തിരുവല്ലയിലെ സ്വകാര്യ വെൽനസ് ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചതിൽ ബന്ധുക്കൾ പരാതിയുമായി എത്തിയിരുന്നു. കൈയിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിലെത്തിയ വി.ജി.വിദ്യയാണ് മരിച്ചത്. കൊഴുപ്പുനീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കോസ്‌മെറ്റിക് സർജറി പോലുള്ളവയ്ക്കുവേണ്ട മുൻകരുതലുകളോ, അടിയന്തര ജീവൻരക്ഷാ സൗകര്യങ്ങളോ ഇല്ലാതെയാണ് ചികിത്സ നടത്തിയതെന്ന് മകൻ സിദ്ധാർത്ഥ് സന്തോഷ് തിരുവല്ല പോലീസിൽ നൽകിയ പരാതിയിലുണ്ട്. ഇതിനുപിന്നാലെ കൊഴുപ്പുനീക്കുന്ന ശസ്ത്രക്രിയ സംബന്ധിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ കൊഴുപ്പുനീക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പമാർഗമല്ല.

To advertise here,

പ്രത്യേക ഭാഗങ്ങളിലെ ത്വക്കിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ തോത് കീഹോൾ (താക്കോൽദ്വാര) ശസ്ത്രക്രിയയിലൂടെ നീക്കുന്നതിനെയാണ് ലൈപ്പോസക്‌ഷൻ എന്ന് പറയുന്നത്. ഇത് തടി കുറയ്ക്കാനുള്ള എളുപ്പമാർഗമല്ല. ലൈപ്പോസക്‌ഷനെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ഏറ്റവുംവലിയ തെറ്റിദ്ധാരണയാണിത്. അമിതവണ്ണമുള്ള ഒരാളുടെ ഭാരം കുറയ്ക്കാനല്ല, മറിച്ച് ശരീരഭാഗങ്ങളിലെ കൊഴുപ്പ് മാറ്റി ആകൃതിവരുത്താനുള്ള പ്രക്രിയയാണിത്.

ലൈപ്പോസക്‌ഷൻ ചെയ്ത ഭാഗത്തെ കൊഴുപ്പ് കുറയുമെങ്കിലും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്താൽ വീണ്ടും കൊഴുപ്പ് അടിഞ്ഞേക്കാം. ലൈപ്പോസക്‌ഷൻ ചെയ്യാൻ വൈദഗ്‌ധ്യമുള്ള ഡോക്ടറെ സമീപിക്കുമ്പോൾത്തന്നെ ഇതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും അപകടസാധ്യതകളും ഇതിന് വിധേയനാകുന്ന വ്യക്തിയെ/രക്ഷാകർത്താക്കളെ പറഞ്ഞു മനസ്സിലാക്കണം. ചികിത്സയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ നിർദ്ദിഷ്ട പരിശോധനകൾ പൂർത്തിയാക്കി അനസ്‌തേഷ്യ ഡോക്ടറെ കണ്ട് മെഡിക്കൽ ഫിറ്റ്‌നെസ് ഉറപ്പുവരുത്താൻ നിർദേശിക്കും.

ടുമിസെന്റ് ലോക്കൽ അനസ്‌തേഷ്യ, ഐ.വി. സെഡേഷൻ, ജനറൽ അനസ്‌തേഷ്യ എന്നിങ്ങനെ രീതികളാണ് ഉപയോഗിക്കാറുള്ളത്. ലൈപ്പോസക്‌ഷന് വിധേയനാകുന്ന ആളുടെ എക്‌സ് റേ, ഇ.സി.ജി, വിവിധ രക്തപരിശോധനാഫലങ്ങൾ എന്നിവകൂടി വിലയിരുത്തും. വ്യക്തിക്ക് ആവശ്യമായ അനസ്‌തേഷ്യ ഏതാണെന്ന് വിദഗ്‌ധ അനസ്‌തേഷ്യ ഡോക്ടർ ഉറപ്പിക്കും. നിർദിഷ്ട പരിശോധന പൂർത്തിയാക്കിയാൽ വിദഗ്‌ധഡോക്ടറുടെ സഹായത്തോടെ ലൈപ്പോസക്‌ഷൻ വിജയകരമായി നടത്താനും കൃത്യമായ ജീവിതശൈലികൾ പിന്തുടർന്ന് ആകാരവടിവ് നിലനിർത്താനും കഴിയും.

ശസ്ത്രക്രിയയ്ക്ക് ഉറപ്പുവരുത്തേണ്ടത്

  1. ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകൃത സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള ഡോക്ടറാകണം ലൈപ്പോസക്‌ഷൻ ചെയ്യേണ്ടത്.
  2. അനസ്‌തേഷ്യ, ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണം, അത്യപൂർവമായി ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻപറ്റുന്ന പൂർണ സജ്ജീകരണങ്ങളുള്ള ആശുപത്രിയിലാണ് ലൈപ്പോസക്‌ഷൻ നടത്തേണ്ടത്.
  3. ബ്യൂട്ടി പാർലറുകളിലോ കൃത്യമായ ലൈസൻസ് ഇല്ലാത്ത ചികിത്സാകേന്ദ്രങ്ങളിലോ പോകുന്നത് അപകടകരമാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ദീപക് അരവിന്ദ്

പ്ലാസ്റ്റിക് ആൻഡ‍് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി

ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി, തിരുവല്ല