എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ ട്രംപിന്റെ നടപടിയെ വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള അവസരമായാണ് ഒട്ടാവ കാണുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെതന്നെ പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപ്, മാര്‍ക്ക് കാര്‍ണി | File Photo - AFP
വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെ ആകര്‍ഷിക്കാന്‍ ഫാസ്റ്റ്ട്രാക്ക് വിസാ നടപടികള്‍ പ്രഖ്യാപിച്ച് കാനഡ. യുഎസ് എച്ച്-1ബി വിസയുള്ളവര്‍ക്ക് വേണ്ടിയാണ് കനേഡിയന്‍ സര്‍ക്കാര്‍ അതിവേഗ കുടിയേറ്റ പാത തുറക്കുന്നത്. എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇന്ത്യക്കാര്‍ക്ക് കാനഡയുടെ പ്രഖ്യാപനം വലിയ ആശ്വാസമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കുന്നതിനും യുഎസ് കുടിയേറ്റ നയങ്ങളിലെ സമീപകാല മാറ്റങ്ങളോട് പ്രതികരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 2025-ലെ ഫെഡറല്‍ ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയാണ് കാനഡയുടെ നീക്കമെന്നാണ് സിഐസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുപ്രധാന വ്യവസായ മേഖലകളിലെ തൊഴില്‍ക്ഷാമം പരിഹരിക്കാനും രാജ്യവ്യാപകമായി നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് കനേഡിയന്‍ സര്‍ക്കാരിന്റെ നടപടി. ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ എച്ച്-1ബി വിസയ്ക്കുള്ള പ്രധാന്യം കണക്കിലെടുത്ത് വിദേശ പ്രതിഭകളെ ആകര്‍ഷിക്കാനുള്ള അവസരമായാണ് കാനഡ ഇതിനെ കാണുന്നത്.
എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ ട്രംപിന്റെ നടപടിയെ വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള അവസരമായാണ് ഒട്ടാവ കാണുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെതന്നെ പറഞ്ഞിരുന്നു.
വിവിധ മേഖലകളില്‍ നൂതനാശയങ്ങള്‍ നടപ്പാക്കുക, ആരോഗ്യ സംരക്ഷണം, ഗവേഷണം, നൂതന വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലെ തൊഴില്‍ക്ഷാമം പരിഹരിക്കുക, വിദേശ യോഗ്യതകള്‍ വേഗത്തില്‍ അംഗീകരിക്കുക എന്നിവയാണ് പുതിയ പ്രഖ്യാപനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ ഉദ്ധരിച്ച് സിഐസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതി പ്രകാരം, 1,000-ത്തിലധികം അന്താരാഷ്ട്ര ഗവേഷകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നീക്കത്തിനായി സര്‍ക്കാര്‍ 1.7 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ (ഏകദേശം 10,370 കോടി രൂപ) വരെ നിക്ഷേപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 3 വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ കാനഡയിലെ മൂന്ന് പ്രധാന ഗവേഷണ ഫണ്ടിംഗ് സ്ഥാപനങ്ങളായ നാച്ചുറല്‍ സയന്‍സസ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് കൗണ്‍സില്‍ (NSERC), സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് റിസര്‍ച്ച് കൗണ്‍സില്‍ (SSHRC), കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച് (CIHR) എന്നിവയ്ക്ക് അനുവദിക്കും.
കാനഡ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ വഴി ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിനായി 7 വര്‍ഷത്തിനുള്ളില്‍ 400 മില്യണ്‍ കനേഡിയന്‍ ഡോളര്‍.
അന്താരാഷ്ട്ര പിഎച്ച്ഡി വിദ്യാര്‍ത്ഥികളെയും പോസ്റ്റ്-ഡോക്ടറല്‍ ഫെലോകളെയും കാനഡയിലേക്ക് മാറാന്‍ സഹായിക്കുന്നതിന് 3 വര്‍ഷത്തിനുള്ളില്‍ 133.6 മില്യണ്‍ കനേഡിയന്‍ ഡോളര്‍.
അന്താരാഷ്ട്ര അസിസ്റ്റന്റ് പ്രൊഫസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍വ്വകലാശാലകളെ സഹായിക്കുന്നതിനായി 12 വര്‍ഷത്തിനുള്ളില്‍ 120 മില്യണ്‍ കനേഡിയന്‍ ഡോളര്‍ വരെ.
ഇതോടൊപ്പം, വിദേശ പരിശീലനം നേടിയ പ്രൊഫഷണലുകളെ വേഗത്തില്‍ ജോലിക്ക് നിയോഗിക്കാന്‍ പ്രവിശ്യകളെയും ടെറിട്ടറികളെയും പ്രാപ്തരാക്കുന്ന ഫോറിന്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്‌നിഷന്‍ ആക്ഷന്‍ ഫണ്ട് സ്ഥാപിക്കുന്നതിനായി അഞ്ച് വര്‍ഷത്തിനുള്ളില്‍ (2026-27 മുതല്‍) 97 മില്യണ്‍ കനേഡിയന്‍ ഡോളറും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ, നിര്‍മ്മാണ മേഖലകള്‍ക്ക് ഇതില്‍ മുന്‍ഗണന നല്‍കും.
Content Highlights: Canada opens accelerated immigration for H-1B visa holders. Attracts tech talent amid US policy changes. Secure your future in Canada
Published: 06 Nov 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented