കുറയ്ക്കാനായി അവർ പിന്തുടർന്ന ജാപ്പനീസ് ഭക്ഷണക്രമവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോകത്തിലെ ഏറ്റവും ദീർഘായുസ്സുള്ളവരും ആരോഗ്യവാന്മാരുമായ ആളുകൾ അധിവസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇവരുടെ ഈ മികച്ച ആരോഗ്യത്തിന് പിന്നിലെ പ്രധാന രഹസ്യങ്ങളിലൊന്ന് അവർ പിന്തുടരുന്ന പരമ്പരാഗത ജാപ്പനീസ് ഭക്ഷണക്രമമാണ്. സംസ്‌കരിക്കാത്ത, പ്രകൃതിദത്തമായ ചേരുവകൾക്ക് മുൻഗണന നൽകുന്ന ഈ രീതി കേവലം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മറിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

To advertise here,

കുറഞ്ഞ അളവിൽ മാത്രം പ്രകൃതിദത്ത വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതിയാണിത്. മൃഗക്കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ആഹാരങ്ങൾ എന്നിവ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇതിൽ ഉണ്ടാകാറുള്ളത്. പുഴുങ്ങിയ അരി അല്ലെങ്കിൽ സോബ/ഉഡോൺ നൂഡിൽസ് എന്നിവയാണ് അവരുടെ പ്രധാന ആഹാരം. ഒപ്പം മത്സ്യവിഭവങ്ങൾ, ടോഫു, മുട്ട, പച്ചക്കറികൾ, കടൽപായൽ, പിക്കിൾസ്, കൂൺ എന്നിവ. സോയാബീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മിസോ സൂപ്പും അവരുടെ ആഹാരത്തിൽ പ്രധാനമാണ്.

അടുത്ത കാലത്ത് വൈറലായ ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ മച്ചാ ടീ ജാപ്പനീസാണ്. അതുപോലെ അല്പം വേവിച്ചതോ, ഗ്രിൽ ചെയ്തതോ, പച്ചയായോ (സഷിമി/സുഷി) കഴിക്കുന്ന മീനുകൾ.സോയ അധിഷ്ഠിത ഉൽപ്പന്നങ്ങളായ ടോഫു, എഡമാമെ, മിസോ, നാറ്റോ,ബ്രോക്കോളി, ക്യാബേജ്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയെല്ലാം ഇവരുടെ ഭക്ഷണശീലത്തിലുണ്ട്. പാക്കറ്റ് ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ ഒഴിവാക്കുമ്പോൾ പാൽ, വെണ്ണ, ചീസ് എന്നിവ വളരെ അപൂർവമായി മാത്രമേ ഉൾപ്പെടുത്താറുള്ളൂ. ബീഫ്, പോർക്ക് തുടങ്ങിയവയും അമിത മധുരമുള്ള പലഹാരങ്ങളും ലഘുപാനീയങ്ങളും ഇവർ ഒഴിവാക്കാറുണ്ട്.

ജാപ്പനീസ് ഭക്ഷണശീലത്തിന്റെ പ്രത്യേകതകൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യവും ആന്റിഓക്സിഡന്റുകളും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കാലറി കുറഞ്ഞതും നാരുകൾ ധാരാളമുള്ളതുമായ ഭക്ഷണമായതിനാൽ അമിതവണ്ണം തടയുന്നു.

മിസോ, നാറ്റോ പോലുള്ള ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ വർധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

വിറ്റാമിനുകൾ, മിനറലുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർധിക്കുന്നു.

ചുരുക്കത്തിൽ, കൃത്രിമ ചേരുവകൾ ഒഴിവാക്കി, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന സമീകൃതമായ ആഹാരരീതിയാണ് ജാപ്പനീസ് ഡയറ്റിന്റെ പ്രത്യേകത.