തന്റെ മാതാപിതാക്കളായ കമൽ ഹാസന്റെയും സരികയുടെയും ബന്ധത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും മനസ്സ് തുറന്ന് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അവർ തമ്മിൽ വേർപിരിഞ്ഞെങ്കിലും ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് ആഴത്തിലുള്ള സ്നേഹം പങ്കുവെച്ചിരുന്നുവെന്ന് ശ്രുതി ഓർത്തെടുത്തു. പ്രശസ്തരായ അഭിനേതാക്കളുടെ മകളായിരുന്നിട്ടും, അഹങ്കാരമോ ആഡംബരഭ്രമമോ ഇല്ലാത്ത രീതിയിലാണ് മാതാപിതാക്കൾ തങ്ങളെ വളർത്തിയതെന്നും ശ്രുതി വ്യക്തമാക്കി. എസ്.എസ്. പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

മാതാപിതാക്കൾ വേർപിരിഞ്ഞുവെങ്കിലും, ഒപ്പമുണ്ടായിരുന്നപ്പോൾ പരസ്പരം ഏറെ സ്നേഹിക്കുകയും സർഗ്ഗാത്മക പങ്കാളികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി ശ്രുതി പറഞ്ഞു. ഒരുമിച്ച് കാര്യങ്ങൾ കെട്ടിപ്പടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആ രീതി, തന്റെ പങ്കാളിയുമായി എങ്ങനെയുള്ള ബന്ധമാണ് വേണ്ടതെന്ന കാഴ്ചപ്പാടിനെ സ്വാധീനിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

"എന്റെ മാതാപിതാക്കൾ ഒന്നിച്ചല്ല കഴിയുന്നതെന്ന്‌ എല്ലാവർക്കും അറിയാം. എന്നാൽ അവർ ഒന്നിച്ചായിരുന്നപ്പോൾ അവിടെ സ്നേഹമുണ്ടായിരുന്നു! വളരെ ആഴത്തിലുള്ള സ്നേഹം- അവർ പരസ്പരം ഒത്തിരി ആസ്വദിച്ചിരുന്നു. അവർ ഒന്നിച്ച് ആസ്വദിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അവരിൽ രണ്ടുപേരും പരസ്പരം സർഗ്ഗാത്മകമായി സഹായിക്കുന്നവരാണ്. ഒരു കുട്ടിയായിരുന്നപ്പോൾപോലും ഞാൻ കരുതിയിരുന്നു, ഞാൻ വലുതാകുമ്പോൾ എനിക്കൊരു കാമുകനോ ഭർത്താവോ ഉണ്ടായാൽ, കാര്യങ്ങൾ ഒരുമിച്ച് ചെയ്യണം, ഒന്നിച്ച് മുന്നോട്ട് പോകണം എന്ന്." ശ്രുതി ഹാസൻ പറഞ്ഞു.

തങ്ങളെ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ പുലർത്തിയ ലളിതമായ സമീപനത്തെക്കുറിച്ചും ശ്രുതി ഓർത്തെടുത്തു. രണ്ട് പ്രശസ്തരായ താരങ്ങളുടെ മകളായിരുന്നിട്ടും, തന്നെ വഷളാകാൻ അവർ സമ്മതിച്ചിരുന്നില്ലെന്ന് ശ്രുതി പറഞ്ഞു. പ്രത്യേകിച്ച് തന്റെ പിതാവ്, താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങിയിരുന്നില്ല. വളർന്നുവന്നപ്പോൾ മാതാപിതാക്കളുടെ ഈ കർശനമായ നിലപാടിന്റെ മൂല്യം തനിക്ക് കൂടുതൽ മനസ്സിലായതായും ശ്രുതി അഭിപ്രായപ്പെട്ടു.

കമൽ ഹാസനും സരികയും 1988-ലാണ് വിവാഹിതരായത്. തുടർന്ന് 2002-ൽ വേർപിരിയുകയും 2004-ൽ വിവാഹമോചനം നേടുകയും ചെയ്തു. ഇവർക്ക് ശ്രുതി, അക്ഷര എന്നീ രണ്ട് മക്കളാണുള്ളത്.

വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളോട് തനിക്കുള്ള വിയോജിപ്പ് ശ്രുതി മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായുള്ള നാല് വർഷത്തെ ബന്ധത്തിന് ശേഷം 2024-ൽ ഇരുവരും പരസ്പരസമ്മതത്തോടെ വേർപിരിഞ്ഞിരുന്നു. വിവാഹം എന്നത് ഒരു കൂട്ടുകെട്ടിന് അത്യാവശ്യമായ ഒന്നായി താൻ കാണുന്നില്ലെന്നും വിവാഹവുമായി ബന്ധപ്പെട്ട പേപ്പർവർക്കുകളും വലിയ തുക ചെലവഴിച്ചുള്ള ആഡംബരങ്ങളും ആർക്കുവേണ്ടിയാണെന്ന് താൻ ചിന്തിക്കാറുണ്ടെന്നും സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ ശ്രുതി വ്യക്തമാക്കിയിരുന്നു.

നിലവിൽ തന്റെ കരിയറിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശ്രുതിയെ അവസാനമായി കണ്ടത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിലാണ്. രജനീകാന്ത് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന് പുറമെ ഏറെ ശ്രദ്ധനേടിയ 'പവിഴ മല്ലി' എന്ന ഗാനത്തിന് ശബ്ദം നൽകുകയും പെദ്ദി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയും ചെയ്തു.

ദുൽഖർ സൽമാനൊപ്പം അഭിനയിക്കുന്ന 'ആകാശംലോ ഒക താര'യാണ് ശ്രുതിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് ചിത്രം, സാമൂഹിക തടസ്സങ്ങൾ നേരിട്ടിട്ടും ബഹിരാകാശ സഞ്ചാരിയാകാൻ സ്വപ്നം കാണുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു യുവതിയുടെ കഥയാണ് പറയുന്നത്. അവളുടെ യാത്രയിലെ ഒരു പ്രധാന ഭാഗമായി മാറുന്ന ഇടത്തരം കുടുംബാംഗമായ കൃഷ്ണനായി ദുൽഖർ എത്തുമ്പോൾ, രോഹിണി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിൽ.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ലൈറ്റ് ബോക്സ് മീഡിയ, ഗീത ആർട്സ്, സ്വപ്ന സിനിമ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ആകാശംലോ ഒക താര' നവംബർ 20-ന് തിയേറ്ററുകളിലെത്തും.