മാതാപിതാക്കൾ കുട്ടികളെ വളർത്തുമ്പോൾ ആദ്യത്തെ കുറച്ചു വർഷങ്ങൾ കുട്ടികൾ നമ്മളെ ആശ്രയിക്കാൻ നമ്മൾ അവരെ പഠിപ്പിക്കുന്നു, എന്നാൽ പിന്നീട് നമ്മളെ ആശ്രയിക്കാതെ ജീവിക്കാൻ അവരെ പഠിപ്പിക്കേണ്ടി വരുന്നു. ചെറുപ്പത്തിൽ അവരുടെ ഷൂലേസുകൾ കെട്ടിക്കൊടുക്കുന്നതും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും, അവർക്ക് വേണ്ടി സംസാരിക്കുന്നതുമെല്ലാം നമ്മളാണ്. എന്നാൽ കുട്ടികൾ വളരുമ്പോൾ രക്ഷിതാക്കളുടെ ചുമതല മാറുന്നു. തീരുമാനങ്ങളെടുക്കാനും, തിരിച്ചടികൾ നേരിടാനും, തങ്ങളുടെ തെറ്റുകളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി സ്വന്തം കാലിൽ നിൽക്കാനും അവർ പഠിക്കേണ്ടതുണ്ട്.

To advertise here,

മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും മക്കളായ മാലിയയും സാഷയും ഇന്ന് മുതിർന്ന് സ്വന്തം നിലയിൽ ജീവിക്കുന്നവരാണ്. മക്കളെ വളർത്തുന്നതിൽ നിന്നും അവരെ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അനുവദിക്കുന്നതിലേക്കുള്ള മാറ്റത്തെക്കുറിച്ച് മിഷേൽ ഒബാമ ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പെട്ടെന്ന് തുടങ്ങേണ്ട ഒന്നല്ല ഈ പാരന്റിംഗ് രീതി എന്ന് അവർ വിശ്വസിക്കുന്നു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് കുട്ടികളെ ഉത്തരവാദിത്വമുള്ള മുതിർന്ന വ്യക്തികളാക്കി മാറ്റാൻ സഹായിക്കുന്ന പാരന്റിംഗ് രീതിയെക്കുറിച്ച് മിഷേൽ ഒബാമ മനസ്സ് തുറന്നത്.

'കുട്ടികളെ അവരുടെ സ്വന്തം കിടക്കയിൽ ഉറങ്ങാൻ ശീലിപ്പിക്കുക, അഞ്ചു വയസ്സുള്ളപ്പോൾ തന്നെ ചില കാര്യങ്ങൾക്ക് 'വേണ്ട' എന്ന് പറയാൻ പഠിപ്പിക്കുക, അതിരുകൾ നിശ്ചയിച്ചു നൽകുക, തിരിച്ചു സംസാരിക്കാൻ അനുവദിക്കാതിരിക്കുക. ഇങ്ങനെ കൃത്യമായ അതിരുകൾ വെച്ച് അവരെ വളർത്തിയാൽ, 16-ാം വയസ്സിൽ പല വലിയ പ്രശ്‌നങ്ങളും നിങ്ങൾക്ക് നേരിടേണ്ടി വരില്ല. കാരണം നിങ്ങളുടെ സാന്നിധ്യത്തിൽ തന്നെ അവർ അത്തരം അച്ചടക്കം പഠിച്ചുകഴിഞ്ഞിരിക്കും.-മിഷേൽ പറഞ്ഞു.

അതിക്രൂരമായ ശിക്ഷകൾ നൽകുന്ന രക്ഷിതാവാകാനല്ല അവർ പറയുന്നത്. മറിച്ച്, കുട്ടികൾ ചെറുതായിരിക്കുമ്പോൾ തന്നെ വ്യക്തമായ അതിരുകൾ നിശ്ചയിക്കാനും, 'നോ' പറയാനും, ചെറുപ്പത്തിലേ തെറ്റുകളിൽ നിന്ന് പഠിക്കാൻ അവരെ അനുവദിക്കാനുമുള്ള മനസ്സ് മാതാപിതാക്കൾ കാണിക്കണം എന്നാണ്. ചെറുപ്പത്തിൽ കുട്ടികൾ നേരിടുന്ന ഇത്തരം കഠിനമായ അനുഭവങ്ങൾ അവരുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മിഷേൽ വിശ്വസിക്കുന്നു.

