ചെറിയ അളവിലുള്ള ഭക്ഷണം, പതിവായ വ്യായാമം, കൃത്യമായ സ്വയംനിയന്ത്രണം, സ്ഥിരത എന്നീ നാല് കാര്യങ്ങളാണ് ഈ വലിയ മാറ്റത്തിന് പിന്നിലെ പ്രധാനം.

ഖുശ്ബു സുന്ദറിന്റെ മേക്കോവർ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. നാല് വർഷത്തിനിടയിൽ ഏകദേശം 38 കിലോയോളം ഭാരമാണ് താരം കുറച്ചത്. എന്നാൽ, ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാൾ പ്രയാസമേറിയ കാര്യം അത് കൃത്യമായി നിലനിർത്തുക എന്നതാണെന്ന് താരം വെളിപ്പെടുത്തുന്നു. ദിനചര്യയിലും ഭക്ഷണക്രമത്തിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ഖുശ്ബു.
ശരീരഭാരം 98 കിലോയ്ക്ക് അടുത്തേക്ക് കൂടിയപ്പോഴാണ് വണ്ണം കുറയ്ക്കണമെന്ന ചിന്ത ഖുശ്ബുവിൽ ശക്തമാകുന്നത്. നേരത്തേയും വണ്ണംകുറയ്ക്കാൻ പരിശ്രമിച്ചിട്ടുണ്ടെങ്കിലും 2021-ലാണ് അതിനായി താരം പൂർണമായി തീരുമാനമെടുക്കുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച കാൽമുട്ടിലെ പരിക്കും തുടർന്ന് വേണ്ടിവന്ന ശസ്ത്രക്രിയയും, ഭാരം കുറയ്ക്കണമെന്ന ഡോക്ടറുടെ മുന്നറിയിപ്പും ജീവിതശൈലി മാറ്റാൻ താരത്തെ പ്രേരിപ്പിക്കുകയായിരുന്നു. പടികൾ കയറുമ്പോൾ കഠിനമായ മുട്ടുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അവർ പറയുന്നുണ്ട്.
മിക്ക ആളുകളും വണ്ണം കുറയ്ക്കാനായി തങ്ങൾക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഖുശ്ബുവിന്റെ രീതി തികച്ചും വ്യത്യസ്തമായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം കഴിക്കുന്ന അളവ് നിയന്ത്രിക്കുന്ന 'പോർഷൻ കൺട്രോൾ' രീതിയാണ് താരം പിന്തുടർന്നത്. തന്റെ പ്രിയപ്പെട്ട ഭക്ഷണമായ മട്ടൻ ബിരിയാണി കഴിക്കുന്നത് ഖുശ്ബു നിർത്തിയില്ല. പകരം, വലിയ പ്ലേറ്റിൽ നിറയെ കഴിച്ചിരുന്ന സ്ഥാനത്ത് ഒരൊറ്റ ചെറിയ ബൗളിൽ ഒരു കഷ്ണം മട്ടൻ മാത്രം ഉൾപ്പെടുത്തി അളവ് ചുരുക്കി.
പായസം, ഇന്ത്യൻ മധുരപലഹാരങ്ങൾ, ഐസ്‌ക്രീം എന്നിവ കഴിക്കുന്നത് തുടർന്നപ്പോഴും എപ്പോൾ കഴിക്കൽ നിർത്തണം എന്ന സ്വയംനിയന്ത്രണം താരം ശീലമാക്കി.പാൽ, പഞ്ചസാര എന്നിവയടങ്ങിയ ദിനംപ്രതിയുള്ള ചായ കുടിയും താരം ഉപേക്ഷിച്ചിരുന്നില്ല. വിദഗ്ദ്ധ പരിശോധനയ്ക്കിടെ തനിക്ക് ഗ്ലൂട്ടൻ അലർജിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ചപ്പാത്തി പോലുള്ളവ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കി.
ഭക്ഷണസാധനങ്ങൾ ഓരോന്നും അളന്നുതൂക്കി കഴിക്കുന്ന കടുപ്പമേറിയ ഡയറ്റ് പ്ലാനുകൾ പിന്തുടരാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും, ശരീരത്തിന് ആവശ്യമുള്ളത്ര മാത്രം ഭക്ഷണം നൽകുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കുന്നു.
അതുപോലെ വണ്ണം കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകളോളം കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നതിനോട് ഖുശ്ബുവിന് താല്പര്യമുണ്ടായിരുന്നില്ല. പകരം നടത്തം, യോഗ എന്നിവ ചെയ്തു. കൃത്യമായ ഈ ദിനചര്യ വണ്ണം കുറയ്ക്കാൻ സഹായിച്ചതിന് പുറമെ ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി ഖുശ്ബു നിരീക്ഷിക്കുന്നു. വണ്ണം കുറയ്ക്കുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് അത് പിന്നീട് കൂടാതെ നിലനിർത്താനാകുക എന്നുള്ളത്. വിശപ്പും കഴിക്കാനുള്ള ആഗ്രഹവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിച്ചതാണ് തടിയും ഭാരവും വീണ്ടും കൂടാതെ നിലനിർത്താൻ സഹായിച്ചതെന്ന് താരം പറയുന്നു.
ചെറിയ അളവിലുള്ള ഭക്ഷണം, പതിവായ വ്യായാമം, കൃത്യമായ സ്വയംനിയന്ത്രണം, സ്ഥിരത എന്നീ നാല് കാര്യങ്ങളാണ് ഈ വലിയ മാറ്റത്തിന് പിന്നിലെ പ്രധാനം. ഇത് എല്ലാവർക്കും ഒരേപോലെ ബാധകമായ ഡയറ്റ് പ്ലാനല്ലെന്നും, ഓരോരുത്തരുടെയും ശരീര പ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നും ഖുശ്ബു പറയുന്നു.
Published: 28 Sept 2026, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented