
ഇമെയിലുകൾ കൂനകൂടാത്ത അക്കൗണ്ട് ഉടമകൾ വിരളമായിരിക്കും. പ്രധാനപ്പെട്ട മെയിലുകൾ കാണാതെ പോയാലോ? ഓൺലൈൻ സ്റ്റോക് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ സഹസ്ഥാപകനും ശതകോടീശ്വരനുമായ നിഖിൽ കാമത്തിന് തികച്ചും അപ്രതീക്ഷിതമായ അനുഭവം ഒരു ലൈവ് പരിപാടിക്കിടെ ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ഒരു പറ്റം ടെക്കികൾ ഏറ്റെടുത്തിരിക്കുകയാണ്.
താൻ അയച്ച ഇമെയിലിന് മാസങ്ങളായിട്ടും മറുപടി നൽകിയില്ലെന്ന് കാണിച്ച് നന്ദിനി ജെയിൻ എന്ന യുവതി സദസ്സിൽ വെച്ച് അദ്ദേഹത്തെ നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. നിറഞ്ഞ സദസ്സിൽ നടന്ന രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
നിഖിൽ കാമത്തും കോമഡി താരം തന്മയ് ഭട്ടും പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ഈ 'ട്വിസ്റ്റ്'. സദസ്സിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സമയത്താണ് നന്ദിനി മൈക്ക് കൈക്കലാക്കിയത്.
"നിങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന മൂന്ന് കാര്യങ്ങൾ ഇതാ എന്ന് വ്യക്തമാക്കുന്ന ഇമെയിലുകൾക്ക് നിങ്ങൾ മറുപടി നൽകുമെന്ന് പറയാറുണ്ടല്ലോ. ഞാനും അതുതന്നെയാണ് ചെയ്തത്. ഡിസംബർ 9-ന് ഞാൻ അയച്ച ഇമെയിൽ ദാ ഇപ്പോഴും എൻ്റെ കയ്യിലുണ്ട്, പക്ഷേ ഒരു മറുപടിയും കിട്ടിയില്ല!’ ഫോൺ ഉയർത്തിക്കാട്ടി നന്ദിനി പറഞ്ഞപ്പോൾ സദസ്സിൽ ചിരിപൊട്ടി.
അദ്ദേഹത്തിൻ്റെ ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള 'WTF' പോഡ്‌കാസ്റ്റ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു ഇമെയിൽ. സുഹൃത്തുക്കളും പ്രമുഖരും ഉൾപ്പടെ അതിഥികളായെത്തുന്ന നിഖിൽ കാമത്തിൻ്റെ പോഡ്കാസ്റ്റ് സീരിസാണ് WTF. ചോദ്യം കേട്ട് നിഖിൽ കാമത്ത് ഒന്ന് അമ്പരന്നെങ്കിലും, ഉടൻ തന്നെ ചിരിച്ചുകൊണ്ട് ക്ഷമ പറയുന്നുണ്ട്. ദിവസേന വരുന്ന മെയിലുകളുടെ എണ്ണം കാരണമാണ് വിട്ടുപോയതെന്നും ആശയം കൊള്ളാമെന്നും പറഞ്ഞ നിഖിൽ, നിങ്ങൾ ഇത് ഇവിടെ ഉന്നയിച്ച സ്ഥിതിക്ക് ഞാൻ ഇപ്പോൾ തന്നെ ഇതിന് മറുപടി നൽകാം എന്ന് ഉറപ്പും നൽകി.
തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ ക്യാപ്ഷനിൽ നന്ദിനി പിന്നീടെന്ത് സംഭവിച്ചുവെന്ന് കുറിക്കുന്നുണ്ട്. "പ്ലോട്ട് ട്വിസ്റ്റ്! അദ്ദേഹം തൻ്റെ വാക്ക് പാലിക്കുകയും എൻ്റെ ഇമെയിലിന് മറുപടി നൽകുകയും ചെയ്തു’- അവർ കമന്റിൽ കുറിച്ചു.
വലിയൊരു സദസ്സിന് മുന്നിൽ വെച്ച് നിഖിൽ കാമത്തിനെപ്പോലൊരാളോട് ധീരമായി ചോദ്യം ചോദിച്ച നന്ദിനിയുടെ കോൺഫിഡൻസിനെയും ഒട്ടും ജാഡയില്ലാതെ തെറ്റ് സമ്മതിച്ച് മറുപടി നൽകിയ നിഖിലിൻ്റെ നിലപാടിനെയും കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
Content Highlights: A video has gone viral showing a woman named Nandini Jain boldly confronting Zerodha co-founder Nikhil Kamath at a live event for not replying to her email regarding his 'WTF' podcast, leading to a charming moment where Kamath apologized and subsequently kept his promise by replying to her.
Published: 28 Jun 2026, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented