ഭാവിയില്‍ എന്നെങ്കിലും മകനുമായി വീണ്ടും സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, പഴയ ബന്ധം ഉടന്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം, കുട്ടിയുടെ അനുഭവങ്ങളെ മനസ്സിലാക്കി ക്ഷമയോടെയും കരുതലോടെയും വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ തന്റെ മകൻ സൊരാവറുമായുള്ള അകൽച്ചയെക്കുറിച്ച് വീണ്ടും മനസ്സുതുറന്നിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി മകനുമായി നേരിട്ട് സംസാരിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ലെന്നും, നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും താൻ ഇപ്പോഴും മകന് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ധവാൻ വെളിപ്പെടുത്തി.
'നാല് വർഷമായി ഞാൻ സൊരാവറിനോട് സംസാരിച്ചിട്ടില്ല. അവനുമായി യാതൊരു ബന്ധവുമില്ല. എങ്കിലും ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് ഞാൻ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. അവൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനായി പോസിറ്റീവ് എനർജി നൽകുന്നു. ഉപാധികളില്ലാത്ത സ്‌നേഹം എന്താണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഞാൻ ഒരു നല്ല അച്ഛനാണ്,'*ധവാൻ വികാരാധീനനായി പറഞ്ഞു.2021-ൽ മുൻ ഭാര്യ ആയിഷ മുഖർജിയുമായി വേർപിരിയുകയും 2023-ൽ വിവാഹമോചനം നേടുകയും ചെയ്തതിന് ശേഷമാണ് മകൻ സൊരാവറുമായുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായത്.
മരണം പോലുള്ള വേർപാടുകളിൽ നിന്ന് വ്യത്യസ്തമായി, ബന്ധം വേർപിരിയുമ്പോൾ അവിടെയൊരു വ്യക്തമായ അവസാനമില്ല. കുട്ടി തന്നെ ഓർക്കുന്നുണ്ടോ, മിസ്സ് ചെയ്യുന്നുണ്ടോ, എന്നെങ്കിലും തിരിച്ചുവരുമോ എന്നീ ചോദ്യങ്ങൾ മാതാപിതാക്കളെ നിരന്തരം വേട്ടയാടും. ഓരോ പിറന്നാളും ആഘോഷങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലായി മാറുമെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുന്നോട്ട് ജീവിക്കാൻ ആഗ്രഹിക്കുമ്പോഴും, അങ്ങനെ ചെയ്യുന്നത് മകനെ ഉപേക്ഷിക്കുന്നതിന് തുല്യമാകുമോ എന്ന കുറ്റബോധം പല രക്ഷിതാക്കളെയും അലട്ടാറുണ്ട്. എന്നാൽ വേദനയെ അതിജീവിക്കുക എന്നതിനർത്ഥം കുട്ടിയോടുള്ള സ്‌നേഹം കുറയുന്നു എന്നല്ല, മറിച്ച് ആ വേദന ജീവിതത്തിന്റെ മറ്റ് മേഖലകളെ തകർക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ പഠിക്കുക എന്നതാണ്.
മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ നീണ്ടുനിൽക്കുമ്പോൾ, രണ്ട് പേരോടും സ്‌നേഹമുണ്ടെങ്കിൽ പോലും ഏതെങ്കിലും ഒരാളുടെ പക്ഷം ചേരാൻ കുട്ടികൾ നേരിട്ടോ അല്ലാതെയോ നിർബന്ധിതരായേക്കാം. ഇതവരിൽ ‘ലോയൽറ്റി കോൺഫ്‌ലിക്റ്റ്’ അതായത് കൂറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഉണ്ടാക്കും.
മറുപടിയില്ലാത്ത സന്ദേശങ്ങളും പ്രതീക്ഷയും
ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് സന്ദേശങ്ങൾ അയക്കുന്ന ധവാന്റെ പ്രവൃത്തി, വേർപിരിയൽ അനുഭവിക്കുന്ന പലരിലും കാണുന്ന ഒരു സ്വാഭാവിക വികാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരിടത്തും പ്രകടിപ്പിക്കാൻ കഴിയാത്ത സ്‌നേഹം പുറത്തുവിടാനും, ബന്ധം താൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനുമുള്ള ഒരു മാർഗമാണിത്.
എന്നാൽ, ഒരിക്കലും മറുപടി ലഭിക്കാത്ത സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നത് മാനസികമായി തളർത്തിയേക്കാം. അതിനാൽ കത്തുകൾ എഴുതി സൂക്ഷിക്കുന്നതും, പ്രാർത്ഥനകളിലൂടെയും പോസിറ്റീവ് ചിന്തകളിലൂടെയും മനസ്സിന് സമാധാനം കണ്ടെത്തുന്നതും നല്ലതാണ്. ഭാവിയിൽ എന്നെങ്കിലും മകനുമായി വീണ്ടും സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ, പഴയ ബന്ധം ഉടൻ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം, കുട്ടിയുടെ അനുഭവങ്ങളെ മനസ്സിലാക്കി ക്ഷമയോടെയും കരുതലോടെയും വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
Content Highlights: Experts discuss the emotional challenges parents face during separation, highlighting the struggle of maintaining hope and love despite blocked communication.
Published: 21 Nov 2026, 01:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented