മനീഷ് മൽഹോത്രയെ അറിയാത്തവരായി ഫാഷൻ ലോകത്ത് ആരുമുണ്ടാവില്ല. ഫാഷൻ പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടേറെ വസ്ത്രങ്ങൾ പലപ്പോഴായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, 58-ലും ചെറുപ്പമായി നിൽക്കുന്ന മനീഷിന്റെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയം. സംവിധായിക ഫറാ ഖാൻ്റെ യൂട്യൂബ് വ്ലോഗിൽ അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ ഈ വിഷയം ഉയർന്നുവരാൻ കാരണം.

To advertise here,

മനീഷിന്റെ ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ രാവിലെ 5.30-ന് എഴുന്നേൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'എഴുന്നേറ്റയുടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുകയും രണ്ട് ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യു. ഇതിനുശേഷം പ്രാർഥന. താത്പര്യമുള്ള ദിവസങ്ങളിൽ വ്യായാമം ചെയ്യും. അല്ലാത്ത ദിവസങ്ങളിൽ, കൂടുതൽ ചായ കുടിക്കുകയും കൂടുതൽ ചിന്തിക്കുകയും ചെയ്യും.' മനീഷ് പറഞ്ഞു.

രാവിലെ നേരത്തെ എഴുന്നേൽക്കാം

രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ബയോളജിക്കൽ ക്ലോക്ക് ക്രമീകരിക്കാനും ഊർജ്ജനില സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ കൂടുതൽ സമയവും രാവിലെ എഴുന്നേൽക്കുന്നതുകൊണ്ട് ലഭിക്കും.

തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്

തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുന്നത് രക്തചംക്രമണം വർധിപ്പിക്കും. ഇത് മുഖത്തെ വീക്കം കുറയ്ക്കാനും ചർമത്തിന് ഉണർവ് നൽകാനും സഹായിക്കുന്നു. ഈ ശീലം രാവിലെ നിങ്ങളുടെ മുഖത്തിന് കൂടുതൽ ഉന്മേഷം നൽകും.

വെള്ളം കുടിക്കുന്നത്

രാവിലെ ഉണർന്നയുടൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ചായ കുടിക്കാം

ചായ കുടിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ചർമത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളും ചായയിൽ അടങ്ങിയിട്ടുണ്ട്.

വ്യായാമം ചെയ്യാം

ശാരീരിക വ്യായാമം രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. വ്യായാമം കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.