ഗരത്തിലെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനെ കുറിച്ച് യുവാവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുള്ള ഗണേഷ് ശങ്കര്‍ എന്ന യുവാവാണ് തന്റെ അയല്‍വാസിയായ കുട്ടി ഇംഗ്ലീഷില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് എക്‌സില്‍ കുറിച്ചത്. 

To advertise here,

കന്നഡയിലോ മാതൃഭാഷയായ തമിഴിലോ ആ കുട്ടി സംസാരിക്കുന്നില്ലെന്നും അവന്‍ ഇതിനോടകം ഇംഗ്ലീഷ് ആക്‌സന്റ് പഠിച്ചുവെന്നും യുവാവ് പറയുന്നു. ഇതൊരു സ്റ്റാറ്റസിന്റെ പ്രശ്‌നമായാണ് പലരും കാണുന്നതെന്നും മാതൃഭാഷ പഠിച്ചില്ലെങ്കിലും ഇംഗ്ലീഷ് അറിഞ്ഞാല്‍ മതിയെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുറിച്ചു. 

ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് മാതൃഭാഷയുടെ ഉപയോഗം കുറയുന്നതിന്റേയും നഗരങ്ങളിലെ വീടുകളില്‍ ഇംഗ്ലീഷിനോടുള്ള വര്‍ദ്ധിച്ചുവരുന്ന താത്പര്യത്തേയും കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്. 'ഇതൊരു ദുഃഖകരമായ കാര്യമാണ്. പുതിയ കാലഘട്ടത്തിലെ ഒരു പ്രതിഭാസമാണ്.  ഇവിടെയും ഇതേ അവസ്ഥയാണ്. ചെറിയ കുട്ടികള്‍ക്ക് ഹിന്ദിയോ അവരുടെ മാതൃഭാഷയോ മനസ്സിലാകുന്നില്ല. അമേരിക്കന്‍ ഉച്ചാരണത്തോടെയുള്ള ഇംഗ്ലീഷ് മാത്രമാണ് മനസിലാകുക.' ഒരു ഉപയോക്താവ് എഴുതി.

'ബെംഗളൂരുവില്‍ ഇത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കുട്ടികളോട് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്ന കന്നഡക്കാരെ എനിക്കറിയാം (പ്രധാന കാരണം അപകര്‍ഷതാ ബോധവും, 12-ാം ക്ലാസ് കഴിഞ്ഞയുടന്‍ കുട്ടികളെ വിദേശത്തേക്ക് അയക്കാനുള്ള ആഗ്രഹവുമാണ്). എന്റെ അടുത്തുള്ള മിക്കവരും നിര്‍ഭാഗ്യവശാല്‍ അവരുടെ കുട്ടികളോട് ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്'-മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.

'കുട്ടികള്‍ അവരുടെ മാതൃഭാഷ പഠിക്കുന്നില്ലെങ്കില്‍, അവരുടെ കുടുംബവേരുകളുമായുള്ള ബന്ധം ഏതാണ്ട് അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നു. പിന്നീടൊരു സമ്മര്‍ദ്ദം കൊണ്ടും അത് മാറ്റാന്‍ കഴിയില്ല. കുട്ടികള്‍ക്ക് അവരുടെ സ്വാഭാവികവും സാംസ്‌കാരികവുമായ വ്യക്തിത്വം നിഷേധിക്കുന്നതിന് മാതാപിതാക്കളെ ഞാന്‍ കുറ്റപ്പെടുത്തും' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എന്നാല്‍, ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഒരു എക്‌സ് ഉപയോക്താവ് ഇതിന് വിപരീതമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ചു. 'ഇതൊരു ഇന്ത്യയിലെ പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ മകളും ഇവിടെയുള്ള കുറച്ച് കുടുംബങ്ങളും കന്നഡ സംസാരിക്കുന്നുണ്ട്. ഇവിടെ സര്‍ക്കാര്‍ ധനസഹായത്തോടെ ഒരു കന്നഡ സ്‌കൂളുമുണ്ട്. അവിടെ (ഇന്ത്യയില്‍) നടക്കുന്നതെന്താണെന്ന് വിശ്വസിക്കാനാവുന്നില്ല'-അവര്‍ കുറിച്ചു.

'മാതാപിതാക്കള്‍ എന്ന നിലയില്‍ വീട്ടില്‍ നമ്മുടെ മാതൃഭാഷ സംസാരിക്കുന്നതില്‍ നാം മുന്‍കൈയെടുക്കണം. കുട്ടികള്‍ ഇംഗ്ലീഷിലേക്ക് മാറിയേക്കാം, എന്നാല്‍ അവരെ സ്‌നേഹത്തോടെ തിരികെ കൊണ്ടുവരണം.' മറ്റൊരാള്‍ നിര്‍ദ്ദേശിച്ചു.