അ​ഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷ ചടങ്ങിനിടെ വികാരാധീനാകുന്ന സൂര്യയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധനേടിയിരുന്നു. ആവശ്യക്കാർക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ ജ്യോതിക, സൂര്യയുടെ സഹോദരനും നടനുമായ കാർത്തി, അച്ഛൻ ശിവകുമാർ എന്നിവർക്കൊപ്പം ഇപ്പോൾ മക്കളായ ദിയയും ദേവും പോക്കറ്റ് മണി നൽകി സംഭാവന ചെയ്യുന്നതായി കാർത്തി വേദിയിൽ വെളിപ്പെടുത്തിയിരുന്നു. 

To advertise here,

അഗരം ഫൗണ്ടേഷന്റെ ‘മാധം 300’ പദ്ധതിയിലൂടെ എല്ലാ മാസവും ദിയയും ദേവും തങ്ങളുടെ പോക്കറ്റ് മണി നൽകി വിദ്യാഭ്യാസത്തിന്  സഹായിക്കുന്നുണ്ടെന്ന് വാർഷികാഘോഷ ചടങ്ങിലാണ് കാർത്തി പറഞ്ഞത്. 'ഇക്കാര്യം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. മറ്റുള്ളവർക്ക് ഒരു കൈത്താങ്ങാവുക എന്ന കുടുംബത്തിൻ്റെ ശീലം അടുത്ത തലമുറയും പിന്തുടരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്'- കാർത്തി പറഞ്ഞു. 

ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ ജ്യോതികയുടെ പങ്കിനെയും കാർത്തി പ്രശംസിച്ചിരുന്നു. 'ഈ കുട്ടികൾക്ക് പഠിച്ച് ജീവിതത്തിൽ മുന്നേറാൻ കഴിഞ്ഞാൽ മതി എന്ന് അണ്ണൻ(സൂര്യ)പലപ്പോഴും പറയാറുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മൾ ഇത് പണം കൊണ്ടല്ല സ്നേഹം കൊണ്ടാണ് തുടങ്ങിയതെന്നും പണം പിന്നാലെ വരുമെന്നും അണ്ണി(ജ്യോതിക ) ഓർമിപ്പിക്കും. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ അണ്ണന് ഇത്രയും മുന്നോട്ട് പോകാനാവില്ലായിരുന്നു'- കാർത്തി പറഞ്ഞു. 

തമിഴ് വിദ്യാർഥികളുടെ പഠനത്തിലാണ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കോവിഡ് കാലത്ത് ആശുപത്രികൾക്ക് സഹായം നൽകുന്നതിന് ജ്യോതിക മുൻനിരയിൽ ഉണ്ടായിരുന്നുവെന്നും കാർത്തി ഓർമിക്കുന്നുണ്ട്. 

160 സീറ്റിൽ ആരംഭിച്ച കുട്ടികളുടെ പഠനം വർഷങ്ങൾക്കിപ്പുറം ആറായിരത്തിൽ എത്തിനിൽക്കുന്നുവെന്ന് സൂര്യ വാർഷികാഘോഷത്തിൽ പറഞ്ഞിരുന്നു. കമൽഹാസനായിരുന്നു വാർഷികച്ചടങ്ങിലെ മുഖ്യാതിഥി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ 2006 സെപ്റ്റംബർ 25-നാണ് അ​ഗരം ഫൗണ്ടേഷന് രൂപം കൊണ്ടത്.