വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ ടെക്കി അറസ്റ്റിൽ. കാമുകിക്കൊപ്പം ജീവിക്കാനാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. 2025 ഒക്ടോബർ 27-നായിരുന്നു സംഭവം. ബെല്ലെവ്യൂവിലുള്ള തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് ഭാര്യയായ രാജിത സബ്ബിനേനിയെ (27) ടെക്കിയായ അവിനാഷ്(30) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടന്ന് ഒൻപത് മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

To advertise here,

2025 ജൂൺ അഞ്ചിനായിരുന്നു രാജിതയുമായി തെലങ്കാന സ്വദേശിയായ അവിനാഷിന്റെ വിവാഹം. വിവാഹത്തിന് ശേഷവും അവിനാഷ് കാമുകിയുമായി ബന്ധം തുടർന്നു. ഭാര്യയുമായി ഒന്നിച്ചുജീവിക്കുന്നതിനിടെ കാമുകിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യ ബാത്റൂമിൽ കയറി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാഷ് തന്നെയാണ് പോലീസിനെ വിളിച്ചത്. എന്നാൽ, പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ രാജിത മരിച്ച നിലയിലായിരുന്നു. പുറത്തുനിന്നും മറ്റാരും വീട്ടിൽ കയറിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഇന്ത്യയിലുള്ള ഒരു യുവതിയുമായി അവിനാഷിന് വർഷങ്ങളായി രഹസ്യബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് തന്റെ കാമുകിയെ നാല് തവണ വിളിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇത് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, അവിനാഷ് തയ്യാറാക്കി നൽകിയ സ്മൂത്തിയിൽ മരുന്നിന്റെ രുചിയും കയ്പുമുണ്ടെന്നും പറഞ്ഞ് രാജിത അയച്ച സന്ദേശങ്ങളും പോലീസ് അന്വേഷണത്തിൽ നിർണായകമായി.