വായ്പകളെടുത്ത് വീടുണ്ടാക്കുന്നവര്‍ ഒട്ടേറെപ്പേരുണ്ട്. ചിലപ്പോഴൊക്കെ ഈ വായ്പ തിരിച്ചടക്കാന്‍ പറ്റാതെ പലരുടേയും സമാധാനം നഷ്ടപ്പെടാറുമുണ്ട്. എന്നാല്‍ 53 ലക്ഷം രൂപയുടെ ഭവന വായ്പ വെറും ആറ് വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ടെക്കി. റെഡ്ഡിറ്റിലാണ് യുവാവ് ഈ പോസ്റ്റ് പങ്കുവെച്ചത്.

To advertise here,

പ്രതിമാസ ഇഎംഐകള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും അമിതമായി ചിന്തിക്കുന്നവരോ ഉത്കണ്ഠയുള്ളവരോ ആണെങ്കില്‍ ഭവനവായ്പ എടുക്കരുതെന്നും യുവാവ് കുറിച്ചു. പലിശ ഇനത്തില്‍ 14 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 67 ലക്ഷം രൂപയാണ് ഇയാള്‍ തിരിച്ചടിച്ചത്.

'ഒരു വ്യക്തിപരമായ നേട്ടവും മറ്റുള്ളവരെ സഹായിച്ചേക്കാവുന്ന ചില പാഠങ്ങളും പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2019 സെപ്റ്റംബറില്‍ ഞാന്‍ 53 ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുത്തു. ഒടുവില്‍ 2025 നവംബറില്‍ അത് അടച്ചുതീര്‍ത്തു. എനിക്ക് അതിനായി ആറ് വര്‍ഷം വേണ്ടിവന്നു. അമിതമായി ചിന്തിക്കുന്നവരോ ഉത്കണ്ഠയുള്ളവരോ ആണെങ്കില്‍ ഹോം ലോണ്‍ എടുക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അവരുടെ മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും.' യുവാവ് കുറിച്ചു.

ജര്‍മനിയില്‍ ഒരു ഓട്ടോമോട്ടീവ് കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായാണ് ജോലി ചെയ്യുന്നതെന്നും യുവാവ് പറയുന്നു. വിദേശത്തേക്ക് ജോലി മാറിയതാണ് ലോണ്‍ വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ തന്നെ സഹായിച്ചതെന്നും ടെക്കി പറയുന്നു. ഒരു വീടിന്റെ ഉടമയാകുക എന്നാല്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടേയും ഉടമകളാവുക എന്നതാണ് അര്‍ത്ഥമെന്നും തനിക്ക് ഒരു കോടി രൂപ വില വരുന്ന വീടുണ്ടെങ്കിലും ബാങ്ക് ബാലന്‍സ് ശൂന്യമാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ഇതൊരു വലിയ കാര്യമാണെന്നും ഇനി യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കാന്‍ പോകുകയാണെന്നും ഒരാള്‍ കുറിച്ചു. 'അഭിനന്ദനങ്ങള്‍ സുഹൃത്തേ. നിങ്ങള്‍ നേടിയത് ഒരു സാധാരണ കാര്യമല്ല, അതൊരു വലിയ കാര്യമാണ്. ഉറക്കത്തില്‍ നിന്ന് ഇഎംഐയുടെ ചിന്ത ഒഴിഞ്ഞുപോകുന്നത് ആഘോഷിക്കേണ്ട ഒന്നാണ്' ഒരു ഉപയോക്താവ് കമന്റ് ചെയ്തു.