ബാലതാരമായി അഭിനയ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഹന്‍സിക മോട്ട്‌വാനി. 2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം. ബിസിനസ് പങ്കാളിയായ സൊഹൈല്‍ ഖതൂരിയെയാണ് ഹന്‍സിക ജീവിത പങ്കാളിയുമാക്കിയത്. അതിനുശേഷം നടി സിനിമകളില്‍ അത്ര സജീവമായിരുന്നില്ല.

To advertise here,

എന്നാലിപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഹന്‍സിക. സഹോദരഭാര്യയും നടിയുമായ മുസ്‌കാന്‍ നാന്‍സി ജെയിംസ് ഹന്‍സികയുള്‍പ്പെടെയുള്ള ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഹന്‍സികയെ കൂടാതെ ഭര്‍ത്താവ് പ്രശാന്ത് മോട്ട്‌വാനിയും അമ്മ മോണ മോട്ട്‌വാനിയും തന്നെ ഉപദ്രവിച്ചുവെന്നാണ് മുംബൈ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

തന്റെ ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ഇടപെട്ടുവെന്നും ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തവിധം അകറ്റിനിര്‍ത്തിയെന്നും മുസ്‌കാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ ഫലമായി തനിക്ക് ബെല്‍സ് പാള്‍സി അസുഖത്തെ നേരിടേണ്ടി വന്നുവെന്നും സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശാന്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മുസ്‌കാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഹന്‍സികയോ പ്രശാന്തോ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. 

2020-ലാണ് പ്രശാന്തും മുസ്‌കാനും വിവാഹിതരായത്. രണ്ട് വര്‍ഷത്തിനുള്ളില്‍തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു.