കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ടെലിവിഷന്‍ താരവും വോയ്‌സ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിന്റേയും സീരിയല്‍ നടി ദിവ്യ ശ്രീധറിന്റേയും വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നു. 

To advertise here,

ക്രിസ് വേണുഗോപാലിന്റേയും ദിവ്യയുടേയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചര്‍ച്ച. ക്രിസ് വേണുഗോപാലിന്റെ വെള്ള നിറത്തിലുള്ള താടി കണ്ട് അദ്ദേഹത്തിന് 60 വയസ് പ്രായമുണ്ടെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു. ക്രിസ് വേണുഗോപാലിന്റെ ആദ്യ ഭാര്യ ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്റെ പേരില്‍നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും ക്രിസ് അവരെ വഞ്ചിച്ചുവെന്നും കഥകള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്രിസ് വേണുഗോപാല്‍. സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷത്തിനുശേഷമാണ് ദിവ്യയെ വിവാഹം ചെയ്തതെന്നും ക്രിസ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധമായിരുന്നു എനിക്ക് ആദ്യമുണ്ടായിരുന്നത്. എനിക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഇതോടെ ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വര്‍ഷം മുമ്പ് അവിടെ നിന്ന് തിരിച്ചു വരുന്നത്. 

2019-ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. 2022-ലാണ് വിധിയായത്. അത് കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് ജീവിതം പങ്കിടാന്‍ ഒരാള്‍ വേണമെന്ന് തോന്നിത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവര്‍ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്.

ഇതാണ് ക്രിസിന്റെ ഭാര്യ എന്നെല്ലാം പറഞ്ഞ് ചിലര്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാം കിട്ടും. ഞാന്‍ വിവാഹമോചിതനാണെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്. ഈ വീഡിയോ ഇടുന്ന ആളുകള്‍ക്ക് എന്നോട് ചോദിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമായി ഇടാമായിരുന്നല്ലോ. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് ഒരാളുടെ ജീവിതം കരി വാരി തേക്കണോ.-'ക്രിസ് വേണുഗോപാല്‍ അഭിമുഖത്തില്‍ പറയുന്നു. 

സീരിയല്‍ മേഖലയിലേക്ക് എത്തുന്നതിന് മുമ്പ് റേഡിയോ ജോക്കിയായിരുന്നു ക്രിസ് വേണുഗോപാല്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയ്‌സ് കോച്ചും ഹിപ്‌നോ തെറാപിസ്റ്റുമായും ക്രിസ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.