ജ്യൂസാണെന്ന് കരുതി നാം വാങ്ങിക്കുടിക്കുന്ന പല ബോട്ടിൽഡ് ഡ്രിങ്കുകളും സോഫ്റ്റ് ഡ്രിങ്കുകളും യഥാർഥത്തിൽ കൃത്രിമപാനീയങ്ങളാണ്. കേടാകാതെ വളരെക്കാലമിരിക്കാൻ പല രാസവസ്തുക്കളും ഇവയിൽ ചേർക്കാറുണ്ട്. പല കൃത്രിമപാനീയങ്ങളിലും പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് ദ്രുതഗതിയിൽ ശരീരത്തിന് താത്കാലിക ഉത്തേജനം നൽകും. അതുകൊണ്ടാണ് യാത്രകളിലും ക്ഷീണിച്ച അവസ്ഥയിലും കൃത്രിമപാനീയങ്ങൾ കുടിക്കുമ്പോൾ പെട്ടെന്ന് ഉന്മേഷമുണ്ടാക്കുന്നത്. ഇവ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കൃത്രിമപാനീയങ്ങളുടെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

To advertise here,
  • മിക്ക കൃത്രിമപാനീയങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹസാധ്യത വർധിപ്പിക്കുന്നതിനും ദന്തസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
  • അഡിറ്റീവുകൾ ചേർത്തുണ്ടാക്കുന്ന പല കൃത്രിമപാനീയങ്ങളിലും കൃത്രിമനിറങ്ങൾ, സുഗന്ധങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ അമിതമായ ഉപഭോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
  • കഫീനടങ്ങിയ കൃത്രിമപാനീയങ്ങൾ അമിതമായി കഴിക്കുന്നത് നിർജലീകരണത്തിന് കാരണമാകും.
  • മധുരമുള്ള കൃത്രിമപാനീയങ്ങൾ പതിവായി കഴിക്കുന്നത് മെറ്റബോളിക് സിൻഡ്രോമിന് കാരണമാകുന്നു. ഇത് ഹൃദ്രോഗം, പൊണ്ണത്തടി, പലതരം ഉപാപചയവൈകല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • കൃത്രിമപാനീയങ്ങളിൽ, പ്രത്യേകിച്ച് കോളകളിൽ, ഫോസ്‌ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും കാലക്രമേണ എല്ലുകളെ ദുർബലമാക്കുകയും ചെയ്യും.
  • പല കൃത്രിമപാനീയങ്ങളുടെയും അമ്ലസ്വഭാവം പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. പല്ലിന് പുളിപ്പുണ്ടാക്കുകയും ദ്വാരങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.