ശരീരഭാരം അൽപം കൂടിയാൽ ആത്മവിശ്വാസം തകർക്കുന്ന തരം പരിഹാസങ്ങളും അധിക്ഷേപങ്ങളുമാണ് പലർക്കും നേരിടേണ്ടി വരാറുള്ളത്. എന്നാൽ അതേ ഭാരം കുറയ്ക്കാൻ ശാസ്ത്രീയമായ വഴികളോ മരുന്നുകളോ തിരഞ്ഞെടുക്കുമ്പോൾ 'കുറുക്കുവഴി' എന്ന് മുദ്രകുത്തി വീണ്ടും കളിയാക്കുന്ന പ്രവണതയെപ്പറ്റി തുറന്നുപറയുകയാണ് ബോളിവുഡ് നടനും ഫിറ്റ്നസ് പ്രേമിയുമായ കുനാൽ കപുർ. ഒരു അഭിമുഖത്തിലാണ് കുനാൽ കപുർ ഇതിനെക്കുറിച്ച് സംസാരിച്ചത്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള സാമൂഹിക മനോഭാവത്തെ രൂക്ഷമായ ഭാഷയിലാണ് കുനാൽ വിമർശിച്ചത്. 'വർഷങ്ങളായി അമിതഭാരമുള്ളവരെ നമ്മൾ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. അത് വ്യക്തിപരമായ പോരായ്മയോ വ്യക്തിത്വ വൈകല്യമോ ആണെന്ന രീതിയിലാണ് പലരുടെയും പെരുമാറ്റം. 'നിങ്ങൾ ആവശ്യത്തിന് അധ്വാനിക്കുന്നില്ല', 'നിങ്ങൾ അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നു, അത് കുറയ്ക്കൂ' എന്നൊക്കെയാണ് ആളുകളോട് സ്ഥിരമായി ഉപദേശിക്കാറുള്ളത്,' കുനാൽ വ്യക്തമാക്കുന്നു.
എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് കുനാൽ ചൂണ്ടിക്കാണിക്കുന്നു. തന്നേക്കാൾ കൂടുതൽ വ്യായാമം ചെയ്യുകയും കുറച്ചുമാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ തനിക്കൊപ്പമുണ്ടെന്നും, എന്നിട്ടും അവർക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ് അമിതവണ്ണമെന്നത് വ്യക്തിയുടെ പോരായ്മയല്ല, മറിച്ച് അതൊരു ജീവശാസ്ത്രപരമായ പ്രശ്‌നമാണ് എന്നത്. അതിനാൽ തന്നെ അതിനെ ഒരു ജീവശാസ്ത്രപരമായ പ്രശ്‌നമായിത്തന്നെ കാണണം.'
'ഭാരം കൂടുമ്പോഴും അത് കുറയ്ക്കാൻ കഴിയാതെ വരുമ്പോഴും അധ്വാനിക്കുന്നില്ലെന്ന് പറഞ്ഞും നമ്മൾ ആളുകളെ അധിക്ഷേപിച്ചു. എന്നാൽ ഇപ്പോൾ അവർക്ക് പ്രയോജനപ്പെടുന്ന ഒരു മരുന്ന് ഉപയോഗിക്കുമ്പോഴും നമ്മൾ അവരെ കുറ്റപ്പെടുത്തുന്നു. ഈ അപമാനിക്കൽ അവസാനിപ്പിക്കേണ്ട സമയമായി. എല്ലാവരുടെയും ഉപാപചയ പ്രവർത്തനങ്ങളും ശരീരവും അവർ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ശാസ്ത്രീയ മാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടത്,' കുനാൽ കപുർ പറഞ്ഞു.
ഒസെംപിക്കും മൗൻജാരോയും
ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കായി വികസിപ്പിച്ചതും പിന്നീട് ശരീരഭാരം കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒസെംപിക്, മൗൻജാരോ തുടങ്ങിയ ജി.എൽ.പി-1 വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ശക്തമായ പാർശ്വഫലങ്ങൾ ഉളവാക്കാൻ ശേഷിയുള്ളവയാണെന്നും കുനാൽ ഓർമ്മിപ്പിക്കുന്നു.'ഇവ കേവലം ഭാരം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ വലിയ വലിയ മാറ്റങ്ങൾ വരുത്താൻ ഇവയ്ക്ക് സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനും പ്രമേഹ സൂചകങ്ങളെ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ മരുന്നുകൾ ഒരു 'ഒറ്റമൂലി' അല്ലെന്ന് കുനാൽ മുന്നറിയിപ്പ് നൽകുന്നു. ഡോക്ടറുടെ കുറിപ്പടിയുമായി പോയി മരുന്ന് വാങ്ങി കഴിക്കുന്നതുപോലെയല്ല ഇത്. ആ മരുന്ന് ഉപയോഗിക്കുമ്പോൾ കൃത്യമായ പിന്തുണയും വിദഗ്ധരുടെ മേൽനോട്ടവും ആവശ്യമാണ്. ഡോസേജുകളിൽ മാറ്റം വരുത്തേണ്ടി വന്നേക്കാം, പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യേണ്ടി വരാം. കൂടാതെ, മരുന്ന് കഴിക്കുന്ന സമയത്ത് ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നുണ്ടെന്നും വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി ഒരു വിദഗ്ധസഹായം വേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kunal Kapoor criticizes society for body shaming overweight individuals., Obesity is a biological issue, not just a personal failure or lack of effort., People face double standards when criticized for being overweight and later shamed for using scientific weight loss methods., GLP-1 medications like Ozempic and Mounjaro help with metabolism and health, but require medical supervision.
Published: 15 Sept 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented