അച്ഛനോ അമ്മയോ വഴക്കു പറഞ്ഞാൽ അതുമല്ലെങ്കിൽ ചങ്ങാതിമാരാരെങ്കിലും ഒന്നു പിണങ്ങിയാൽ കണ്ണു നിറയ്ക്കുന്നവരാണ് കുരുന്നുകൾ ഏറെയും. ഇത്തരം തൊട്ടാവാടികൾ വികാരജീവികളായിത്തന്നെ വളരും. ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് തളർന്ന് കണ്ണീർ പൊഴിക്കുന്ന പാവങ്ങൾ. ചെറിയ തടസ്സങ്ങൾ പോലും വലിയ പ്രതിസന്ധികളാണെന്ന തോന്നലിനുടമകളാണ് ഇക്കൂട്ടർ. കുഞ്ഞുങ്ങളുടെ ഈ സ്വഭാവശീലം മാറ്റിയെടുക്കാൻ അച്ഛനമ്മമാർ തീർച്ചയായും ശ്രദ്ധിക്കണം. അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ...

To advertise here,
  • കാര്യങ്ങളെ വൈകാരികമായി നേരിടാനാണ് നമ്മൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാറുള്ളത്. കടലാസ് കീറിയാൽ അച്ഛൻ പിണങ്ങും, ഭക്ഷണം കഴിച്ചില്ലെങ്കിൽ അമ്മ കരയും എന്നിങ്ങനെയുള്ള വികാരപരമായ വാചകങ്ങളിലൂടെയാണ് രക്ഷിതാക്കൾ പലപ്പോഴും കുഞ്ഞുങ്ങളെ തിരുത്താറുള്ളത്. ഈ സമീപനത്തിൽ തീർച്ചയായും മാറ്റം വരുത്തണം.
  • തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താനും വികൃതി പരിധി കടക്കുമ്പോൾ അതു തടുക്കാനും രക്ഷിതാക്കൾ മടിക്കരുത്.
  • കാര്യങ്ങൾ നേടിയെടുക്കാൻ കരച്ചിൽ ഒരായുധമാക്കുന്നവരാണ് കുട്ടികൾ ഏറെയും. ഈ ശീലം തിരുത്തപ്പെടേണ്ടതാണ്.
  • ഇഷ്ടക്കേടുകൾക്ക് മുന്നിൽ പതറാതെ ധൈര്യമുള്ള ശബ്ദത്തിൽ പ്രതികരിക്കാൻ അവരെ പരിശീലിപ്പിക്കുക. വിഷമങ്ങൾ ഉള്ളിൽ അടക്കാതെ അപ്പപ്പോൾ തന്നെ തുറന്നു പറയാനും ശീലിപ്പിക്കണം.
  • ഏതുകാര്യവും അച്ഛനമ്മമാരോട് തുറന്നു പറയാനാകുമെന്ന ഉറപ്പ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകണം. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ അവർ ആദ്യം ഓടിയെത്തുന്നത് നിങ്ങളുടെ അടുത്തേക്കാണോ എന്ന് ഒന്നു ചിന്തിച്ചു നോക്കൂ.
  • നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കുക. ഏതു പ്രതിസന്ധിയേയും കരയാതെ അതിജീവിക്കാൻ ആ കരുത്ത് അവരെ പ്രാപ്തരാക്കും.