നമ്മൾ 5-ഉം 10-ഉം 13-ഉം വയസ്സുള്ളപ്പോൾ തന്നെ ഇത്തരം സംഭാഷണങ്ങൾ നടത്തുകയും, അവരുടെ തെറ്റുകളെയും പരാജയങ്ങളെയും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം, 35-ാം വയസ്സിലും സ്വന്തം കാലിൽ നിൽക്കാനാവാതെ അവർ നമ്മുടെ വീടിന്റെ ബേസ്മെന്റിൽ തന്നെ അവർക്ക് തുടരേണ്ടി വരും. മാതാപിതാക്കളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയുള്ളവരായി കുട്ടികളെ വളർത്തണം എന്നാണ് അവർ ഉദ്ദേശിക്കുന്നത്.സ്വന്തം ബില്ലുകൾ അടയ്ക്കാനും സ്വന്തം കാര്യങ്ങൾ സ്വയം നോക്കാനും പ്രാപ്തരാകണം.

കുട്ടികൾ മുതിരുമ്പോൾ ഈ പാരന്റിംഗ് രീതി കൂടുതൽ കഠിനമായി മാറും. കാരണം, 'നോ' എന്ന് പറയുന്നതിന് പകരം 'ഇത് നിന്റെ തീരുമാനമാണ്' എന്ന് പറയാൻ മാതാപിതാക്കൾ പഠിക്കേണ്ടി വരും. തന്റെ മക്കളുടെ കാര്യത്തിൽ താനും ഇത് ചെയ്തിട്ടുണ്ടെന്ന് മിഷേൽ പറയുന്നു. കോളേജ് തിരഞ്ഞെടുപ്പിൽ മകളുടെ തീരുമാനത്തോട് തനിക്ക് വിയോജിപ്പുണ്ടായിരുന്ന നിമിഷത്തെക്കുറിച്ച് അവർ ഓർത്തെടുത്തു. എനിക്ക് നിന്നോട് യോജിക്കാൻ കഴിഞ്ഞേക്കില്ല. ആ കോളേജ് നിനക്ക് ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതുന്നത്, എങ്കിലും അത് നിന്റെ തീരുമാനമായിരിക്കണം. ഇവിടെയാണ് കുട്ടികളുടെ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുന്നത്. എല്ലാ കഠിനമായ തീരുമാനങ്ങളും രക്ഷിതാക്കൾ എടുത്തുനൽകിയാൽ കുട്ടികൾക്ക് ഒരിക്കലും സ്വയംപര്യാപ്തരാകാൻ കഴിയില്ല-മിഷേൽ പറഞ്ഞു.

'അവർ തെറ്റ് ചെയ്യുന്നത് കണ്ട് നമ്മൾ മാറിനിൽക്കേണ്ടി വരും. എന്നാൽ ആ തെറ്റിന് ശേഷം, 'സാരമില്ല, നമുക്ക് ഇതിനെക്കുറിച്ച് സംസാരിക്കാം, ഇതിൽ നിന്ന് നീ എന്താണ് പഠിച്ചത്?' എന്ന് ചോദിച്ചുകൊണ്ട് അവരുടെ കൂടെ നിൽക്കാൻ നമുക്ക് കഴിയണം.'ഇത് കുട്ടികളെ ഉപേക്ഷിക്കലല്ല, മറിച്ച് അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ കൂടെനിൽക്കലാണ്.'ഒരു ഘട്ടം കഴിയുമ്പോൾ മക്കൾക്ക് മാതാപിതാക്കളുടെ സഹായം ആവശ്യമില്ലാതെ വരുമെന്ന് മിഷേൽ ചൂണ്ടിക്കാണിക്കുന്നു.ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, കാരണം 'ഇത് ഞാൻ ഒറ്റയ്ക്ക് ചെയ്തതാണ്' എന്ന് പറയുന്നതിലാണ് അവർ സന്തോഷം കണ്ടെത്തുന്നത്.'ഒരിക്കലും പരാജയപ്പെടാത്ത മക്കളെ വളർത്തുന്നതിനേക്കാൾ പ്രധാനം, പരാജയപ്പെട്ടാലും തിരികെ വരാൻ തങ്ങൾക്ക് കഴിയും എന്ന് വിശ്വസിക്കുന്ന മക്കളെ വളർത്തുന്നതാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു നൽകുന്ന മാതാപിതാക്കൾ, ഭാവിയിൽ സ്വന്തം പ്രശ്‌നങ്ങൾക്ക് എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന കുട്ടികളെയാണ് സൃഷ്ടിക്കുന്നതെന്നും മിഷേൽ വ്യക്തമാക്കി.