മൈക്രോസോഫ്റ്റിന്റെ പാരിസ് ഓഫീസിലെ കാഴ്ച്ചകൾ പങ്കുവെച്ച് ബെംഗളുവിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ യൂറോപ്പിലെ വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് പറയുന്നു. 2024 മുതൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന രാഹുൽ കൗശിക്കാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭാഷാപരമായ തടസം, സസ്യാഹാരത്തെ കുറിച്ചുള്ള ആശങ്ക, യൂറോപ്പിലെ ഓഫീസ് ജീവിതം എന്നിവയെ കുറിച്ചെല്ലാം വീഡിയോയിൽ പറയുന്നുണ്ട്.

To advertise here,

വൈകുന്നേരം നാലര ആയപ്പോഴാണ് താൻ ഈ വീഡിയോ എടുത്തതെന്നും അപ്പോഴേക്കും ഓഫീസിലെ അധികപേരും ജോലി കഴിഞ്ഞ് പോയിരുന്നുവെന്നും കൗശിക് വീഡിയോയിൽ പറയുന്നു. കാലിയായ ഡെസ്‌ക്കുകളും കസേരകളും വീഡിയോയിൽ കാണാം. ജോലി സമയം കഴിഞ്ഞാൽ ആളുകൾ അപ്പോൾ തന്നെ ഓഫീസ് വിടുമെന്നും ബാക്കിയുള്ള സമയം വ്യക്തിപരമായ കാര്യങ്ങൾക്ക് നീക്കിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ച് ജോലി സമയത്തിന് ശേഷം വർക്ക് കോളുകൾക്ക് ഉത്തരം നൽകുകയോ ഓഫീസ് സന്ദേശങ്ങൾക്ക് പ്രതികരിക്കുകയോ വേണ്ടെന്നും കൗശിക് പറയുന്നു. ഇത് ഇന്ത്യയിലെ തൊഴിൽ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓഫീസിൽ നിന്ന് കാണുന്ന ഈഫൽ ടവറിന്റെ മനോഹരമായ കാഴ്ച്ചയും ഓഫീസിലെ കഫറ്റീരിയയും വീഡിയോയിൽ കാണിക്കുന്നുണ്ട്. 'മൈക്രോസോഫ്റ്റ് പാരീസിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ഒരു ദിവസത്തെ ജീവിതം' എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യൂറോപ്പിലെ വർക്ക് ലൈഫ് ബാലൻസിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ജോലി തന്നെ ജീവിതമാകരുതെന്നും ജോലി ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായി കാണണമെന്നും ചിലർ കുറിച്ചു.